tax-return


ന്യൂഡല്‍ഹി: 2019-2020 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി വീണ്ടും നീട്ടി. 2020 ഡിസംബര്‍ 31 വരെയാണ് സമയം നീട്ടിനല്‍കിയത്. നവംബര്‍ 30-നകം റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ഇതോടെ നികുതിദായകര്‍ക്ക് ഒരു മാസം കൂടി അധികസമയം ലഭിക്കും. കൊവിഡ് വ്യാപനം കണക്കിലെടുത്ത് നേരത്തെ പലതവണകളായി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം നീട്ടിനല്‍കിയിരുന്നു.

ഇതേ കാലയളവില്‍ അക്കൗണ്ട് ഓഡിറ്റ് ചെയ്യേണ്ടവര്‍ 2021 ജനുവരി 31ന് മുമ്പ് റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയാകും. 2019 ഏപ്രിലിനും 2020 മാര്‍ച്ചിനും ഇടയില്‍ സമ്പാദിച്ച വരുമാനത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനും, റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിയ്ക്കുന്നതിനും നികുതിദായകര്‍ക്ക് കൂടുതല്‍ സമയം ലഭിക്കും. കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പാണ് ഇത് സംബന്ധിച്ച പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.


സാധാരണ ജൂലായ് 31നാണ് റിട്ടേണ്‍ സമര്‍പ്പിയ്ക്കണ്ടത് എങ്കിലും കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് നികുതി ദായകര്‍ക്ക് അഞ്ചു മാസത്തെ അധിക സമയം അനുവദിച്ചിരിക്കുന്നത്. വ്യക്തിഗത നികുതിദായകര്‍ നല്‍കേണ്ട 2019-20 ലെ എല്ലാ ആദായ നികുതി റിട്ടേണുകളും സമര്‍പ്പിയ്ക്കണ്ട തീയതിയാണ് ഡിസംബറിലേയ്ക്ക് നീട്ടിയിരിക്കുന്നത്.

നികുതിദായകര്‍ക്ക് ഓണ്‍ലൈനായി തന്നെ റിട്ടേണും റിവൈസ്‌സ് റിട്ടേണും സമര്‍പ്പിയ്ക്കാന്‍ അവസരം ഉണ്ട്. ആദായനികുതി വകുപ്പിന്റെ വെബ്‌പോര്‍ട്ടല്‍ ആയ incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഐ.ടി.ആര്‍ റിട്ടേണ്‍ സമര്‍പ്പിയ്ക്കാം.