manusmrithi

ചെന്നൈ: മനുസ്മൃതി നിരോധിക്കണമെന്ന ആവശ്യത്തോടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ലോക്സഭാംഗത്തിനെതിരെ കേസെടുത്ത് പൊലീസ്. തമിഴ്‌നാട് ചിദംബരം എം.പിയും വിടുതലൈ ചിരുത്തൈഗൾ കട്ച്ചി നേതാവുമായ തോൽ തിരുമാളവനെതിരെയാണ് ബി.ജെ.പി നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സ്ത്രീകളെയും കീഴാള ജാതിക്കാരെയും അങ്ങേയറ്റം മോശമായി ചിത്രീകരിക്കുകയും അവർക്കെതിരെ വെറുപ്പ് പടർത്തുകയും ചെയ്യുന്നതാണ് മതഗ്രന്ഥമായ മനുസ്‌മൃതിയുടെ ഉള്ളടക്കമെന്നും തിരുമാളവൻ പറയുന്നു.

'സ്ത്രീകൾ അഭിസാരികകളാണെന്നാണ് മനുസ്മൃതി പറയുന്നത്. പ്രത്യേക ജാതിയിൽപ്പെട്ടവർക്ക് ജീവിക്കാൻ അവകാശമില്ലെന്നും അത് പറയുന്നു. ആ കാരണം കൊണ്ടാണ് അംബേദ്‌കർ അത് കത്തിച്ചത്. ഇപ്പോൾ അധികാരത്തിലിരിക്കുന്നവർ മനുസ്മൃതിക്കനുസരിച്ച് ഭരണഘടനയെ മാറ്റാനാണ് ശ്രമിക്കുന്നത്. ഇന്ത്യൻ ഭരഘടനയ്ക്ക് ചേരുന്ന രീതിയിലാണോ ഭരണം നടക്കുന്നത് എന്ന ചോദ്യം ഇവിടെ ഉയരുന്നത് അതുകൊണ്ടാണ്.' തിരുമാളവന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

ഇതേതുടർന്ന് ഏതാനും നാളുകളായി തമിഴ്‌നാട്ടിൽ വിവാദം പുകയുന്നുണ്ടായിരുന്നു. വി.സി.കെ നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിച്ചുകൊണ്ട് ബി.ജെ.പി നേതാവായ ഖുശ്‌ബു ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. മനുസ്മൃതിയിൽ സ്ത്രീകൾ അഭിസാരികകൾ ആണെന്ന് എവിടെയാണ പറഞ്ഞിട്ടുള്ളതെന്നും സ്ത്രീകളെ അപമാനിക്കുന്നതാണ് വി.സി.കെ നേതാവിന്റെ പ്രസ്താവനയെന്നും ഖുശ്‌ബു വിമർശിച്ചു.

അതേസമയം, തിരുമാളവനെ അനുകൂലിച്ചുകൊണ്ട് ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിൻ രംഗത്തെത്തി. തിരുമാളവനെതിരെ ആരോപണങ്ങളുയർത്തി ഡി.എം.കെ സഖ്യത്തെ തകർക്കാനുള്ള ഹിന്ദുത്വ അനുകൂലികളുടെയും മതഭ്രാന്തന്മാരുടെയും ശ്രമം വിജയിക്കില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്. തിരുമാളവനെതിരെയുള്ള കേസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.