ravishankar-prasad-

ശ്രീനഗർ : ജമ്മു കാശ്മീരിന്റെ പ്രത്യേകപദവി പുനഃസ്ഥാപിക്കണമെന്ന പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയുടെ ആവശ്യം തള്ളി കേന്ദ്രനിയമ വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ, ദേശീയ പതാക പിടിക്കുന്നതിനോ താത്‌പര്യമില്ലെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞിരുന്നു. ജമ്മു കാശ്മീരിനെ പഴയ നിലയിലേക്കു തന്നെ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രി നിലപാടു വ്യക്തമാക്കിയത്. കാശ്മീരിന്റെ പഴയ പതാക തിരികെ കൊണ്ടുവരണമെന്ന മെഹ്ബൂബയുടെ നിലപാട് പ്രത്യക്ഷമായി തന്നെ ദേശീയപതാകയെ ആക്ഷേപിക്കുന്നതാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് കൃത്യമായ ഭരണഘടനാ പ്രക്രിയയ്ക്കു ശേഷമാണ്. പാർലമെന്റിന്റെ രണ്ട് സഭകളും ഭൂരിപക്ഷത്തോടെ ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ചെറിയ പ്രശ്‌നങ്ങൾക്കു പോലും ബി.ജെ.പിയെ വിമർശിക്കുന്ന പ്രതിപക്ഷ പാർട്ടികൾ ദേശീയപതാകയോട് അനാദരവ് കാണിച്ച മെഹ്ബൂബയ്‌ക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം നടപടികൾ കാപട്യവും ഇരട്ടത്താപ്പുമാണെന്നും അദ്ദേഹം പറഞ്ഞു.