
ദുബായ്: കുറഞ്ഞ സ്കോറിന് പുറത്തായിട്ടും അവിശ്വസനീയമായി തിരിച്ചുവന്ന് പഞ്ചാബ് കിംഗ്സ് ഇലവൻ ഐ.പി.എല്ലിൽ പ്ലേ ഓഫ് സാദ്ധ്യത നിലനിറുത്തി. ജയിക്കാൻ 127 റണ്‍സ് വേണമായിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 114 റണ്‍സിന് ഓള്‍ ഔട്ടായി. അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന സണ്‍റൈസേഴ്‌സ് പഞ്ചാബ് ബൗളർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു.
ഇതോടെ തുടര്‍ച്ചായ നാലുമത്സരങ്ങള്‍ വിജയിച്ച് പഞ്ചാബ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. എന്നാല്‍ സണ്‍റൈസേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി. മൂന്നുവിക്കറ്റുകള്‍ വീഴ്ത്തി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച അര്‍ഷ്ദീപും ക്രിസ് ജോര്‍ദനുമാണ് സണ്‍റൈസേഴ്‌സിനെ തകർത്തത്. ഷമി, എം.അശ്വിന്‍, രവി ബിഷ്‌ണോയി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മികച്ച തുടക്കം ലഭിച്ചിട്ടും സണ്‍റൈസേഴ്‌സിന്റെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആ അവസരം പ്രയോജനപ്പെടുത്താനായില്ല. 35 റണ്‍സെടുത്ത നായകന്‍ ഡേവിഡ് വാര്‍ണറാണ് ടീമിന്റെ ടോപ് സ്‌കോറര്‍. നേരത്തെ പഞ്ചാബ് നിശ്ചിത ഓവറില്‍ എഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്. 32 റണ്‍സെടുത്ത നിക്കോളാസ് പൂരന്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. സണ്‍റൈസേഴ്‌സിനായി റാഷിദ് ഖാനും സന്ദീപ് ശര്‍മയും ജേസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.