
പാലക്കാട്: വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള പാലക്കാട് പോക്‌സോ കോടതിയുടെ വിധി വന്നിട്ട് ഇന്നേക്ക് ഒരു വർഷം. ഇപ്പോഴും നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾ. ഇന്ന് മുതൽ ഒരാഴ്ച വീടിന് മുന്നിൽ കുടുംബം സത്യാഗ്രഹമിരിക്കും.
2019 ഒക്ടോബറിലാണ് കേസിലെ അഞ്ച് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടത്. പ്രോസിക്യൂഷനും, അന്വേഷണ ഉദ്യോഗസ്ഥരും വീഴ്ച വരുത്തി പ്രതികളെ രക്ഷപെടുത്തിയതാണെന്ന ആരോപണം ഉയർന്നിരുന്നു.
പെൺകുട്ടികളുടെ മാതാപിതാക്കൾ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതിപ്പെട്ടിരുന്നു. ഏത് അന്വേഷണത്തിനും സർക്കാർ ഒപ്പമുണ്ടാകുമെന്ന ഉറപ്പ് അദ്ദേഹം നൽകിയിട്ടുണ്ട്. പോക്‌സോ കോടതി വിധി റദ്ദാക്കണമെന്ന സർക്കാർ അപ്പീലിൽ ഹൈക്കോടതിയിൽ അടുത്തയാഴ്ച വാദം തുടങ്ങും.