covid

തിരുവനന്തപുരം: ഡയാലിസിസ് സെന്ററുകളിലും അർബുദ ചികിത്സാ കേന്ദ്രങ്ങളിലും അണുബാധ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം.ഡയാലിലിസ് ചെയ്യുന്നവരിലും അർബുദ രോഗികളിലും കൊവിഡ് മൂലമുളള മരണനിരക്ക് കൂടുതലാണെന്ന് നിഗമനത്തെത്തുടർന്നാണ് ആരോഗ്യവകുപ്പ് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. കാെവിഡ് മൂലം മരിച്ചവരിൽ കൂടുതൽപേർക്കും പ്രമേഹവും രക്തസമ്മർദ്ദവും ബാധിച്ചിരുന്നുവെന്ന് ഓഗസ്റ്റിലെ കൊവിഡ് മരണങ്ങൾ അവലോകം ചെയ്യുന്ന റിപ്പോർട്ടിൽ സൂചന ഉണ്ടായിരുന്നു.

ഓഗസ്റ്റ് മാസത്തിൽ ആകെയുണ്ടായ 252 മരണങ്ങളിൽ 223 ഉം കൊവിഡ് മൂലമായിരുന്നു. ഇതിൽ ഭൂരിഭാഗവും കൊവിഡിനൊപ്പം മറ്റ് അസുഖങ്ങളും കൂടി ഉണ്ടായിരുന്നവരാണ്. 120പേർ കടുത്ത പ്രേമേഹബാധിതരായിരുന്നു. ഇതിനൊപ്പം കടുത്ത രക്തസമ്മർദ്ദവും, ഹൃദയസംബന്ധമായ പ്രശ്നങ്ങളും,വൃക്കരോഗവുമൊക്കെ ഉളളവരും മരണത്തിന് കീഴടങ്ങി. ഓഗസ്റ്റിൽ മരിച്ചവരിൽ 15പേർ അർബുദ രോഗികളായിരുന്നു. ചികിത്സാ കേന്ദ്രങ്ങളിൽ നിന്നാകാം ഇവർക്ക് അനുബാധ ഉണ്ടായതെന്നാണ് കരുതുന്നത്. അതിനാലാണ് ഇത്തരക്കാർ ചികിത്സയ്ക്കെത്തുന്ന കേന്ദ്രങ്ങൾ അണുബാധാ മുക്തമാക്കണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം പുറപ്പെടുവിച്ചത്.

ഓഗസ്റ്റ് മാസത്തിൽ കൊവിഡ് മൂലം കേരളത്തിൽ മരിച്ചവരിൽ കൂടുതലും പുരുഷന്മാരാണെന്നും അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കൂടുതൽ മരണങ്ങൾ ഉണ്ടായത് കൊല്ലം ജില്ലയിലാണ്. മുപ്പത്തിനാലുപേരാണ് ജില്ലയിൽ മരിച്ചത്. 31മരണവുമായി തലസ്ഥാനജില്ലയാണ് തൊട്ടുപിന്നിൽ

അതേസമയം ഇന്നലെ 8253 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്ത്. ഇതോടെ ആകെ മരണം 1306 ആയി. ഒരു ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവുണ്ടാവുകയും ചെയ്തു. 909 പേർക്കാണ് ഇന്നലെ തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണ്. 1170 പേർക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിലും ഇന്നലെ രോഗികളുടെ എണ്ണം ആയിരം കടന്നു. 1086 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.