
ഫിലാഡൽഫിയ: അമേരിക്കൻ സൈനികരെ വധിക്കാൻ ശ്രമിക്കുന്ന തീവ്രവാദികൾക്ക് അഭയം നൽകുന്ന പാകിസ്ഥാന് സൈനിക സഹായം നൽകുന്നത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവസാനിപ്പിച്ചതായി റിപ്പബ്ലിക്കൻ പാർട്ടിയംഗമായ ഇന്ത്യൻ വംശജ നിക്കി ഹേലി. ഫിലാഡൽഫിയയിൽ ഇന്ത്യൻ വോയ്സ് ഫോർ ട്രംപ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു നിക്കി.
സൗത്ത് കരോലിനയിലെ രണ്ടുതവണ ഗവർണറായിരുന്ന ഹേലി, യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിന് വേണ്ടി പ്രചാരണം നടത്തുകയാണ് ഇപ്പോൾ.ട്രംപിന്റെ വിദേശ നയങ്ങളെ നിക്കി പ്രശംസിച്ചു.
'നമ്മുടെ സൈനികരെ വധിക്കാൻ ശ്രമിക്കുന്ന തീവ്രവാദികൾക്ക് അഭയം നൽകുന്ന രാജ്യമായ പാകിസ്ഥാന് ഒരു ബില്യൺ ഡോളർ നമ്മൾ സൈനിക സഹായം നൽകാറുണ്ടായിരുന്നു. എന്നാൽ ട്രംപ് അത് നിർത്തലാക്കി. ഇപ്പോൾ പ്രസിഡന്റ് ഉപയോഗിക്കുന്ന ഒരു രീതിയുണ്ട്. ആർക്കാണ് ധനസഹായം നൽകേണ്ടതെന്ന് തീരുമാനിക്കാൻ യുഎൻ വോട്ട് മാത്രം ആശ്രയിക്കരുത്. പക്ഷേ അതും നമ്മൾ ശ്രദ്ധിക്കണം. '-അവർ പറഞ്ഞു.
പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഇതിന് മുമ്പും പലതവണ യു.എസ് അരോപിച്ചിരുന്നു. തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുന്നതിൽ പാക് സർക്കാർ പരാജയപ്പെട്ടതിനെ തുടർന്ന് ട്രംപ് ഭരണകൂടം ഇസ്ലാമാബാദിന് 300 മില്യൺ യു.എസ് ഡോളർ ധനസഹായം നൽകുന്നത് നിർത്തിവച്ചിരുന്നു.