
നാഗ്പൂർ: സന്നദ്ധപ്രവർത്തകർക്ക് വിജയദശമി ആശംസ നേർന്ന് രാഷ്ട്രീയ സ്വയംസേവക സംഘം (ആർ.എസ്.എസ്) മേധാവി മോഹൻ ഭാഗവത്. നാഗ്പൂർ മഹാനഗർ സംഘചാലക് രേഷിംബാഗ് മൈതാനത്ത് നിന്നാണ് അദ്ദേഹം വിജയ ദശമി ഉത്സവ സന്ദേശം നൽകിയത്.പരിപാടി ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ തത്സമയം സംപ്രേക്ഷണം ചെയ്തു.
സർക്കാരിന്റെ കൊവിഡ് മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് പരിപാടി നടക്കുമെന്ന് ആർ.എസ്.എസിന്റെ നാഗ്പൂർ മഹാനഗർ സംഘചാലക് രജേഷ് ലോയ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ചൈനയെ നേരിടാൻ ഇന്ത്യ തയ്യാറായിരിക്കണമെന്നും, ശത്രുവിന്റെ മുന്നിൽ ശക്തി കാണിക്കണമെന്നും പ്രസംഗത്തിനിടെ മോഹൻ ഭാഗവത് പറഞ്ഞു. അതോടൊപ്പം ലോകരാജ്യങ്ങളോടും അയൽരാജ്യങ്ങളോടുമുള്ള ബന്ധം കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസംഗത്തിനിടെ സി.എ.എ വിരുദ്ധ പ്രതിഷേധങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
'സമരം രാജ്യത്ത് സൃഷ്ടിച്ച കോലാഹളങ്ങൾക്ക് നമ്മൾ സാക്ഷ്യം വഹിച്ചു. ഇതിനെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യുന്നതിന് മുമ്പ് തന്നെ ഈ വർഷം കൊവിഡ് ശ്രദ്ധ മാറ്റി. അതിനാൽത്തന്നെ ചിലരുടെ മനസിലുള്ള വർഗീയ ജ്വാല അവരുടെ മനസിൽ മാത്രം ഒതുങ്ങി നിന്നു. കൊവിഡ് മറ്റെല്ലാ വിഷയങ്ങളെയും മറികടന്നു.
ഏതെങ്കിലും പ്രത്യേക മത സമൂഹത്തെ സി.എ.എ എതിർക്കുന്നില്ല. എന്നിട്ടും കുറച്ചുപേർ ഈ നിയമത്തിനെതിരെ പ്രതിഷേധിക്കുകയും, മുസ്ലിം ജനങ്ങളെ നിയന്ത്രിക്കുന്നതിനാണ് ഈ നിയമം കൊണ്ടുവന്നതെന്ന തെറ്റായ പ്രചാരണത്തിലൂടെ നമ്മുടെ മുസ്ലിം സഹോദരങ്ങളെ വഴിതെറ്റിക്കുകയും ചെയ്തു. അതിനാൽ ഇതുമൂലം കൂടുതൽ പ്രതിഷേധമുണ്ടായി.'- അദ്ദേഹം പറഞ്ഞു.