
എൽ ക്ളാസിക്കോയിൽ ബാഴ്സലോണയെ 3-1ന് തകർത്ത് റയൽ മാഡ്രിഡ്
ബാഴ്സലോണ : ചിരവൈരികളെ അവരുടെ തട്ടകത്തിൽ ചെന്ന് തച്ചുതകർത്ത് റയൽ മാഡ്രിഡിന്റെ എൽ ക്ളാസിക്കോ വിജയം. കഴിഞ്ഞ ദിവസം നടന്ന ലാ ലിഗയിലെ എൽ ക്ളാസിക്കോ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സിനദിൻ സിദാൻ പരിശീലിപ്പിക്കുന്ന സെർജിയോ റാമോസും കൂട്ടരും മെസിപ്പടയ്ക്കെതിരെ നേടിയ വിജയം. കഴിഞ്ഞ വാരം ലാ ലിഗയിൽ ഗെറ്റാഫായോടും ചാമ്പ്യൻസ് ലീഗിൽ ഷാക്തർ ഡോണെസ്കിനോടും തോറ്റിരുന്ന റയലിന് അഭിമാനപ്പോരാട്ടത്തിലെ വിജയം ആവേശം പകരുന്നതായി. അതേസമയം ബാഴ്സലോണ കോച്ചായി സ്ഥാനമേറ്റശേഷമുള്ള ആദ്യ എൽ ക്ളാസിക്കോയിൽ തോൽക്കേണ്ടിവന്നത് റൊണാൾഡ് കൂമാന് വലിയ നാണക്കേടായി.
രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി ഗോളാക്കുകയും ടീമിന് മുഴുവൻ ഉണർവ് പകരുകയും ചെയ്ത നായകൻ സെർജിയോ റാമോസാണ് റയലിന്റെ വിജയത്തിൽ പ്രധാനപങ്കുവഹിച്ചത്. ബാഴ്സലോണയുടെ തട്ടകമായ ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിന്റെ അഞ്ചാം മിനിട്ടിൽ വെൽവെർദെയിലൂടെ റയൽ മുന്നിലെത്തിയെങ്കിലും എട്ടാം മിനിട്ടിൽ യുവതാരം അൻസു ഫാറ്റി കളി സമനിലയാക്കി.ബാഴ്സ ബോക്സിനുള്ളിൽ വച്ച് ക്ളെമെന്റ് ലെൻഗ്ളെറ്റ് തന്നെ ജഴ്സിയിൽ പിടിച്ച് വലിച്ചിട്ടതിന് വീഡിയോ റഫറിയുടെ സഹായത്തോടെ ലഭിച്ച പെനാൽറ്റിയാണ് റാമോസ് ഗോളാക്കി മാറ്റിയത്.90-ാം മിനിട്ടിൽ ലൂക്കാ മൊഡ്രിച്ചാണ് റയലിന്റെ മൂന്നാം ഗോൾ നേടിയത്.
എൽ ക്ളാസിക്കോയിൽ റയലിന്റെ തുടർച്ചയായ രണ്ടാം ജയമായിരുന്നു ഇത്. ഒരു വ്യാഴവട്ടക്കാലത്തിന് മുമ്പാണ് അവസാനമായി റയൽ രണ്ട് എൽ ക്ളാസിക്കോകൾ അടുപ്പിച്ച് വിജയിച്ചത്.
45
റാമോസിന്റെ 45-ാമത്തെ എൽ ക്ളാസിക്കോ മത്സരമായിരുന്നു ഇത്.ഏറ്റവും കൂടുതൽ എൽക്ളാസിക്കോ കളിച്ച താരവും റാമോസ് തന്നെ. കഴിഞ്ഞ മത്സരങ്ങളിൽ പകരക്കാരനായിറങ്ങേണ്ടിവന്ന റാമോസിന്റെ ഫസ്റ്റ് ഇലവനിലേക്കുള്ള തിരിച്ചുവരവ് മത്സരമായിരുന്നു ഇത്.
ക്യാമ്പ് നൗവിൽ നടന്ന ആറ് എൽ ക്ളാസിക്കോകളിൽ ബാഴ്സലോണയ്ക്ക് ഒരേയൊരെണ്ണത്തിൽ മാത്രമാണ് വിജയം നേടാനായത്.
ഈ വിജയത്തോടെ ആറ് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി റയൽ മാഡ്രിഡ് ലാ ലിഗയിലെ ഒന്നാം സ്ഥാനത്തേക്ക് തിരിയെത്തി. റയൽ ബെറ്റിസിനെ 2-0ത്തിന് തോൽപ്പിച്ച അത്‌ലറ്റിക്കോ മാഡ്രിഡ് 11 പോയിന്റുമായി രണ്ടാമതുണ്ട്. സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിൽ ബാഴ്സലോണയുടെ രണ്ടാം തോൽവിയാണിത്. ഏഴുപോയിന്റുമായി ബാഴ്സലോണ 12-ാം സ്ഥാനത്തേക്ക് താഴ്ന്നു.
ക്ളാസിക്കൽ കളിതിരിവുകൾ
1. കളിയുടെ തുടക്കത്തിൽ കൗമാരക്കാരൻ അൻസു ഫാറ്റിയെ സെൻട്രൽ പൊസിഷനിൽ നിയോഗിച്ച ബാഴ്സ കോച്ച് കൂമാന്റെ തന്ത്രം റയലിന് ആശയക്കുഴപ്പമുണ്ടാക്കി. ആദ്യ ഗോൾ തിരിച്ചടിക്കാൻ ബാഴ്സയ്ക്ക് കഴിഞ്ഞത് ഫാറ്റിയും മെസിയും ആൽബയും ചേർന്ന കൂട്ടുകെട്ടിൽ നിന്നാണ്.
2.എന്നാൽ പിന്നീട് പതിവുപോലെ ബാഴ്സയുടെ കളി മെസിയെ കേന്ദ്രീകരിച്ചായി. അപ്പോൾ മയൽ പ്രതിരോധത്തിലേക്ക് മാറി.അതിനാലാണ് ആദ്യ പകുതിയിൽ സ്കോർ ബോർഡ് പിന്നീട് ചലിക്കാതിരുന്നത്.
3. മെസിയെ പ്രതിരോധിക്കുന്നതിൽ കാസിമെറോ കാട്ടിയ ആത്മാർപ്പണമാണ് റയലിന് കരുത്തായത്. തന്റെ സ്വാഭാവിക പ്രഹരശേഷിയിലേക്ക് ഉയരാനോ അവസരങ്ങൾ സൃഷ്ടിക്കാനോ മെസിക്ക് കഴിഞ്ഞില്ല.
4.ആർക്കും ജയിക്കാനാകുമായിരുന്ന എൽ ക്ളാസിക്കോ റയലിന്റേതായി മാറിയത് 'വാർ 'വിധിച്ച രണ്ടാം പകുതിയിലെ പെനാൽറ്റിയാണ്. അനാവശ്യമായ ലെൻഗ്ളെറ്റിന്റെ ഫൗൾ കളിയുടെ ഗതിമാറ്റിക്കളഞ്ഞു.
5. ലീഡ് വഴങ്ങിയശേഷം തിരിച്ചടിക്കാൻ ബാഴ്സ നടത്തിയ ശ്രമങ്ങളെ നിർവീര്യമാക്കാൻ റയൽ കാട്ടിയ മിടുക്കും കിട്ടിയ അവസരത്തിൽ മൊഡ്രിച്ച് നേടിയ ഗോളും അവർക്ക് അവിസ്മരണീയ വിജയം നൽകി.