trump

വാഷിംഗ്ടൺ: ഇന്ത്യയുടെ വായു മലിനമാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനത്തിനെതിരെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡൻ രംഗത്തെത്തി. സുഹൃത്തുക്കളെക്കുറിച്ച് ഇങ്ങനെയല്ല പ്രതികരിക്കേണ്ടിയിരുന്നതെന്നും ആഗോളപ്രശ്നങ്ങളെക്കുറിച്ച് ട്രംപിന് വലിയ ധാരണ ഇല്ലെന്നുമായിരുന്നു ട്വിറ്ററിലൂടെയുളള ബൈഡന്റെ പ്രതികരണം. ഇന്ത്യ- അമേരിക്ക സൗഹൃദത്തിന് കൂടുതൽ ശോഭനമായ ഭാവിയുണ്ടെന്ന ലേഖനം പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താൻ അധികാരത്തിൽ എത്തിയാൽ പാരീസ് ഉടമ്പടിയിൽ വീണ്ടും ചേരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അവസാനവട്ട സംവാദത്തിലാണ് ഇന്ത്യയെ ട്രംപ് വിമർശിച്ചത്. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് അമേരിക്ക പിൻവാങ്ങിയതിനെ ന്യായീകരിച്ചുകൊണ്ട് സംസാരിക്കവെ ഇന്ത്യയും ചൈനയും വായുമലിനീകരണം ഇല്ലാതാക്കാൻ ഒന്നും ചെയ്യുന്നില്ലെന്നും ഇന്ത്യയുടെയും ചൈനയുടെയും വായു മലിനമാണെന്നും ട്രംപ് പറഞ്ഞത്.

ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നല്ല സുഹൃത്തുക്കളാണെന്നാണ് ട്രംപ് എപ്പോഴും പറഞ്ഞിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജയായ കമലാ ഹാരിസ് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായതോടെയാണ് ഇന്ത്യയെ വിമർശിച്ച് തുടങ്ങിയത്. ഇന്ത്യൻ വംശജരുടെ വോട്ടുകളിൽ ലക്ഷ്യംവച്ചാണ് ട്രംപ് മോദിയെയും ഇന്ത്യയെയും പുകഴ്ത്തിയിരുന്നതെന്നും ഇന്ത്യക്കാരുടെ വോട്ട് കിട്ടില്ലെന്നായപ്പോഴാണ് ഇന്ത്യയെ വിമർശിക്കുന്നതെന്നുമാണ് എതിരാളികൾ പറയുന്നത്.