
തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത്
ശതമാനം സംവരണം നൽകുന്നതിന് പട്ടിക ജാതി-പട്ടിക വർഗ്ഗ,പിന്നാക്ക വിഭാഗങ്ങൾക്കുള്ള 50 ശതമാനം സംവരണത്തിലും കൈവച്ചു. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖലാ ബാങ്കുകളിലേയ്ക്കുള്ള നിയമനങ്ങളിലാണ് കവർച്ച.പിന്നാക്ക, പട്ടിക വിഭാഗങ്ങൾക്ക് നിലവിൽ 49.5 ശതമാനം സംവരണമുണ്ട്. ഇതിലെ 9.5 ശതമാനം ഉൾപ്പെടെ പത്തു ശതമാനം ഇനി മുന്നാക്കവിഭാഗങ്ങൾക്കാണെന്ന് റിക്രൂട്ട്മെന്റ് ബോർഡിന്റെ (ഐ.ബി.പി.എസ്) വിജ്ഞാപനത്തിൽ പറയുന്നു. ആറു ശതമാനം പിന്നാക്കക്കാരുടെയും രണ്ടു ശതമാനം പട്ടിക ജാതിക്കാരുടെയും 1.5 ശതമാനം പട്ടിക വിഭാഗക്കാരുടെയും വിഹിതത്തിൽ നിന്നാണ് കവരുന്നത്.നിയമനങ്ങളിലും വിദ്യാർത്ഥി പ്രവേശനത്തിലും മൊത്തം സംവരണം 50 ശതമാനം കവിയരുതെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. മുന്നാക്കക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണത്തിനായി നരേന്ദ്രമോദി സർക്കാർ പാർലമെന്റിൽ ഭരണഘടനാ ഭേദഗതി പാസാക്കി ഉത്തരവിറക്കിയപ്പോൾ മൊത്തം സംവരണം 50 ശതമാനം കവിയുമെന്ന് വ്യവസ്ഥ ചെയ്തില്ല.സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതിക്കെതിരായ ഹർജികളിൽ കഴമ്പുണ്ടെന്ന് കണ്ട സുപ്രീംകോടതി,വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. പിന്നാക്ക,പട്ടിക വിഭാഗങ്ങൾക്ക് 50 ശതമാനം സംവരണം അതേപടി തുടരുമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. നിയമക്കുരുക്കുകൾ മറികടക്കാനാണ് പിന്നാക്ക-പട്ടിക വിഭാഗക്കാരുടെ സംവരണം തട്ടിയെടുക്കുന്നത്.
നിലവിലെ സംവരണം
(വിഭാഗം, സംവരണം,നഷ്ടപ്പെടുന്നത്,ശേഷിക്കുന്നത് എന്ന ക്രമത്തിൽ )
പിന്നാക്കക്കാർ: .....27...... 6 ...........21
പട്ടിക ജാതി: 15............ 2 ...........13
പട്ടിക വർഗ്ഗം: 7.5............... 1.5............. 6
ആകെ: 49.5................... 9.5.................... 40
ദേവസ്വം ബോർഡിനെ മാതൃകയാക്കി ബാങ്ക്
മുന്നാക്കക്കാർക്കായി പിന്നാക്ക,പട്ടിക വിഭാക്കാരുടെ സംവരണം കവരുന്നതിന് മാതൃകയാക്കിയത് കേരളത്തിലെ ദേവസ്വം ബോർഡ് നിയമനങ്ങളിൽ സർക്കാർ നടപ്പാക്കിയ മാതൃക.ദേവസ്വം ബോർഡുകളിൽ ഹിന്ദു സംവരണ സമുദായങ്ങൾക്കുള്ള 32 ശതമാനം അവർക്കായി മാറ്റിവച്ചു. 50 ശതമാനം സംവരണത്തിൽ ശേഷിച്ച 18 ശതമാനം ഹിന്ദു ഇതരസമുദായങ്ങൾക്ക്നൽകാനാകാത്തതിനാൽ തങ്ങൾക്ക് വീതിച്ചു നൽകണമെന്ന് ഈ സമുദായങ്ങൾ ആവശ്യപ്പെട്ടെങ്കിലും, സർക്കാർ വീതിച്ചത് 8 ശതമാനം മാത്രം. അവശേഷിച്ച പത്ത് ശതമാനം മുന്നാക്ക സംവരണത്തിലാക്കി. ചെയ്തത് പ്രത്യേക ബോർഡാണെന്നാണ് സർക്കാരിന്റെ വാദം. ബാങ്കിന്റെ കാര്യത്തിലും ഇതേ വാദമാണ് നിരത്തുന്നത്.