epl-chelsea-manchester

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ ദിവസം നടന്ന കരുത്തന്മാരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.മാഞ്ചസ്റ്ററിന്റെ തട്ടകമായ ഓൾഡ് ട്രഫോൾഡിൽ നടന്ന മത്സരത്തിൽ ചെൽസി പുറത്തെടുത്ത മികച്ച പ്രതിരോധതന്ത്രങ്ങളാണ് വിധിനിർണായകമായത്. ഈ സീസണിൽ പാരീസ് എസ്.ജിയിൽ നിന്ന് എത്തിയ വെറ്ററൻ സ്ട്രൈക്കർ എഡിൻസൺ കവാനി മാഞ്ചസ്റ്ററിന്റെ കുപ്പായത്തിൽ പകരക്കാരനായി അരങ്ങേറിയ ആദ്യ ടച്ചിൽത്തന്നെ ഗോളടിക്കാൻ അവസരം ലഭിച്ചത് പാഴായിപ്പോയത് ആതിഥേയർക്ക് തിരിച്ചടിയായി.

സീസണിലെ ആദ്യ മൂന്ന് ഹോം മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയിക്കാൻ കഴിയാതിരിക്കുന്നത് ആദ്യമാണ്. കഴിഞ്ഞ സീസണിൽ മൂന്നാമതെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ അഞ്ചു കളികളിൽ രണ്ടു വീതം ജയവും തോൽവിയും ഒരു സമനിലയുമായി 15-ാം സ്ഥാനത്താണ്. ചെൽസി ആറ് കളികളിൽ ഒൻപത് പോയിന്റുമായി ആറാമതുണ്ട്.

മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ 2-0ത്തിന് ഷെഫീൽഡ് യുണൈറ്റഡിനെ കീഴടക്കി. 41,64 മിനിട്ടുകളിലായി റോബർട്ടോ ഫിർമിനോയും ഡീഗോ ജോട്ടയുമാണ് ഗോളുകൾ നേടിയത്. ആറ് കളികളിൽ 13 പോയിന്റായ ലിവർപൂൾ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ സീസണിലെ റണ്ണർ അപ്പുകളായ മാഞ്ചസ്റ്റർ സിറ്റിയെ കഴിഞ്ഞ രാത്രി വെസ്റ്റ്ഹാം 1-1ന് സമനിലയിൽ തളച്ചു. 18-ാം മിനിട്ടിൽ അന്റോണിയോയിലൂടെ മുന്നിലെത്തിയിരുന്ന വെസ്റ്റ് ഹാമിനെ 51-ാം മിനിട്ടിലെ ഫോഡന്റെ ഗോളിലൂടെയാണ് സിറ്റി തളച്ചത്. അഞ്ച് കളികളിൽ 8 പോയിന്റുമായി സിറ്റി 12-ാം സ്ഥാനത്താണ്.