
ദുബായ് : ആദ്യഘട്ടത്തിലെ തുടർ പരാജയങ്ങൾക്ക് ശേഷം തുടർച്ചയായ നാലാം വിജയം നേടിയ പഞ്ചാബ് കിംഗ്സ് ഇലവൻ പ്ളേഓഫ് പ്രതീക്ഷകൾ പുനരുജ്ജീവിപ്പിക്കുന്നു. ഈ സീസണിലെ ഏറ്റവും കുറഞ്ഞ സ്കോർ പ്രതിരോധിച്ചാണ് പഞ്ചാബ് ശനിയാഴ്ച രാത്രി സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കിയത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 126/7 എന്ന സ്കോറേ നേടാനായിരുന്നുള്ളൂ.രണ്ട് വിക്കറ്റ് വീതം നേടിയ റാഷിദ് ഖാനും സന്ദീപ് ശർമ്മയും ഹോൾഡറും ചേർന്നാണ് പഞ്ചാബിനെ നിയന്ത്രിച്ചു നിറുത്തിയത്. മറുപടിക്കിറങ്ങിയ ഹൈദരാബാദ് ഒരു ഘട്ടത്തിൽ 99/3 എന്ന നിലയിലായിരുന്നു. എന്നാൽ കഴിഞ്ഞകളി വിജയിപ്പിച്ച മനീഷ് പാണ്ഡെ(15), വിജയ് ശങ്കർ (26) എന്നിവർ പുറത്തായ ശേഷമുണ്ടായ കൂട്ടപ്പൊഴിച്ചിൽ ഹൈദരാബാദ് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി.14 റൺസിനിടെയാണ് ഏഴ് വിക്കറ്റുകൾ നഷ്ടമായത്. പഞ്ചാബിനായി അർഷദീപ് സിംഗും ക്രിസ് യോർദാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.നാലോവറിൽ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ യോർദാനാണ് മാൻ ഒഫ് ദ മാച്ച്.
ഇതോടെ പഞ്ചാബിന് 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്റായി. ഹൈദരാബാദിന് എട്ടുപോയിന്റേയുള്ളൂ.