
പാരിസ്: അന്യമതത്തിൽപ്പെട്ടയാളെ പ്രണയിച്ചതിന്റ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ തല മൊട്ടയടിച്ച കുടുംബത്തെ ഫ്രാൻസിൽ നിന്ന് നാടുകടത്തി. പെൺകുട്ടിയുടെ മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളേയുമാണ് നാടുകടത്താൻ കോടതി ഉത്തരവിട്ടത്.
മുസ്ലീം മതവിഭാഗത്തിൽപ്പെട്ട പതിനേഴുകാരി ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ഇരുപതുവയസുകാരനുമായി പ്രണയത്തിലായിരുന്നു. ബന്ധം വീട്ടുകാർ ശക്തമായി എതിർത്തതോടെ കമിതാക്കൾ ഒളിച്ചൊടിയിരുന്നു. പിന്നീട് തിരിച്ചെത്തുകയും ചെയ്തു. ഇതിന് പിന്നാലെ പെൺകുട്ടിയെ ബന്ധുക്കൾ മർദ്ദിക്കുകയും, തല മൊട്ടയടിക്കുകയും, മുറിയിൽ പൂട്ടിയിടുകയും ചെയ്തു.
കാമുകന്റെ വീട്ടുകാർ പരാതി നൽകിയതോടെ പൊലീസ് എത്തി അവശയായ പെൺകുട്ടിയെ രക്ഷിച്ച്, ആശുപത്രിയിലേക്ക് മാറ്റി. പതിനേഴുകാരിയുടെ ശരീരത്തിൽ നിരവധി മുറിവുകളുമുണ്ട്, കൂടാതെ വാരിയെല്ലിന് പൊട്ടലും ഉണ്ടെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളേയും അടുത്ത ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അടുത്ത ബന്ധുക്കളാണെന്ന് പെൺകുട്ടി അറിയിച്ചതിനെത്തുടർന്ന കുടുംബാംഗങ്ങളുടെ ജയിൽ ശിക്ഷ ഒഴിവാക്കി. എന്നാൽ അഞ്ച് വർഷത്തേക്ക് ഫ്രഞ്ച്‌മേഖലയിൽ നിന്ന് മാറി നിൽക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. പെൺകുട്ടിയെ ഫ്രാൻസിലെ സാമൂഹ്യസംഘടനകൾ സംരക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.