assem
ആസിം സ്കൂളി​നു മുന്നി​ൽ

അംഗപരിമിതികൾ ഉള്ളതിനാൽ താൻ പഠിച്ച കോഴിക്കോട് ഓമശേരി വെളിമണ്ണ ഗവ.യു.പി സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത മുഹമ്മദ് ആസിമിനെ ഓർമ്മയുണ്ടോ ? രണ്ടു കൈകളുമില്ലാത്ത, കാലിനും വൈകല്യമുള്ള ആസിമിന് നടക്കാൻ കഴിയില്ല. പഠിക്കാൻ മിടുക്കനായ ആസിമിന്റെ അപേക്ഷ പരിഗണിച്ച് ഉമ്മൻചാണ്ടി സർക്കാർ എൽ.പി സ്കൂൾ യു.പിയായി അപ് ഗ്രേഡ് ചെയ്തിരുന്നു. എന്നാൽ യു.പി. ഹൈസ്കൂൾ ആക്കണമെന്ന അപേക്ഷ പിണറായി സർക്കാർ അംഗീകരിച്ചില്ല. അനുകൂല വിധി ഹൈക്കോടതിയിൽ നിന്നുണ്ടായെങ്കിലും സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോവുകയായിരുന്നു. ഗത്യന്തരമില്ലാതെ ആസിം സ്കൂൾ പഠനം നിറുത്തി. ഇപ്പോൾ വീട്ടിലിരുന്ന് പഠിക്കുകയാണ്. വെളിമണ്ണ മുതൽ തിരുവനന്തപുരം വരെ വീൽചെയറിൽ സഹനസമരയാത്ര നടത്തിയെങ്കിലും ഒരു പ്രദേശത്തിനാകെ ഗുണകരമാകുമായിരുന്ന ആവശ്യം സർക്കാർ അനുവദിച്ചില്ല. ആസിമിന്റെ കണ്ണീർ കണ്ടതുമില്ല.

ഇവിടെ മകൾ നന്ദയ്ക്കു വേണ്ടി പോരാട്ടം നടത്തുന്ന രമ എന്ന അമ്മയുടെ ( പേരുകൾ യഥാർത്ഥമല്ല ) അനുഭവമാണ് പറയുന്നത്. സ്കൂളുകളിലും കോളേജുകളിലും ലിഫ്റ്റ് സ്ഥാപിയ്ക്കണമെന്നാണ് രമയുടെ അപേക്ഷ. കോളേജിൽ ലിഫ്റ്റില്ലാത്തതിനാൽ വൈകല്യമുള്ള മകൾക്ക് ഡിഗ്രിക്ക് ഇഷ്ടവിഷയമായ ഫിസിക്സ് പഠിക്കാൻ കഴിയാതെ പോയ വേദനയിൽ നിന്ന് രോഷം കൊണ്ട് ആ അമ്മ ചോദിക്കുന്നു. "പടിക്കെട്ട് കയറാൻ ബുദ്ധിമുട്ടുള്ള കുട്ടികൾ സയൻസ് പഠിക്കണ്ടേ?"

പഠിക്കാൻ വളരെ മിടുക്കിയാണ് നന്ദ. ഒമ്പതിൽ പഠിക്കുമ്പോൾ കൈയ്ക്ക് വിട്ടുമാറാത്ത വേദന വന്നു. ഡോക്ടർമാരെ പലരെയും കണ്ടു. കുറവുണ്ടായില്ല. വേദന നടുവിനും കാലുകളിലും വ്യാപിച്ചു . ശ്രീചിത്രയിലും വെല്ലൂരിലുമൊക്കെ കൊണ്ടുപോയി. ചലനശേഷിയെ ബാധിക്കുന്ന അസുഖം. ശാശ്വതമായ പരിഹാരമില്ല.ഒമ്പതും പത്തും ക്ളാസുകൾ തള്ളിനീക്കി. പ്ളസ് വണ്ണിന് നഗരത്തിലെ പ്രമുഖ അൺ എ‌യ്‌ഡഡ് സ്കൂളിൽ ചേർത്തു. ലാബ് നാലാമത്തെ നിലയിലുള്ള റൂഫ് ടോപ്പിൽ. പടി കയറാൻ വളരെ ബുദ്ധിമുട്ടി. വേദന കൂടി സ്കൂളിലെ സിക്ക് റൂമിൽ പോയി കിടന്നതിന് ക്ളാസ് ടീച്ചറിന്റെ ശകാരം കേൾക്കേണ്ടി വന്നു. ഒടുവിൽ സ്കൂൾ മാറ്റി.

ബുദ്ധിവൈകല്യമോ ജന്മനാ ചലനശേഷി നഷ്ടപ്പെട്ടതോ, ഒാട്ടിസമോ അല്ലെങ്കിൽ സ്പെഷൽ സ്കൂളുകളിൽ ചേർത്ത് പഠിപ്പിക്കേണ്ട സാഹചര്യത്തിലോ ഉള്ള കുട്ടിയല്ല നന്ദ. ഒമ്പതാം ക്ളാസുവരെ നന്ദയ്ക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. അതിനുശേഷമാണ് എല്ലാം സംഭവിച്ചത്. ഇങ്ങനെയുള്ള കുട്ടികൾ സ്കൂളിലോ കോളേജിലോ എണ്ണത്തിൽ കുറവായിരിക്കാം. എന്നാൽ ഈ തരത്തിലല്ലെങ്കിൽ വേറൊരു തരത്തിൽ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നവരുണ്ട്. അവരുടെ കാര്യം കഷ്ടമാണ്. റാമ്പ് ഒരു പരിഹാരമല്ല. റാമ്പിലൂടെ വീൽചെയർ ഉന്തിക്കൊണ്ടു പോവുക ശ്രമകരമാണ്. പക്ഷേ ലിഫ്റ്റുണ്ടായാൽ ഏത് നിലയിലും പോകാനാവും. ഒരു നില മാത്രമുള്ള സ്കൂളുകളുടെ കാലം കഴിഞ്ഞു. ഇപ്പോൾ രണ്ടുനിലയ്ക്കു മുകളിലുള്ള മന്ദിരങ്ങളാണ് നിർമ്മിക്കുന്നത്. ബുദ്ധിമുട്ടുള്ള കുട്ടികളെക്കൂടി ഓർത്തുവേണം സ്കൂൾ, കോളേജ് കെട്ടിടങ്ങൾ നിർമ്മിക്കാനെന്ന് രമ വാദിക്കുന്നു.

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ ഹൈ ടെക്കാക്കിയത് നല്ല കാര്യമാണ്. അക്കൂട്ടത്തിൽ ലിഫ്റ്റിന്റെ കാര്യം കൂടി പരിഗണിക്കണമെന്നാണ് രമയുടെ വാദം. പൊതുപ്രവേശനമുള്ള സ്കൂളുകളിലും കോളേജുകളിലും വൈകല്യമുള്ള വിദ്യാർത്ഥികൾക്കായി ലിഫ്റ്റ്,റാമ്പ് എന്നിവ നിർബന്ധമായും വേണമെന്ന് സംസ്ഥാന കെട്ടിടനിർമ്മാണ ചട്ടം (2019 ) അനുശാസിക്കുന്നുണ്ട്. ചട്ടപ്രകാരം ഗ്രൂപ്പ് ബിയിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരുന്നത്. പൊതുജനങ്ങൾക്കു പ്രവേശനമുള്ള ആയിരം ചതുരശ്ര മീറ്ററിൽ കൂടുതലുള്ള സ്ഥാപനങ്ങൾക്ക് ഇത് ബാധകമാണ്. പക്ഷേ ആരും അതൊന്നും പാലിക്കാറില്ല.

നന്ദ പ്ളസ് വൺ കഴിഞ്ഞ് ഡിഗ്രിക്ക് ചേരാൻ കേരള സർവകലാശാലയിൽ അപേക്ഷ സമർപ്പിപ്പിച്ചപ്പോൾ ഡിസെബിലിറ്റി കോളത്തിൽ പേര് നൽകിയിരുന്നു. ഫിസിക്സിനു ചേരാനായിരുന്നു നന്ദയുടെ താത്‌പര്യം. മൂന്ന് കോളേജുകളിലാണ് സർവകലാശാല ഓപ്ഷൻ നൽകിയത്. പക്ഷേ കോളേജിൽ ചേരാൻ ചെന്നപ്പോൾ ഫിസിക്സ് ലാബ് മുകളിലത്തെ നിലയിലാണ്. ലിഫ്റ്റില്ല. കെമിസ്ട്രിയാണെങ്കിൽ ലാബ് താഴെയാണെന്നറിഞ്ഞ് അതിലേക്ക് മാറേണ്ട ഗതികേടിലായി നന്ദ. എന്നാൽ ഭാഷാ ക്ളാസുകൾക്ക് മുകളിലത്തെ നിലയെ ആശ്രയിക്കേണ്ടി വരുമെന്നറിഞ്ഞതോടെ തലയിൽ കൈവച്ചിരിക്കുകയാണ് നന്ദ.

ഇത്തരം ബുദ്ധിമുട്ടുകളുള്ള കുട്ടികൾക്ക് പഠിക്കാൻ ഒരുപാട് കടമ്പകളുണ്ട്.സ്കൂൾ പരീക്ഷ എഴുതാൻ താഴത്തെനില കിട്ടാൻ മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് വേണമായിരുന്നു. സർട്ടിഫിക്കറ്റിനായി സമീപിച്ചപ്പോൾ ഒരു ഡോക്ടർ ഇതിനെയൊക്കെ എന്തിനാ പഠിപ്പിക്കുന്നതെന്നും വീട്ടിലിരുത്തിയാൽ പോരെയെന്നുമായിരുന്നു ചോദിച്ചത്. കണ്ണുനിറഞ്ഞു പോയെന്ന് രമ പറയുന്നു. നന്ദ മുന്നിലിരിക്കുമ്പോഴായിരുന്നു ഡോക്ടറുടെ പരിഹാസം. ഒടുവിൽ ആ ഡോക്ടറിന്റെ മേലധികാരിയെക്കണ്ടു. അവർ അലിവുള്ള സ്ത്രീയായിരുന്നു. ഉടൻ സർട്ടിഫിക്കറ്റ് നൽകി. പലയിടങ്ങളിലും മകൾക്കുവേണ്ടി പോരാട്ടം നടത്തുകയാണ് രമ. ലിഫ്റ്റിന്റെ കാര്യത്തിൽ സംസ്ഥാനത്തെ രണ്ട് വിദ്യാഭ്യാസ മന്ത്രിമാരും മുൻകൈയ്യെടുക്കണമെന്ന അഭ്യർത്ഥനയാണ് രമയ്ക്കുള്ളത്.

ബാംഗ്‌ളൂർ ഡേയ്സ് എന്ന സിനിമയിൽ പാർവതി തിരുവോത്ത് അവതരിപ്പിച്ച കഥാപാത്രം ബസിൽ കയറുന്ന രംഗമുണ്ട്. വൈകല്യമുള്ളവർക്ക് കയറാൻ റാമ്പുള്ള ബസാണ് വന്നത്. ഇത്തരം പ്രശ്നങ്ങളോട് അനുഭാവപൂർവമായ കരുതൽ കേരളത്തിൽ എന്നുണ്ടാകും?