മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച ഷോമാനായിരുന്നു ഐ.വി.ശശി എന്ന സംവിധായകൻ.ഇന്നലെ ശശിയുടെ
മൂന്നാം ചരമ വാർഷികമായിരുന്നു

ഷെർലക് ഹോംസിനെ സൃഷ്ടിച്ച ആർതർ കൊനൻഡോയൽ സ്റ്റൈൽ തൊപ്പി. പെരുമാറ്റത്തിൽ തനി സാധാരണക്കാരൻ. എന്നാൽ കോഴിക്കോട്ടുകാരനായ ഇരുപ്പംവീട് ശശിധരൻ എന്ന ഐ.വി.ശശി മലയാള സിനിമയിൽ സൃഷ്ടിച്ച തരംഗങ്ങൾ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതമായി തോന്നാം.'ഉത്സവ"മായിരുന്നു ശശി സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം.ആ പേര് സൂചിപ്പിക്കുംപോലെ പിന്നീടങ്ങോട്ട്  മലയാള സിനിമയിൽ ശശിയുടെ ഉത്സവകാലമായിരുന്നു.ക്രാഫ് റ്റിന്റെ തിളക്കം ഓരോ ചിത്രങ്ങളിലും തെളിഞ്ഞു നിന്നു. ചിത്രകാരനും ഛായാഗ്രാഹകനും ആയിരുന്നതിനാൽ അപാരമായ വിഷ്വൽ സെൻസായിരുന്നു. ആൾക്കൂട്ടങ്ങളെ സിനിമയുടെ അച്ചടക്കത്തിനുള്ളിൽ ശശി വരച്ചവരയിൽ നിറുത്തി.ആ സിനിമകളിലൊന്നും കഥാപാത്രങ്ങൾക്ക് പഞ്ഞമുണ്ടായിരുന്നില്ല.വലുതായാലും ചെറുതായാലും സംവിധായകന്റെ വാത്സല്യം ഓരോ കഥാപാത്രങ്ങളേയും തേടിയെത്തി.
പ്രതിഭാശാലി
 ഫിലിംഫെയറിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ്അവാർഡ് ശശിക്ക് സമ്മാനിച്ചുകൊണ്ട് കമലഹാസൻ പറഞ്ഞു- ''ഹൈദരാബാദിൽ ഷൂട്ടിംഗ് നടക്കുമ്പോൾ വൈകിട്ട് വിമാനത്തിൽ ചെന്നൈയിലെത്തി മറ്റൊരു പടത്തിന്റെ എഡിറ്റിംഗ് നോക്കിയശേഷം വീണ്ടും ലൊക്കേഷനിൽ മടങ്ങിയെത്തുന്ന ശശിയുണ്ടായിരുന്നു.അത്ര തിരക്കായിരുന്നു ശശിക്ക്. ഓരോ വർഷവും പത്തും പതിനഞ്ചും ചിത്രങ്ങൾ. എന്റെ ഗുരുനാഥനായ കെ.ബാലചന്ദർ എപ്പോഴും എന്നോട് ചോദിക്കുമായിരുന്നു.'ശശി ഓരോ ഷോട്ടുകൾ എടുക്കുന്ന രീതി" എങ്ങനെയാണെന്ന് . ശരിക്കും ശശി എത്ര പ്രതിഭാശാലിയാണെന്ന്  ആദ്യം ഞാൻ മനസിലാക്കുന്നത് ആ അന്വേഷണത്തിൽ നിന്നായിരുന്നു."
മമ്മൂട്ടിയുടെ സ്വപ്നം
ഐ.വി.ശശിയുടെ സിനിമയിൽ നായകനാവുകയെന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.എം.ടി.വാസുദേവൻനായർ രചന നിർവഹിച്ച 'തൃഷ്ണ"യിൽ മമ്മൂട്ടിയെ നായകനാക്കിയ ശശി 'ആൾക്കൂട്ടത്തിൽ തനിയെ,അക്ഷരങ്ങൾ,1921,ആവനാഴി, ഇൻസ്പെക്ടർ ബലറാം,അതിരാത്രം,അടിയൊഴുക്കുകൾ,അഹിംസ,കാണാമറയത്ത് ,മൃഗയ" തുടങ്ങി സൂപ്പർഹിറ്റുകളുടെ പരമ്പരതന്നെ മമ്മൂട്ടിക്ക് സമ്മാനിച്ചു.മമ്മൂട്ടി മീശ പിരിച്ചത് ശശിയുടെ ആവനാഴിയിലായിരുന്നു.
അവളുടെ രാവുകൾ
പദ്മരാജന്റെ തിരക്കഥയിൽ സോമനും മധുവും മത്സരിച്ചഭിനയച്ച 'ഇതാ ഇവിടെ വരെ" എന്ന തകർപ്പൻ ഹിറ്റിറക്കിയതിന്റെ അടുത്തവർഷം(1978) മലയാള സിനിമയിൽ 'അവളുടെ രാവുകൾ" എന്ന ട്രെൻഡ് സെറ്റർ ചിത്രത്തിലൂടെ ഐ.വി.ശശി-ആലപ്പി ഷെരീഫ് കൂട്ടുകെട്ടിന് തുടക്കം കുറിച്ചു.
പിന്നീട് തന്റെ ജീവിതസഖിയായി മാറിയ സീമയെ നായികയായി അവതരിപ്പിച്ച ഈ ചിത്രം ശശിക്ക് കുപ്പിച്ചില്ലുകളും റോസാദലങ്ങളും ഒരുപോലെ നേടിക്കൊടുത്തു. മലയാള സിനിമയുടെ ചരിത്രം വഴിമാറ്റിയെഴുതിയ ചിത്രമായിരുന്നു അവളുടെ രാവുകൾ.ശശി-പദ്മരാജൻ,ശശി-എം.ടി,ശശി-ടി.ദാമോദരൻ,ശശി-രഞ്ജിത് വരെ എത്രയെത്ര കൂട്ടുകെട്ടുകൾ.എത്രയെത്ര ഹിറ്റ് ചിത്രങ്ങൾ.
ജയനെ താരമാക്കി
നടൻ ജയൻ ഏറ്റവും തിളങ്ങിയ ചിത്രമായിരുന്നു അങ്ങാടി. 'ആറാട്ട് "എന്ന ചിത്രത്തിലൂടെ തുടങ്ങിയ ശശി-ടി.ദാമോദരൻ കൂട്ടുകെട്ടിൽ പിറന്ന അങ്ങാടിയാണ് ജയനെ ഒരർത്ഥത്തിൽ സൂപ്പർതാരമാക്കിയത്.ശശിയുടെ 'ഇതാ ഇവിടെ വരെ"യിൽ ടൈറ്റിൽ സോംഗ് പാടുന്ന വള്ളമൂന്നുകാരനായി ഒരേ ഒരു സീനിൽ പ്രത്യക്ഷപ്പെട്ട  ജയന്  കാന്തവലയം,കരിമ്പന,മീൻ എന്നീ വിജയചിത്രങ്ങളും ശശി നൽകി.അതൊരു വലിയ ടീമായി മാറുന്ന വേളയിലായിരുന്നു ജയന്റെ അന്ത്യം സംഭവിച്ചത്.
ടി.ദാമോദരനുമായി കൂട്ടുകെട്ട്
ടി.ദാമോദരനും ശശിയും ചേർന്ന് അവതരിപ്പിച്ച ഈനാട് , ഇനിയെങ്കിലും, ഇന്നല്ലെങ്കിൽ നാളെ,അങ്ങാടി തുടങ്ങിയ ചിത്രങ്ങൾ സാധാരണക്കാരുടെ രാഷ്ട്രീയം ചർച്ചചെയ്യുന്നതായിരുന്നു.മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചഭിനയിച്ച അതിരാത്രം, അടിയൊഴുക്കുകൾ, ലക്ഷ്മണരേഖ, നാണയം, അനുബന്ധം,ഇടനിലങ്ങൾ, കരിമ്പിൻപൂവിനക്കരെ, വാർത്ത തുടങ്ങി നിരവധി ചിത്രങ്ങൾ ശശിയുടേതായിട്ടുണ്ട്. സൂപ്പർഹിറ്റ് ചിത്രങ്ങൾക്കൊപ്പം സൂപ്പർതാരങ്ങളെയും അദ്ദേഹം സൃഷ്ടിച്ചു.
രജനി മലയാളത്തിൽ
'അലാവുദീനും അത്ഭുതവിളക്കും" എന്ന ദ്വിഭാഷാ ചിത്രത്തിലൂടെ രജനീകാന്തിനെ മലയാളത്തിൽ അവതരിപ്പിച്ചു. തമിഴിൽ രജനിയെ നായകനാക്കി 'കാളി" എന്ന ചിത്രമെടുത്തു. കമലാഹാസനെയും ശ്രീദേവിയെയും മലയാളത്തിൽ ഏറെ പോപ്പുലറാക്കിയതും ശശിയായിരുന്നു. ആശിർവാദം,ആനന്ദം പരമാനന്ദം,അനുമോദനം,അലാവുദ്ദീനും അത്ഭുത വിളക്കും ,ഈറ്റ, ഗുരു, വ്രതം എന്നിവ ശശി-കമൽ ചിത്രങ്ങളിൽ ശ്രദ്ധേയമായവയായിരുന്നു.
ഹിന്ദിയിലും
ഹിന്ദിയിൽ രാജേഷ് ഖന്നയെയും മിഥുൻ ചക്രവർത്തിയെയും നായകരാക്കിയും സിനിമയെടുത്തു. നടൻ രതീഷിന്  'തുഷാര"ത്തിലൂടെ ബ്രേക്ക് നൽകിയതും ലാലു അലക്സിന് ഈ നാടിൽ ശ്രദ്ധേയമായ റോൾ നൽകിയതും മോഹൻലാലിന്റെ കലാജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായ  'ഉയര"ങ്ങളിലെ ജയരാജും ,'ദേവാസുര"ത്തിലെ മംഗലശ്ശേരി നീലകണ്ഠനും ശശിയുടെ സംഭാവനയായിരുന്നു.മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു ശശി. മലയാളികൾ അമേരിക്ക കണ്ടത് ശശിയുടെ 'ഏഴാം കടലിനക്കരെ' എന്ന ചിത്രത്തിലൂടെയായിരുന്നു.ലോകമെമ്പാടും ഹിറ്റായ ബ്ളൂലഗൂൺ എന്ന ഇംഗ്ളീഷ് സിനിമ 'ഇണ' എന്ന പേരിൽ മലയാളത്തിൽ എടുക്കാനും ശശി ധൈര്യം കാട്ടി.സംഗീതത്തിന്റെ വലിയ ആരാധകനായിരുന്നു അദ്ദേഹം.ശശിയുടെ എല്ലാ സിനിമകളിലും മികച്ച പാട്ടുകൾ പ്ളസ് പോയിന്റായിരുന്നു. ഐ.വി.ശശി ഒരു പ്രതിഭാസമായിരുന്നു.അതുപോലെ ഒരാൾ ഇനി വരില്ലെന്ന് രണ്ടിലൊന്ന് ആലോചിക്കാതെ പറയാം.
മലയാള സിനിമയിലെ 'ഗ്രേറ്റസ്റ്റ് ഷോമാൻ" ആയിരുന്നു ഐ.വി.ശശി.ഇന്നലെ അദ്ദേഹത്തിന്റെ മൂന്നാം ചരമവാർഷികമായിരുന്നു. ശശിയുടെ മകൻ അനി ശശി സ്വതന്ത്ര സംവിധായകനാകുന്ന നിന്നിലാ നിന്നിലാ എന്ന ചിത്രത്തിന്റെ ഷൂട്ട് പൂർത്തിയായതാണ് ഈ വേളയിൽ ശശിയെ സ്നേഹിക്കുന്നവരെ ആഹ്ളാദിപ്പിക്കുന്ന വാർത്ത.