bala

പാലക്കാട്: വാളയാർ കേസിൽ നീതിക്കുവേണ്ടി പെൺകുട്ടികളുടെ മാതാപിതാക്കൾ നടത്തുന്ന സമരത്തിനെതിരെ മന്ത്രി എ കെ ബാലൻ. സമരത്തിൽ നിന്ന് കുടുംബം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'കേസിൽ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടുപ്രകാരമുളള നടപടികൾ പുരോഗമിക്കുകയാണ്. ഹൈക്കോടതിയുടെ മുന്നിലുളള വിഷയത്തിൽ സമരമെന്തിനാണെന്ന് മനസിലാവുന്നില്ല. ഇപ്പോൾ മുഖ്യമന്ത്രിക്കെതിരെ തിരിയുകയാണ്, ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നതായിരിക്കും. അങ്ങനെയെങ്കിൽ സമരത്തിന് നിന്ന് പിന്മാറണം. പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ നിയപരമായി മാത്രമേ കഴിയൂ. സർക്കാർ കുടുംബത്തിനൊപ്പമാണ് '- അദ്ദേഹം പറഞ്ഞു.

അതേസമയം, കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും എതിരെ ഇന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു. കുട്ടികളെ കൊന്നത് താനാണെന്ന് സമ്മതിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നാണ് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞത്. മുഖ്യമന്ത്രിയുടെ കാല് പിടിച്ച് കരഞ്ഞിട്ടും നീതി ലഭിച്ചില്ലെന്നാണ് പെൺകുട്ടിയുടെ അമ്മ പറഞ്ഞത്.

ഇന്ന് മുതൽ ഒരാഴ്ച വീടിന് മുന്നിൽ പെൺകുട്ടികളുടെ കുടുംബം സത്യാഗ്രഹമിരിക്കുകയാണ്. കേസിൽ പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള പാലക്കാട് പോക്‌സോ കോടതിയുടെ വിധി വന്നിട്ട് ഇന്നേക്ക് ഒരു വർഷം ആവുകയാണ്. 2019 ഒക്ടോബറിലാണ് കേസിലെ അഞ്ച് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടത്. പ്രോസിക്യൂഷനും, അന്വേഷണ ഉദ്യോഗസ്ഥരും വീഴ്ച വരുത്തി പ്രതികളെ രക്ഷപെടുത്തിയതാണെന്ന ആരോപണം ഉയർന്നിരുന്നു.