
സംവിധായകനും നിർമാതാവുമായ മഹേഷ് ഭട്ട് ബോളിവുഡ് സിനിമയിലെ ഡോൺ ആണെന്ന് നടിയും ബന്ധുവുമായ ലുവിയേന ലോധ്. മഹേഷ് ഭട്ട് നിരവധി പേരുടെ ജീവിതം തകർത്തെന്നും നടി ആരോപിച്ചു. മഹേഷ് ഭട്ടിന്റെ അനന്തരവൻ സുമിത്ത് സബർവാളിന്റെ ഭാര്യയാണ് ലുവിയേന.
ലുവിയേനക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മഹേഷ് ഭട്ടിന്റെ അഭിഭാഷകൻ പ്രതികരിച്ചു. ഭർത്താവ് മയക്കുമരുന്ന് വിതരണം ചെയ്യുന്നുവെന്ന് അറിഞ്ഞതോടെ താൻ വിവാഹമോചനത്തിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും നടി വ്യക്തമാക്കിയിരുന്നു.
സുമിത്തിന്റെ മയക്കുമരുന്ന് വിതരണത്തെ കുറിച്ച് മഹേഷ് ഭട്ടിന് അറിവുണ്ടായിരുന്നെന്നും, മഹേഷ് ഭട്ടും കുടുംബവും തന്നെ വീട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നുവെന്നും നടി ആരോപിച്ചിരുന്നു.
'മഹേഷ് ഭട്ടിന്റെ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ നമ്മുടെ ജീവിതം പ്രശ്നത്തിലാകും. സിനിമകളിലെ അവസരങ്ങൾ നഷ്ടമാകും. അത്തരത്തിൽ നിരവധി പേരുടെ ജീവിതം മഹേഷ് ഭട്ട് തകർത്തിട്ടുണ്ട്. അയാളുടെ ഒരു ഫോൺ കോൾ മതി ജോലി ഇല്ലാതാകാൻ.' എന്നായിരുന്നു ലുവിയേന പറഞ്ഞത്.