pk

മലപ്പുറം: സാമ്പത്തിക സംവരണത്തിനെതിരെ മുസ്ളിംലീഗ് നേതാവും എം പിയുമായ പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. സംസ്ഥാനത്ത് സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായങ്ങൾക്ക് ‌ഏറെ ദോഷകരമായ രീതിയിലാണെന്നുപറഞ്ഞ അദ്ദേഹം തീരുമാനം സർക്കാർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ വരുന്ന 28ന് എറണാകുളത്ത് ചേരുന്ന പിന്നാക്ക വിഭാഗങ്ങളുടെ യോഗം സമരങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംവരണ പ്രശ്നത്തിൽ തുടർ നടപടികൾ ആലോചിക്കാൻ മലപ്പുറത്തുചേർന്ന മുസ്ളിം സംഘടനകളുടെ സംയുക്തയോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരി​ക്കുകയായി​രുന്നു കുഞ്ഞാലിക്കുട്ടി

'സംവരണ സമുദായങ്ങൾ ഇപ്പോഴും പിന്നാക്ക അവസ്ഥയിൽ തന്നെയാണ്. അവകാശത്തിന്മേലുളള കടന്നുകടന്നുകയറ്റമാണിത്. പിന്നാക്ക സംവരണത്തിന്റെ കടയ്ക്കൽ സർക്കാർ കത്തിവച്ചിരിക്കുകയാണ്. സംവരണത്തിൽ ആശങ്കയുളളത് മുസ്ളിം സംഘടനകൾക്ക് മാത്രമല്ല. അതിനാലാണ് എല്ലാ പിന്നാക്ക സംഘടനകളുമായി ചേർന്ന് തുടർ നടപടികൾ കൈക്കൊളളൻ തീരുമാനിച്ചത്' -അദ്ദേഹം പറഞ്ഞു. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നകാര്യത്തിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ഇതിൽ സാമൂഹ്യ പ്രശ്നമുണ്ടെന്നും താഴേത്തട്ടിലുളളവരുടെ സാഹചര്യംകൂടി പരിഗണിക്കണമെന്നും കുഞ്ഞാലി​ക്കുട്ടി​ ആവശ്യപ്പെട്ടു.