nanga

ലോകത്തിൽ ഏറ്റവും ഉയരം കൂടിയ ഒമ്പതാമത്തെ പർവ്വതമാണ് നംഗ. പാകിസ്താനിലെ ദിയാമിർ ജില്ലയിലാണ് നംഗ പർവ്വതം സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ദിയാമിർ എന്നും ഈ പർവ്വതം അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 8126 മീറ്ററാണ് ഇതിന്റെ ഉയരം. സംസ്‌കൃതത്തിൽ നംഗ എന്ന വാക്കിനർത്ഥം നഗ്നത എന്നാണ്. പർവ്വതാരോഹകർക്ക് നംഗ എന്നത് ഒരു 'ബാലികേറാമല"യാണ്. നിരവധി സാഹസിക യാത്രികർ നംഗ പർവ്വതത്തെ കീഴടക്കാൻ കിണഞ്ഞ് ശ്രമിച്ചിട്ടുണ്ടെങ്കിലും സഫലമായിട്ടില്ല. പരിക്കും മരണങ്ങളും പതിവായതോടെ കൊലയാളി പർവ്വതം എന്ന പേരും ലഭിച്ചു.

1895ൽ യൂറോപ്യൻ പർവ്വതാരോഹകനായ ആൽബർട്ട് എഫ് മമ്മറി നംഗ കീഴടക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, 6100 മീറ്റർ ഉയരത്തിലെത്തിയ അദ്ദേഹവും കൂടെ പോയ രണ്ട് ഖൂർഖമാരും മരണമടഞ്ഞു.

1932ൽ ആദ്യമായി വില്ലി മെർക്കിൾ എന്ന പർവ്വതാരോഹകന്റെ നേതൃത്വത്തിലുള്ള ജർമൻ-അമേരിക്കൻ സംഘവും നംഗ കീഴടക്കാൻ പുറപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന് പാതി വഴിയിൽ ശ്രമം ഉപേക്ഷിച്ചു.

1937ൽ കാൾവീൻ എന്ന പർവ്വതാരോഹകനും സംഘവും നംഗയിലേക്ക് പുറപ്പെട്ടെങ്കിലും 16 പേരടങ്ങുന്ന സംഘത്തിന്റെ ജീവൻ നഷ്ടമായി. മരണം തുടർക്കഥയായതോടെ കൂടുതൽ സാഹസികർ വെല്ലുവിളി ഏറ്റെടുക്കാൻ മുന്നോട്ടുവന്നു. 31 പേർ ജീവൻ ബലിയർപ്പിച്ച ശേഷം 1953ൽ ഓസ്ട്രേലിയൻ പർവ്വതാരോഹകനായ ഹെർമൻ ബുൾ നംഗ കീഴടക്കി.

ശൈത്യ കാലത്ത് ആദ്യമായി നംഗ കീഴടക്കുന്നത് 2016 ഫെബ്രുവരിയിലാണ്. സൈമൺ മോറോ, അലി സദ്പര, അലക്സ് സികോൺ എന്നിവരടങ്ങുന്ന സംഘമാണ് ദൗത്യം പൂർത്തീകരിച്ചത്.

പിന്നീട് 2018 ജനുവരിയിൽ മറ്റൊരു സംഘവും ശൈത്യ കാലത്ത് നംഗ കീഴടക്കി. 2013ൽ നംഗ കീഴടക്കാനെത്തിയ സഞ്ചാരികൾക്കു നേരെ ഭീകരവാദി ആക്രമണമുണ്ടാവുകയും ഒരു പാകിസ്ഥാനിയും 10 വിദേശസഞ്ചാരികളും വെടിയേറ്റു മരിക്കുകയും ചെയ്തിട്ടുണ്ട്. 2017 ജൂണിൽ സ്പെയിൻ, അർജന്റീന എന്നിവിടങ്ങളിൽ നിന്നുള്ള പർവ്വതാരോഹകർ നംഗയിൽ മരണപ്പെട്ടിരുന്നു. നംഗ പർവ്വതത്തിൽ വച്ച് ഏറ്റവും ഒടുവിൽ മരണമടഞ്ഞവർ. ഇറ്റലിക്കാരനായ ഡാനിയേൽ നെർദിയും ടോം ബല്ലാർഡുമാണ്. അതിസുന്ദരിയായൊരു യക്ഷിയെ പോലെ നംഗ പർവ്വതം സാഹസിക സഞ്ചാരികളെ മാടി വിളിക്കുകയാണ്. അവളെ കീഴടക്കാനുള്ള ദൗത്യത്തിൽ മരണത്തെ മുഖാമുഖം കണ്ടാണ് ഓരോ പർവ്വതാരോഹകന്റെയും യാത്ര.