nimisha

കൊച്ചി: യമനിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവതിയായ നിമിഷപ്രിയയെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചു. ദയാഹർജിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചർച്ചയ്ക്കുവേണ്ടിയായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദർശനം. നിമിഷപ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യമൻ സ്വദേശിയുടെ കുടുംബവുമായി ഉദ്യാേഗസ്ഥർ ഉടൻതന്നെ ചർച്ചകൾ തുടങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്.

കേസ് കോടതിക്ക് പുറത്തുവച്ച് ഒത്തുതീർപ്പാക്കാനാണ് ശ്രമം. ഉദ്യോഗസ്ഥരുടെ നടപടി ആശ്വാസത്തിന് വകനൽകുന്നതാണെന്നായിരുന്നു നിമിഷപ്രിയയുടെ കുടുംബത്തിന്റെ പ്രതികരണം. കേസിൽ വധശിക്ഷ നടപ്പാക്കുന്നത് യമനിലെ ഉന്നത കോടതി കഴിഞ്ഞ ഓഗസ്റ്റിൽ സ്റ്റേചെയ്തിരുന്നു. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന ഹർജി പരിഗണിച്ചായിരുന്നു ഇത്. കൊലയ്ക്ക് കൂട്ടുനിന്ന നഴ്സ് ഇപ്പോൾ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.

തലാൽ അബ്ദു മെഹ്ദി എന്ന യമൻ പൗരനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറിക്കി വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്കെതിരെയുളള കേസ്. 2017ലായിരുന്നു സംഭവം നടന്നത്. നിമിഷയെ താൻ വിവാഹം കഴിച്ചെന്ന് ഇയാൾ അവകാശപ്പെട്ടിരുന്നു. വ്യാജ രേഖകൾ നിർമ്മിച്ചായിരുന്നു ഇത്. നഴ്സായി ജോലിചെയ്യുന്നതിനിടെ സ്വന്തമായി ക്ളിനിക്ക് തുടങ്ങുന്നതിനുവേണ്ടിയാണ് തലാൽ അബ്ദു മെഹ്ദിയുടെ സഹായം നിമിഷ തേടിയത്. . എന്നാൽ അയാൾ തന്നെ സാമ്പത്തികമായി ചതിക്കുകയായിരന്നു എന്നുമാണ് നിമിഷപ്രിയ പറയുന്നത്. കൊടിയ പീഡനങ്ങൾക്ക് ഇയാൾ നിമിഷയെ ഇരയാക്കുകയും ചെയ്തു.