
മുംബയ് :മുംബയില്‍ കാണാതായ കൊവിഡ് രോഗിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. പതിനാല് ദിവസം മുന്‍പ് കാണാതായ സൂര്യബാന്‍ യാദവ് (27) എന്നയാളുടെ മൃതദേഹമാണ് ആശുപത്രിയിലെ ശൗചാലയത്തില്‍ കണ്ടെത്തിയത്. ഇയാള്‍ ക്ഷയ രോഗബാധിതനായിരുന്നു.
മുംബയിലെ സെവ്റിയിലെ ടിബി ആശുപത്രിയില്‍ നിന്ന് ഈ മാസം നാലിനാണ് സൂര്യബാനെ കാണാതായത്. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ആശുപത്രിയിലെ ശൗചാലയത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയതിനാല്‍ മരിച്ചത് ആരാണെന്ന് വ്യക്തമായിരുന്നില്ല. വിശദമായ പരിശോധനയിലാണ് മരിച്ചത് സൂര്യബാനാണെന്ന് വ്യക്തമായത്.
ആശുപത്രി ബ്ലോക്കിലെ ശൗചാലയങ്ങള്‍ പതിവായി വൃത്തിയാക്കുന്നതും മറ്റ് രോഗികള്‍ ഉപയോഗിക്കുന്നതുമായിട്ടും 14 ദിവസമായി മൃതദേഹം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്നത് ദുരൂഹത ഉയര്‍ത്തുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടു. വാര്‍ഡില്‍ ജോലി ചെയ്തിരുന്ന 40 ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി. അതേസമയം, ശൗചാലയത്തില്‍ പോയപ്പോള്‍ ശ്വാസ തടസം അനുഭവപ്പെട്ട് സൂര്യബാന്‍ വീണതാകാമെന്നാണ് ആശുപത്രി ജീവനക്കാരുടെ വിശദീകരണം.