covid

വാഷിംഗ്ടൺ: പല രാജ്യങ്ങളിലും രണ്ടാംഘട്ട വ്യാപനം രൂക്ഷമാകുന്നതിനിടെ ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം നാല് കോടി മുപ്പത് ലക്ഷം കവിഞ്ഞു. ആകെ മരണം 1,155,608. 31,712,552 പേർ രോഗവിമുക്തരായി. വേൾഡ് ഒ മീറ്റർ പ്രകാരമുള്ള കണക്കുകളാണിത്.

അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, സ്‌പെയിൻ, ഫ്രാൻസ്, അർജന്റീന, കൊളംബിയ, മെക്‌സിക്കോ, പെറു എന്നീ രാജ്യങ്ങളിൽ കൊവിഡ് ബാധ അത്യധികം രൂക്ഷമാണ്. ഇതിൽ, അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിൽ രോഗവ്യാപനവും മരണവും അനിയന്ത്രിതമായി തുടരുകയാണ്. യൂറോപ്യൻ രാജ്യങ്ങൾ രണ്ടാം ഘട്ട വ്യാപനത്തിന്റെ പിടിയിലുമാണ്. ഇറാനും രണ്ടാംഘട്ട വ്യാപനം മൂലം ബുദ്ധിമുട്ടുകയാണ്.

അമേരിക്കയിൽ മാത്രം ഒരു ദിവസത്തിനിടെ 84000ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു.

ഇതുവരെ റിപ്പോർട്ട് ചെയ്തതിലും വച്ച് ഏറ്റവും കൂടിയ കണക്കാണിത്. മുൻപ് അമേരിക്കയിൽ 77,299 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 2021 ഫെബ്രുവരിയോടെ അമേരിക്കയിൽ ആകെ മരണം അഞ്ച് ലക്ഷം കടന്നേക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇതുവരെ രാജ്യത്ത് 8,829,951 കേസുകൾ റിപ്പോർട്ട് ചെയ്തു. 230,085 പേർ മരിച്ചു.

 ഓക്സ്ഫഡ് വാക്സിൻ മികച്ച ഫലം തരുന്നെന്ന്

ഓക്സ്ഫഡ് സർവകലാശാലയും ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിൻ പ്രതീക്ഷിച്ച ഫലം നൽകുന്നുണ്ടെന്ന് ഗവേഷകർ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വാക്സിന്റെ അവസാന ഘട്ട ക്ലിനിക്കൽ പരീക്ഷണം നടക്കുകയാണ്. വാക്സിനുള്ളിൽ രൂപപ്പെടുത്തിയിരിക്കുന്ന "ജനിതക നിർദ്ദേശങ്ങൾ" പ്രതീക്ഷിച്ചതു പോലെ പ്രവർത്തിക്കുന്നുണ്ടെന്നാണ് ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ നടത്തിയ സ്വതന്ത്ര പഠനത്തിൽ കണ്ടെത്തിയത്. വാക്സിൻ ശരീരത്തിനുള്ളിൽ പ്രവർത്തിച്ച് പ്രതിരോധശേഷിയുണ്ടാക്കുന്നത് എങ്ങനെയെന്നത് സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിച്ചതായി ഗവേഷകർ അഭിപ്രായപ്പെട്ടു.

"പരമാവധി വേഗത്തിൽ സുരക്ഷിതമായി വികസിപ്പിച്ച ഈ വാക്സിൻ മനുഷ്യകോശങ്ങളിൽ കടക്കുമ്പോൾ വാക്സിനുള്ളിലെ ജനിതക നിർദ്ദേശങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പിക്കാൻ കഴിഞ്ഞു. അതുകൊണ്ട് ഇതൊരു സുപ്രധാനമായ പഠനമാണ്." ബ്രിസ്റ്റോൾ സ്കൂൾ ഒഫ് സെല്ലുലാർ ആൻഡ് മോളിക്യൂലാർ മെഡിസിനിലെ വൈറോളജി റീഡറായ ഡോ.ഡേവിഡ് മാത്യൂസ് പറഞ്ഞു. "മുൻപ് ഇത്രയും വ്യക്തതയോടെ ഉത്തരം നൽകാൻ കഴിയുന്ന സാങ്കേതികവിദ്യകളില്ലായിരുന്നു. പക്ഷെ വാക്സിൻ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഇപ്പോൾ നമുക്കറിയാം. ഇതൊരു ശുഭവാർത്തയാണ്." അദ്ദേഹം കൂട്ടിച്ചേർത്തു.