
തിരുവനന്തപുരം: ഇടതുസർക്കാർ അട്ടിമറിച്ച വാളയാർ കേസിൽ നീതിക്കായി സമരം ചെയ്യുന്ന പെൺകുട്ടികളുടെ അമ്മയെ ഭീഷണിപ്പെടുത്തുകയാണ് മന്ത്രി എ കെ ബാലനെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. എന്തിനു വേണ്ടിയാണ് ഇരകളുടെ അമ്മ സമരം ചെയ്യുന്നതെന്ന ബാലന്റെ ചോദ്യം മനുഷ്യത്വവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
'എന്തിനാണ് സമരം എന്ന് ചോദിക്കുന്ന ബാലൻ സർക്കാരിന്റെ ദൂതനെ രക്ഷിതാക്കളുടെ അടുത്തേക്ക് അയച്ചത് എന്തിനായിരുന്നു? പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ക്രൂരമായ പീഡനത്തിനിരയാക്കിയ ശേഷം കെട്ടിത്തൂക്കി കൊന്ന കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാടെടുത്ത സംസ്ഥാന സർക്കാർ ഇപ്പോൾ ഇരകളുടെ അമ്മയെ അപമാനിക്കുകയാണ്. സമരം ചെയ്യാൻ എ.കെ ബാലന്റെയോ കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയോ അനുമതിയുടെ ആവശ്യമില്ല. വാളയാർ പെൺകുട്ടികളുടെ നീതിനിഷേധത്തിന് ഒരു വർഷം തികയുന്ന സാഹചര്യത്തിലാണ് രക്ഷിതാക്കൾ വീണ്ടുമൊരു സമരത്തിലേക്ക് കടക്കുന്നത്. കേസിലെ പ്രതികൾക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു നൽകിയ മുഖ്യമന്ത്രി അത് പാലിച്ചില്ല എന്ന് മാത്രമല്ല കേസ് അട്ടിമറിച്ച ഡിവൈ.എസ് പി സോജൻ, എസ് ഐ ചാക്കോ എന്നിവർക്ക് സ്ഥാനക്കയറ്റവും നൽകി. ഇരകളുടെ മാതാപിതാക്കളെ കൊണ്ട് കാലിൽ വീഴിപ്പിച്ച മുഖ്യമന്ത്രിയുടെ ചിത്രം കേരളം മറന്നിട്ടില്ല. രാജ്യത്തെ ഞെട്ടിച്ച സംഭവത്തിൽ ഈ സർക്കാർ വേട്ടക്കാർക്കൊപ്പം നിന്ന് നീതി അട്ടിമറിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രക്ഷിതാക്കൾ വീണ്ടുമൊരു സമരത്തിലേക്ക് കടന്നിരിക്കുന്നത്.- സുരേന്ദ്ര പറഞ്ഞു.
ഉത്തരേന്ത്യയിലെ പീഡനങ്ങൾ മാത്രം കാണുന്ന സി പി എം കേന്ദ്രനേതൃത്വവും രാഹുൽ ഗാന്ധിയും കേരളത്തിലെ ദളിത് പെൺകുട്ടികൾ നേരിട്ട ദുരവസ്ഥയെ പറ്റി മിണ്ടാത്തത് ഇരട്ടത്താപ്പാണെന്ന് സുരേന്ദ്രൻ പറഞ്ഞു. നാളെ(26ന്) രാവിലെ സമരപ്പന്തൽ സന്ദർശിക്കുമെന്നും പെൺകുട്ടികൾക്ക് നീതി ലഭിക്കും വരെ ബി.ജെ.പി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.