
കാഠ്മണ്ഡു: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്താത്ത, നേപ്പാളിന്റെ പഴയ ഭൂപടം വച്ച് വിജയദശമി ആശംസാകാർഡ് പങ്കുവച്ച നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലിക്കെതിരെ സർക്കാർ.
സംഭവം വിവാദമായതോടെ വിജയദശമി ആശംസകൾ അറിയിക്കാനായി ഒലി ഉപയോഗിച്ച കാർഡിൽ ചില സാങ്കേതിക കാരണങ്ങളാൽ പിശകുപറ്റിയന്നെ വിശദീകരണവുമായി സർക്കാർ രംഗത്തെത്തി.
'ഗ്രീറ്റിംഗ് കാർഡ് പുതിയതായിരുന്നു. എന്നാൽ കാർഡ് ചെറുതായതിനാൽ പുതിയ പ്രദേശങ്ങൾ കാണാനാവില്ല.' - ഒലിയുടെ ഉപദേഷ്ടാവ് സൂര്യ ഥാപ്പ പറഞ്ഞു.
കലാപാനി മേഖലയുമായി ബന്ധപ്പെട്ട അവകാശവാദം നേപ്പാൾ ദുർബലപ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ ഉപദേഷ്ടാവ് രാജൻ ഭട്ടറായിയും വ്യക്തമാക്കി. നേപ്പാളിന്റെ ദേശീയ ചിഹ്നവും ഒലിയുടെ ചിത്രവും ഉൾപ്പെടുത്തിയ ആശംസാകാർഡിൽ നേപ്പാൾ അവകാശവാദമുന്നയിക്കുന്ന ഇന്ത്യൻ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ പ്രദേശങ്ങൾ ഇല്ലാത്ത ഭൂപടമാണ് ഉപയോഗിച്ചിരിക്കുന്നത്.
ഒലിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ദേശീയ അഭിപ്രായ ഐക്യത്തെ ദുർബലപ്പെടുത്തുകയാണ് ഒലി ചെയ്തതെന്ന് അവർ ആരോപിച്ചു.