cat-and-snake

വാഷിംഗ്ടൺ: അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയായ കെയ് റോജേഴ്സിനും കുടുംബത്തിനും പുന്നാര വളർത്തു പൂച്ച ഊരചുറ്റൽ കഴിഞ്ഞ് തിരിച്ച് വന്നപ്പോൾ സമ്മാനമായി നൽകിയത് ഇരട്ടതലയൻ പാമ്പിനെ. "എന്റെ പൂച്ച ഗെയ്റ്റിലെ ചെറിയ വാതിലിലൂടെ കടന്നുവന്ന് മുറ്റത്തെ കാർപ്പറ്റിൽ പാമ്പിനെ കൊണ്ടുവച്ചു. അവൾ എല്ലായ്പ്പോഴും ഞങ്ങൾക്ക് സമ്മാനങ്ങൾ കൊണ്ട് വരാറുണ്ട്. കഴിഞ്ഞ ദിവസം കൊണ്ടുവന്ന സമ്മാനം കണ്ട് മകൾ വിളിച്ചുപറഞ്ഞത് അമ്മേ, അവൾ ഒരു പാമ്പിനെ കൊണ്ടുവന്നു, അതിന് രണ്ട് തലകളുണ്ട് എന്നാണ്. ആദ്യം തമാശയായി തോന്നിയെങ്കിലും സമ്മാനം കണ്ടപ്പോൾ അത്ഭുതപ്പെടാതിരിക്കാൻ സാധിച്ചില്ല അവൾ തീർച്ചയായും ഒരു സാഹസികയാണ് - റോജേഴ്സ് പറയുന്നു.

എന്നാൽ, പാമ്പിനെ ഉപേക്ഷിക്കാനോ കൊല്ലാനോ റോജേഴ്സും കുടുംബവും തയ്യാറായിരുന്നില്ല. റോജേഴ്സിന്റെ 13 വയസുള്ള മകൾ ഉടനെ പാമ്പിനെ ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് മാറ്റി. തന്റെ മകൾക്കും മകനും പാമ്പുകളടക്കമുള്ള ഇഴജന്തുക്കളെപ്പറ്റി അറിയാൻ വളരെ താത്പര്യമാണെന്ന് റോജേഴ്സ് പറയുന്നു. ഇഴജന്തു പരിപാലനത്തിൽ വിദഗ്ദ്ധരായവരെ സമീപിച്ച് തന്റെ അതിഥിയ്ക്ക് ഒരുഗ്രൻ ആവാസ വ്യവസ്ഥയും റോജേഴ്സ് സജ്ജമാക്കി. പാമ്പിന് ചൂട് ലഭിക്കാൻ പാഡ് തയ്യാറാക്കിയതും മറ്റും വിദഗ്ദ്ധരുടെ നിർദ്ദേശമനുസരിച്ചാണ്.

 ഇരുതലയനെക്കുറിച്ചറിയാം

ബൈസെഫാലി എന്ന പ്രതിഭാസം മൂലമാണ് രണ്ട് തലയുള്ള പാമ്പുകൾ ജനിക്കുന്നതെന്നാണ് ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് കൺസർവേഷൻ (എഫ്‌.ഡബ്ല്യു.സി) ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നത്.

ഭ്രൂണവികസന വേളയിൽ രണ്ട് മോണോസൈഗോട്ടിക് ഇരട്ടകൾ വേർതിരിയുന്നതിൽ പരാജയപ്പെടുമ്പോഴാണ് രണ്ട് തലകളും ഒരു ഉടലുമായി ഇത്തരം പാമ്പുകൾ ജനിക്കുന്നത്. അതേസമയം, രണ്ട് തലയുള്ള പാമ്പുകൾക്ക് വനങ്ങളിൽ അധികം ജീവിക്കാൻ സാധിക്കില്ലെന്നും പോസ്റ്റിലുണ്ട്. രണ്ട് തലയുള്ളതുകൊണ്ട് ഒരു തീരുമാനത്തിലെത്താൻ ഇതിന് സാധിക്കില്ല. ഭക്ഷണകാര്യം പോലും രണ്ട് തലകളും രണ്ട് രീതിയിലാണ് ചിന്തിക്കുക. ഒരു തല ഭക്ഷണം കാണുമ്പോൾ കഴിക്കാൻ നോക്കും. എന്നാൽ, മറുതലയ്ക്ക് ഭക്ഷണം കഴിയ്ക്കാൻ താത്പര്യം ഇല്ലെങ്കിൽ അവ ഇഴഞ്ഞു നീങ്ങും. ഇവയ്ക്ക് അധികമായുസില്ലാത്തതിന്റെ പ്രധാനകാരണവുമിതാണ്.