
കാബൂൾ: അഫ്ഗാൻ സ്പെഷ്യൽ ഫോഴ്സ് നടത്തിയ ഓപ്പറേഷനിലൂടെ ഭീകര സംഘടനയായ അൽ ഖ്വയ്ദയുടെ ഉന്നത റാങ്കിലുള്ള നേതാവിനെ വധിച്ചെന്ന് അഫ്ഗാൻ ഇന്റലിജൻസ്. അമേരിക്കയുടെ വാണ്ടഡ് ലിസ്റ്റിലുള്ള അബു മുഹ്‌സിൻ അൽ മസ്രിയെയാണ് വധിച്ചതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സെൻട്രൽ ഗാസ്നി പ്രവിശ്യയിൽ നടത്തിയ ഒാപ്പറേഷനിടെയാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്ഥാൻ നാഷണൽ ഡയറക്ടറേറ്റ് ഒഫ് സെക്യൂരിറ്റി ട്വീറ്റ് ചെയ്തു. അതേസമയം കൂടുതൽ വിവരങ്ങൾ അഫ്ഗാൻ പുറത്തുവിട്ടിട്ടില്ല. എഫ്.ബി.ഐയുടെ 'മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ്' പട്ടികയിലുളള വ്യക്തിയാണ് അൽ മസ്രി.
വിദേശസംഘടനയ്ക്ക് ആയുധങ്ങളും സാമ്പത്തിക പിന്തുണയും നൽകി അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് അമേരിക്ക അൽ മസ്രിയെ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.