
പോഗ്യാംഗ്: ചൈനയിൽ നിന്നും വീശുന്ന യെല്ലോ ഡസ്റ്റിനെ നേരിടാൻ ഒരുങ്ങിയിരിക്കുകയാണ് ഉത്തര കൊറിയ. കൊവിഡ് പ്രഭവ കേന്ദ്രമായി കണക്കാക്കപ്പെടുന്ന ചൈനയിൽ നിന്നും വീശുന്ന യെല്ലോ ഡസ്റ്റ് കൊറോണ വൈറസിനെ രാജ്യത്തേയ്ക്ക് കൊണ്ടുവരുമെന്നാണ് ഉത്തര കൊറിയയുടെ ഭയം. അതിനാൽ, ജനങ്ങൾ വീടിനുള്ളിൽ തന്നെ ഇരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കൊവിഡ് ലോകമെമ്പാടും പടരുന്ന സാഹചര്യത്തിൽ യെല്ലോ ഡസ്റ്റിനെ നേരിടുകയും സമഗ്രമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ടതിന്റെ ആവശ്യകത കൂടുതൽ പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് രാജ്യത്തിന്റെ ഔദ്യോഗിക പാർട്ടി പത്രമായ റോഡോങ്ക് സിൻമുൻ വ്യക്തമാക്കി. 1,900 കിമീ അകലെയുള്ള ഗോബി മരുഭൂമിയിൽ നിന്ന് വൈറസ് ഉത്തര കൊറിയയിലേക്ക് പടരുമെന്നും പത്രത്തിൽ പറയുന്നു.
ജനങ്ങളെല്ലാം വീടിന് പുറത്തുള്ള പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണണെന്നും പുറത്ത് പോകുമ്പോൾ മാസ്‌ക് ധരിക്കുന്നത് അടക്കമുള്ള മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും പത്രത്തിൽ നിർദ്ദേശിക്കുന്നു.
എന്നാൽ, ഇക്കാര്യത്തിൽ ആരോഗ്യവിദഗ്ദ്ധർക്ക് വിപരീത സമീപനമാണ് ഉള്ളത്. കാറ്റിലൂടെ ഇത്രയധികം ദൂരത്തേക്കു വൈറസ് വരുമെന്ന ഉത്തര കൊറിയയുടെ ഭയത്തെ ആരോഗ്യ വിദഗ്ദ്ധർ പിന്തുണയ്ക്കുന്നില്ല. ഇതുവരെ ഒരൊറ്റ കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തില്ലെന്ന് അവകാശവാദം ഉന്നയിക്കുന്ന ഉത്തര കൊറിയയിൽ രോഗവ്യാപനം തടയാൻ അതിർത്തികളിൽ ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങ
ൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സാമ്പത്തികമായും രാഷ്ട്രീയമായും ഒറ്റപ്പെട്ട രാജ്യത്തിന് മഹാമാരി വിനാശകരമാകുമെന്നാണ് വിശകലന വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവർ പറയുന്നത്. യെല്ലോ ഡസ്റ്റിൽ ദോഷകരമായ വസ്തുക്കളായ ഹെവി ലോഹങ്ങളും രോഗവാഹകരായ സുക്ഷ്മാണുക്കളും അടങ്ങിയിരിക്കാമെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള കെ.ആർ.ടി ടെലിവിഷൻ അറിയിച്ചു.
യെല്ലോ ഡസ്റ്റ്
ചൈനയിലേയും മംഗോളിയയിലേയും മരുഭൂമികളിൽ നിന്ന് പ്രത്യേക കാലാവസ്ഥകളിൽ എല്ലാ വർഷവും വീശിയടിക്കുന്ന മണൽക്കാറ്റാണ് യെല്ലോ ഡസ്റ്റെന്ന നാമധേയത്തിൽ അറിയപ്പെടുന്നത്.
ഈ കാറ്റ് ശ്വസിക്കുന്നത് മൂലം ശ്വാസകോശത്തിന് കടുത്ത പ്രശ്‌നങ്ങളുണ്ടാകും.വ്യാവസായിക മാലിന്യങ്ങൾ ഉൾപ്പെടെ അന്തരീക്ഷത്തിലെ വിഷവസ്തുക്കളുമായി മണൽത്തരികൾ കൂടിക്കലർന്ന കാറ്റിന് മഞ്ഞ നിറമാകുന്നതിനാലാണ് ഈ പേര് വന്നത്.