nayanthara-

ആരാധകര്‍ കാത്തിരിക്കുന്ന നയന്‍താര ചിത്രം മൂക്കുത്തി അമ്മന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ നാലിനാണ് ചിത്രം റിലീസ് ചെയ്യുക. നയന്‍താര മൂക്കുത്തി അമ്മനായി എത്തുന്ന ചിത്രത്തില്‍ ഉര്‍വശിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആള്‍ദൈവങ്ങളേയും വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങളേയുമെല്ലാം കണക്കിന് വിമര്‍ശിക്കുന്ന സറ്റയര്‍ ആണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.


ദൈവമില്ലെന്ന് പറയുന്നവനെ വിശ്വസിക്കാം, എന്നാല്‍ ഒരു ദൈവത്തെ മാത്രം വിശ്വസിച്ച് മറ്റ് ദൈവങ്ങളെ കുറ്റം പറയുന്നവരെ വിശ്വസിക്കരുതെന്ന് പറയുന്ന നയന്‍താരയുടെ വോയ്‌സ് ഓവറോടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. ഉര്‍വ്വശിയുടെ മുഴുനീള വേഷവും ചിത്രത്തിന്റെ പ്രധാന സവിശേഷതയാണ്. കോമഡിയില്‍ ഉര്‍വശിയുടെ മികവ് കൃത്യമായി മുതലെടുക്കുന്നതാകും ചിത്രമെന്നുറപ്പാണ്.

ആര്‍.ജെ ബാലാജിയാണ് ചിത്രത്തിലെ നായകന്‍. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നപ്പോള്‍ നയന്‍താരയുടെ മുടി കളര്‍ ചെയ്തതിനെ ചിലര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിനടക്കം ട്രെയിലര്‍ മറുപടി നല്‍കുന്നുണ്ട്. ഇതുവരെ കാണാത്ത നയന്‍താരയാണ് ചിത്രത്തിലുണ്ടാവുക എന്നുറപ്പാണ്. ദീപാവലിയ്ക്ക് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരിക്കും ചിത്രം റിലീസ് ചെയ്യുക.

ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും ഇവരുടേതാണ്. സ്മൃതി വെങ്കട്ട്, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഇശാരി ഗണേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.