nikki-haley

ഫിലാഡൽഫിയ: 2016ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഉടൻ ഡൊണാൾഡ് ട്രംപ് തനിക്ക് സെക്രട്ടറി ഒഫ് സ്റ്റേറ്റ് പദവി വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ, വാഗ്ദാനം താൻ നിരസിക്കുകയായിരുന്നെന്നും വെളിപ്പെടുത്തി ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹാലി. അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രചരണ പരിപാടികളിൽ സജീവമാണ് നിക്കി ഹാലി.

ന്യൂയോർക്കിലേക്ക് തന്നെ കൊണ്ടുവരുന്നതിന് വേണ്ടി ട്രംപ് ഒരു വിമാനം പോലും അയച്ചു. അനുഭവപരിജ്ഞാനം ഇല്ലാത്തതിനാൽ പദവിക്ക് അനുയോജ്യയല്ലെന്ന് ചൂണ്ടിക്കാട്ടി ആ വാഗ്ദാനം വിനയപൂർവം നിരസിക്കുകയായിരുന്നുവെന്നും നിക്കി പറയുന്നു. എന്നാൽ ദിവസങ്ങൾക്ക് ശേഷം ട്രംപ് നിക്കിക്ക് തന്റെ സ്റ്റാഫ് ചീഫ് മുഖാന്തരം ഐക്യരാഷ്ട്രസഭയുടെ യു.എസ് അംബാസഡർ പദവി വാഗ്ദാനം ചെയ്തു. ആ സമയത്ത് സൗത്ത് കരോലിന ഗവർണറായിരുന്നു നിക്കി. പദവി കാബിനറ്റ് റാങ്കുളളതായിരിക്കണം, പ്രതിനിധി ദേശീയ സുരക്ഷാ കൗൺസിലിൽ അംഗത്വമുളളയാളായിരിക്കണം, ഒരു 'യെസ് വുമൺ' ആയിരിക്കില്ല തുടങ്ങിയ മൂന്ന് ഉപാധികൾ താൻ മുന്നോട്ടുവെച്ചെന്നും ഉപാധികൾ അംഗീകരിച്ച ട്രംപ് എന്താണ് അടുത്ത പരിപാടി എന്നാണ് മറുപടിയായി ചോദിച്ചതെന്നും നിക്കി പറയുന്നു. ട്രംപിന്റെ വാഗ്ദാനം സ്വീകരിക്കുകയല്ലാതെ മറ്റുമാർഗങ്ങൾ തന്റെ മുന്നിൽ ഉണ്ടായിരുന്നില്ലെന്നും നിക്കി പറഞ്ഞു.

അമേരിക്കയും ഇന്ത്യയും തമ്മിലുളള ബന്ധം ട്രംപിന്റെ ഭരണിന് മുൻപ് ഇത്രമേൽ ശക്തമായിരുന്നില്ലെന്നും നിക്കി പറഞ്ഞു. ഭീകരവാദികളുടെ കേന്ദ്രമായ പാകിസ്ഥാന് സഹായം നൽകുന്നത് ട്രംപ് അവസാനിപ്പിച്ചു. ട്രംപിന്റെ ഭരണത്തിന് കീഴിൽ പ്രതിരോധമുൾപ്പടെ നിരവധി വിഷയങ്ങളിലാണ് ഇന്ത്യയുമായി അമേരിക്ക പങ്കാളിത്തം ഉറപ്പുവരുത്തിയിട്ടുളളത്.

അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണിയായി നിക്കി ചൂണ്ടിക്കാണിച്ചത് ചൈനയെയാണ്.
ട്രംപ് ഒരു രാഷ്ട്രീനേതാവല്ല, അദ്ദേഹം എന്താണോ അതാണ് നിങ്ങൾ കാണുന്നത്. എതിർസ്ഥാനാർത്ഥി ജോ ബൈഡനും ഡൊണാൾഡ് ട്രംപും തമ്മിൽ വലിയ വ്യതാസമുണ്ടെന്നും നിക്കി പറഞ്ഞു.