
ഗുവാഹത്തി: 'എന്റെ ലൂബയെ നന്നായി നോക്കണേ... മൃഗശാലയിലെത്തി ഇടയ്ക്കിടെ അവളെ കാണാൻ അനുമതി നൽകണേ...' കണ്ണീരോടെ ടെർഡെ യൂംച എന്ന ചെറുപ്പക്കാരൻ പറഞ്ഞു. അവിശ്വസനീയമായ ഈ അപൂർവ്വ സൗഹൃദത്തിന്റെ അങ്ങേത്തലയ്ക്കലെ നായിക ഒരു കരടിക്കുട്ടിയാണ്. പേര് ലൂബ.
ഒരു മാസം മാത്രം പ്രായമുള്ള ലൂബയെ അനധികൃത വന്യജീവി വ്യാപാരികളിൽ നിന്ന് രക്ഷപെടുത്തുകയായിരുന്നു അരുണാചൽ പ്രദേശിലെ ഗോത്രവർഗക്കാരനായ ടെർഡെ. ഒമ്പതു മാസത്തോളം ഒരു കുട്ടിയെ പരിപാലിക്കുന്നത് പോലെ നോക്കി വളർത്തി. ഒടുവിൽ
ലൂബയെ ഇറ്റാനഗർ മൃഗശാലയിലെ അധികൃതർക്ക് കൈമാറേണ്ടി വന്നപ്പോഴാണ് കണ്ണീരോടെ ടെർഡെ യാത്രയയപ്പ് നൽകിയത്.
ഒമ്പതുമാസം മുമ്പ് ലൂബയെ ആദ്യമായി കണ്ടപ്പോൾ ടെർഡയുടെ കയ്യിൽ ഒതുങ്ങുന്ന വലിപ്പമേ ഉണ്ടായിരുന്നുള്ളൂ. ലൂബയെ അധികൃതരെ ഏൽപ്പിക്കണമെന്ന് ആദ്യം തീരുമാനിച്ചെങ്കിലും പെട്ടെന്ന് തന്നെ ഇരുവരും സുഹൃത്തുക്കളായി. പിന്നീടുള്ള ഒമ്പത് മാസം യൂംച തന്റെ സ്‌കൂൾ സ്‌റ്റൈപ്പന്റും മാതാപിതാക്കൾ നൽകിയ പണവും ഉപയോഗിച്ച് കരടിക്കുട്ടിയെ പരിപാലിച്ചു.
യൂംചയുടെ നാട്ടിലും ലൂബ പ്രശസ്തയായി. അലുമിനിയം ട്യൂബിൽ കുളിക്കുന്നതും കുട്ടികളുമായി കളിക്കുന്നതും ലൂബ ഇഷ്ടപ്പെട്ടിരുന്നു. നിരവധിപ്പേർ സമ്മാനങ്ങളുമായി ലൂബയെ സന്ദർശിച്ചു. മഞ്ഞ നിറത്തിലുള്ള ഉടുപ്പിട്ട് വീട്ടിൽ ഓടി നടന്ന് കുപ്പിപ്പാൽ കുടിക്കുന്ന ലൂബയുടെ വീഡിയോ ലോകമെങ്ങും വൈറലായി. കാട്ടുകരടികളിൽ നിന്ന് വ്യത്യസ്തമായി, വെജിറ്റേറിയൻ ഭക്ഷണമാണ് ലൂബയ്ക്ക് നൽകിയിരുന്നത്.
ലൂബയെ ഇറ്റാനഗർ മൃഗശാലയിൽ വന്ന് സന്ദർശിക്കാനുള്ള അനുമതി നൽകണമെന്നായിരുന്നു ലൂബയെ കൈമാറിയപ്പോൾ യൂംച അഭ്യർത്ഥിച്ചത്. അത് സാധിക്കുമോ എന്ന കാര്യത്തിൽ മൃഗശാല അധികൃതര്‍ ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. കോളേജില്‍ൽ ചേർന്നതിനാൽ യൂംചയും അതേ നഗരത്തിൽ ഉണ്ടായിരിക്കും.