ipl-sanju-stocks

അബുദാബി : ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ മുംബയ് ഇന്ത്യൻസ് നൽകിയ 196 റൺസ് ലക്ഷ്യം ആവേശത്തോടെ മറികടന്ന് നൽകി രാജസ്ഥാൻ റോയൽസ്. ഇടക്കാലത്തെ നിരാശപ്പെടുത്തലുകൾക്ക് ശേഷം ഫോമിലേക്ക് തിരിച്ചെത്തി അടിപൊളി അർദ്ധസെഞ്ച്വറി നേടിയ സഞ്ജു സാംസണും (31 പന്തുകളിൽ പുറത്താകാതെ 54 റൺസ്) സഞ്ജുവിനും ആത്മവിശ്വാസം നൽകി വമ്പൻ ഷോട്ടുകൾ നിർലോഭം പായിച്ച് സെഞ്ച്വറി നേടിയ ബെൻ സ്റ്റോക്സും(60 പന്തുകളിൽ 107 റൺസ്) ചേർന്നാണ് രാജസ്ഥാന് കിടിലൻ വിജയം സമ്മാനിച്ചത്. ഉത്തപ്പയും (13) സ്മിത്തും (11) പുറത്തായ ശേഷം 44/2 എന്ന നിലയിൽ ക്രീസിൽ ഒരുമിച്ച സഞ്ജുവും സ്റ്റോക്സും ചേർന്ന് മൂന്നാം വിക്കറ്റിൽ 152 റൺസാണ് കൂട്ടിച്ചേർത്തത്.

ചേസിംഗിന്റെ മനോഹാരിത പൂർണമായും പ്രകടമായ ഇന്നിംഗ്സുകളായിരുന്നു സഞ്ജുവിന്റെയും സ്റ്റോക്സിന്റെയും. ഓപ്പണറായി ഇറങ്ങിയ സ്റ്റോക്സ് തുടക്കം മുതൽ തകർത്തടിച്ചപ്പോൾ നാലാമനായി എത്തിയ സഞ്ജു ആദ്യം ക്ഷമയോടെ പ്രതിരോധിച്ച് കളം മനസിലാക്കിയ ശേഷം തിമിർത്താടി. സ്റ്റോക്സ് 14 ഫോറുകളും മൂന്ന് സിക്സുകളും പറത്തിയപ്പോൾ സഞ്ജു നാലുഫോറും മൂന്ന് സിക്സും പായിച്ചു.

ഈ സീസണിലെ സഞ്ജുവിന്റെ മൂന്നാം അർദ്ധസെഞ്ച്വറിയാണിത്. ഈ സീസണിൽ സെഞ്ച്വറി നേടുന്ന നാലാമത്തെ താരമാണ് സ്റ്റോക്സ്. വിജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 10 പോയിന്റായ രാജസ്ഥാൻ ആറാംസ്ഥാനത്തെത്തി.മുംബയ് 11 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ഒന്നാമതാണ്.

പരിക്കിൽ നിന്ന് പൂർണമായും മോചിതനാകാത്ത രോഹിത് ശർമ്മയ്ക്ക് പകരം പൊള്ളാഡാണ് ഇന്നലെയും മുംബയ്‌യെ നയിച്ചത്. ടോസ് നേടിയ പൊള്ളാഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.ആദ്യ ഒാവറിൽ ഇൻഫോം ബാറ്റ്സ്മാൻ ഡി കോക്കിനെ(6) ആർച്ചർ ബൗൾഡാക്കിയ ശേഷം സൂര്യകുമാർ യാദവും (26 പന്തിൽ 40 റൺസ്) ഇശാൻ കിഷനും (36 പന്തിൽ 37 റൺസ് ) ചേർന്ന് കൂട്ടിച്ചേർത്ത 83 റൺസാണ് മുംബയ്ക്ക് അടിത്തറയായത്.എന്നാൽ 13ഓവറിൽ 101 റൺസിലെത്തിയപ്പോഴേക്കും ഇശാൻ,സൂര്യകുമാർ,പൊള്ളാഡ് (6)എന്നിവർ പുറത്തായി. തുടർന്ന് ക്രീസിലൊരുമിച്ച സൗരഭ് തിവാരിയും(34) ഹാർദിക്ക് പാണ്ഡ്യയും (60 നോട്ടൗട്ട്) ചേർന്ന് മുന്നോട്ടുനയിച്ചു.അവസാന ഒാവറിൽ ഹാർദിക്ക് കാർത്തിക ത്യാഗിക്കെതിരെ മൂന്ന് സിക്സും രണ്ടുഫോറും ഉൾപ്പടെ 27 റൺസാണ് നേടിയത്.

ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെതിരെ എട്ടു വിക്കറ്റിന് ചെന്നൈയുടെ ആശ്വാസ വിജയം

ദുബായ് : സീസണിൽ എട്ടുകളികളിൽ തോറ്റ് പ്ളേ ഓഫ് കാണാതെ പുറത്താകുമെന്നത് ഉറപ്പാണെങ്കിലും ഇന്നലെ നടന്ന മത്സരത്തിൽ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെതിരെ ചെന്നൈയ്ക്ക് എട്ടുവിക്കറ്റ് വിജയത്തിന്റെ ആശ്വാസം. സീസണിൽ ചെന്നൈയുടെ 12മത്സരങ്ങളിൽ നിന്ന് ചെന്നൈയുടെ നാലാമത്തെമാത്രം ജയമാണിത്.

ബാംഗ്ളൂർ ഉയർത്തിയ 145/6 എന്ന സ്കോർ എട്ടു പന്തുകൾ ശേഷിക്കേയാണ് രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ചെന്നൈ മറികടന്നത്. ഓപ്പണർ റിതുരാജ് ഗേയ്ക്ക്‌വാദിന്റെയും (51പന്തുകളിൽ 65 റൺസ്,നാലുഫോർ,മൂന്ന് സിക്സ്), അമ്പാട്ടി റായ്ഡുവിന്റെയും (27പന്തുകളിൽ 39 റൺസ്) ഫാഫ് ഡുപ്ളെസിയുടെയും (13 പന്തുകളിൽ 25 റൺസ്) ഉത്തരവാദിത്വത്തതോടെയുള്ള ബാറ്റിംഗാണ് ചെന്നൈയെ ചാരമാകുന്നതിൽ നിന്ന് രക്ഷപെടുത്തിയത്.

ദുബായ്‌യിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ളൂർ മാന്യമായി തുടങ്ങിയെങ്കിലും വലിയ സ്കോറിൽ ഫിനിഷ് ചെയ്യാനായില്ല.ആരോൺ ഫിഞ്ചും (15) ദേവ്ദത്ത് പടിക്കലും (22) ചേർന്ന് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 31 റൺസ്.നാലാം ഓവറിൽ കറാൻ ഫിഞ്ചിനെയും ഏഴാം ഓവറിൽ സാന്റ്നർ ദേവ്ദത്തിനെയും പുറത്താക്കിയ ശേഷം ക്രീസിലൊരുമിച്ച നായകൻ വിരാട് കൊഹ്‌ലിയും (43പന്തുകളിൽ ഓരോ സിക്സും ഫോറുമടക്കം 50 റൺസ്) എ.ബി ഡിവില്ലിയേഴ്സും (36 പന്തുകളിൽ 39 റൺസ്) ചേർന്ന് കൂട്ടിച്ചേർത്തത് 82 റൺസാണ്.എന്നാൽ അവസാന ഓവറുകളിൽ റൺറേറ്റ് ഉയർത്തുന്നതിൽ ബാംഗ്ളൂർ പരാജയപ്പെട്ടു. ഡിവില്ലിയേഴ്സിനെയും കൊഹ്‌ലിയെയും കൂടാതെ മൊയീൻ അലി (1),ക്രിസ് മോറിസ് (2) എന്നിവരെയും നഷ്ടമായി. ചെന്നൈയ്ക്ക് വേണ്ടി സാം കറാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.

പവർ പ്ളേയിൽ നല്ല തുടക്കമിട്ടശേഷം ഡുപ്ളെസി പുറത്തായെങ്കിലും റിതുരാജും അമ്പാട്ടിയും ചേർന്ന് 67 റൺസ് കൂട്ടിച്ചേർത്തത് വിജയത്തിന് അസ്ഥിവാരമായി. 14-ാം ഓവറിൽ അമ്പാട്ടി പുറത്തായശേഷം ധോണി (19*) റിതുരാജുമായി ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു.