
സ്യോൾ: വിലകുറഞ്ഞ ടിവികൾ നിർമ്മിച്ചിരുന്ന ചെറിയൊരു കമ്പനിയിൽ നിന്ന് ലോകത്തെ ചലിപ്പിച്ച ഏറ്റവും വലിയ ഇലക്‌ട്രോണിക്‌സ് കമ്പനിയായി സാംസംഗിനെ വളർത്തിയ പ്രതിഭയായിരുന്നു ഇന്നലെ അന്തരിച്ച ലീ കൻ-ഹീ. സാംസംഗ് സ്ഥാപകൻ ലീ ബ്യുംഗ്-ചുലിന്റെ മൂന്നാമത്തെ മകനായി ദക്ഷിണ കൊറിയൻ നഗരമായ ദേഗുവിൽ 1942ലായിരുന്നു ലീ കൻ-ഹീയുടെ ജനനം.
ടോക്കിയോയിലും വാഷിംഗ്‌ടണിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ലീ കൻ-ഹീ, 1968ലാണ് സാംസംഗിൽ ചേരുന്നത്. പിതാവിന്റെ മരണാനന്തരം 1987ൽ അദ്ദേഹം സാംസംഗ് ചെയർമാനായി. അതുവരെ, നിലവാരമില്ലാത്ത ഇടത്തരം ടിവികളും മറ്റ് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളും മാത്രം നിർമ്മിച്ചിരുന്ന സാംസംഗ്, പിന്നീട് കണ്ടത് ലോകം പിടിച്ചടക്കുന്ന വളർച്ചയാണ്.
സോണി, പാനസോണിക്, ഷാർപ്പ് തുടങ്ങിയ കമ്പനികളോട് മത്സരിക്കുന്നവിധം ടിവി ശ്രേണിയിലേക്ക് ആഗോളതലത്തിൽ അദ്ദേഹം സാംസംഗിനെ ഉയർത്തി. ഗ്യാലക്‌സി സ്മാർട്ട്ഫോണുകളിലൂടെ നോക്കിയയുടെ അപ്രമാദിത്തം തകർത്തു. ലോകത്ത് ഏറ്റവുമധികം സ്മാർട്ട്ഫോണുകൾ വിറ്റഴിക്കുന്ന കമ്പനി, ഈ രംഗത്ത് ഏറ്റവുമധികം വരുമാനമുള്ള കമ്പനി തുടങ്ങിയ പട്ടങ്ങൾ ആപ്പിളിൽ നിന്നും സാംസംഗ് പിടിച്ചെടുത്തതും അദ്ദേഹത്തിന്റെ കിരീടത്തിലെ പൊൻതൂവലായി.
2006ലാണ് സോണിയെ പിന്നിലാക്കി ലോകത്തെ ഏറ്റവും വലിയ ടിവി കമ്പനിയായി സാംസംഗ് മാറിയത്. 2011ൽ സ്മാർട്ട്ഫോണുകളിലെയും വൻ കമ്പനിയായി സാംസംഗ് തേരോട്ടം തുടങ്ങി.
ഗൃഹോപകരണങ്ങൾ, ഇൻഷ്വറൻസ്, കപ്പൽ നിർമ്മാണം, കൺസ്‌ട്രക്ഷൻ തുടങ്ങി ഒട്ടേറെ വൈവിദ്ധ്യമേഖലകളിലേക്കും സാംസംഗിനെ ലീ നയിച്ചു. സഹപ്രവർത്തകർ 'ഹെർമറ്റ് കിംഗ്" (സന്യാസിയായ രാജാവ്) എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. പൊതുവേ സൗമ്യനായിരുന്ന ലീ, മാദ്ധ്യമങ്ങളിലും കാര്യമായി മുഖംകാണിച്ചിരുന്നില്ല.
''എല്ലാത്തിനെയും മാറ്റിമറിക്കാൻ നമുക്ക് കഴിയും, ഭാര്യമാരേയും മക്കളെയും ഒഴിച്ച്", ലീ സഹപ്രവർത്തകർക്ക് ഇടയ്ക്കിടെ നൽകാറുണ്ടായിരുന്ന തമാശരൂപേണയുള്ള ഉപദേശമായിരുന്നു ഇത്.
വിവാദങ്ങളുടെ
തോഴൻ
ദക്ഷിണ കൊറിയൻ പ്രസിഡന്റിന് കൈക്കൂലി വാഗ്‌ദാനം ചെയ്‌തെന്ന ആരോപണത്തെ തുടർന്ന് 2008ൽ ലീ ചെയർമാൻ പദവി ഒഴിഞ്ഞിരുന്നു. നികുതിവെട്ടിപ്പ്, പണം തിരിമറി തുടങ്ങിയ കേസുകളും അദ്ദേഹത്തിനെ വേട്ടയാടി. എന്നാൽ, ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ട അദ്ദേഹം 2010ൽ ചെയർമാൻ സ്ഥാനത്തേക്ക് തിരിച്ചെത്തി.
₹1.50 ലക്ഷം കോടി
2,100 കോടി ഡോളറിന്റെ (ഒന്നരലക്ഷം കോടി രൂപ) ആസ്‌തിയുമായി ദക്ഷിണ കൊറിയയിലെ ഏറ്റവും സമ്പന്നനായിരുന്നു ലീ കൻ-ഹീ. 9 ലക്ഷം ദക്ഷിണ കൊറിയൻ വോണിൽ നിന്ന് 33.4 ലക്ഷം കോടി വോണിലേക്കാണ് അദ്ദേഹത്തിന്റെ കീഴിൽ സാംസംഗിന്റെ വില്പന ഉയർന്നത്. മൂല്യം 90,000 കോടി വോണിൽ നിന്നുയർന്ന് 318 ലക്ഷം കോടി വോണിലുമെത്തി.
ഇനി ലീ ജേ-യോംഗ് യുഗം
ലീ കൻ-ഹീയുടെ മകനും സാംസംഗിന്റെ വൈസ് പ്രസിഡന്റുമായ ലീ ജേ-യോംഗ് അടുത്ത ചെയർമാനായേക്കും. എന്നാൽ, ദക്ഷിണ കൊറിയൻ പ്രസിഡന്റിന് കൈക്കൂലി നൽകിയെന്ന കുറ്റത്തിന് നിയമനടപടി നേരിടുകയാണ് യോംഗ്.