modi

ന്യൂഡൽഹി : പാകിസ്താനുമായും ചൈനയുമായും രാജ്യം എപ്പോഴാണ് യുദ്ധം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതായി ബി.ജെ.പിയുടെ ഉത്തര്‍പ്രദേശ് മേധാവി സ്വാത്ര ദേവ് സിംഗിന്റെ പ്രസ്താവനയിൽ വിവാദം ഉയരുന്നു. ' രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370 എന്നിവ തീരുമാനിച്ചതുപോലെ പാകിസ്ഥാനും ചൈനയുമായും എപ്പോള്‍ യുദ്ധം നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട് ' എന്നായിരുന്നു ദേവ്സിംഗ് പറഞ്ഞത്.

നേരത്തെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും ഇന്ത്യാ-ചൈന സംഘര്‍ഷത്തെക്കുറിച്ച്‌ പരാമര്‍ശം നടത്തിയിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ച്‌ കടന്ന ചൈനയ്ക്കെതിരെ രാജ്യം സ്വീകരിച്ച തിരിച്ചടിയില്‍ ചൈന ഞെട്ടിപ്പോയെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.

എല്ലാവരുമായും സൗഹൃദത്തിലാകാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും എന്നാല്‍ ആ സ്വഭാവം ബലഹീനതയായി കണക്കിലെടുത്ത് മുതലെടുക്കാന്‍ ശ്രമിക്കരുതെന്നും ഭാഗവത് പറഞ്ഞിരുന്നു.

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യാ- ചൈനാ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു.