
വലതുപക്ഷ രാഷ്ട്രീയം ശക്തിയാർജ്ജിച്ച് വരുന്ന ഈ കാലഘട്ടത്തിൽ തീവ്ര ഇസ്‌ലാമിക രാഷ്ട്രീയത്തെ കൂട്ടുപിടിച്ച് മുന്നോട്ട് പോകാനാണ് പാകിസ്ഥാന്റെ ഇപ്പോഴത്തെ ശ്രമം. അതിനു വേണ്ടിയാണ് തുർക്കി, മലേഷ്യ എന്നീ രാജ്യങ്ങൾക്കൊപ്പം ചൈനയുമായും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സൗഹൃദം സൃഷ്ടിച്ചെടുത്തിരിക്കുന്നത്. തീവ്ര ഇസ്‌ലാമിക നിലപാടുകളാണ് ഇക്കാലത്ത് തങ്ങൾക്ക് ഗുണം ചെയ്യുക എന്ന് മനസിലാക്കിക്കൊണ്ടാണ് ഇമ്രാൻ ഖാൻ ജനാധിപത്യത്തിൽ നിന്നും മതമൗലികവാദത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന തുർക്കിയെയും, മുസ്ലിം ഭൂരിപക്ഷമുള്ള മലേഷ്യയെയും വളരുന്ന ശക്തിയായ ചൈനയെയും ഒപ്പം നിർത്തുന്നത്.
ഈ കൂട്ടുകെട്ടിലൂടെ ഒരു 'ഇസ്ലാമിക് ആക്സിസ്' സൃഷ്ടിച്ചെടുത്ത് അതിലൂടെ ലോകരാജ്യങ്ങൾക്കിടയിൽ പ്രബല ശക്തിയായി മാറുക എന്നതാണ് ഈ നാല് രാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഇതിലൂടെ സൗദി അറേബ്യയുടെ ആധിപത്യം തകർക്കാനും ഈ രാജ്യങ്ങൾ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി ഇവർ കണ്ടെത്തിയ വഴികളിലൊന്നാണ് മതഭ്രാന്തിൽ അടിസ്ഥാനപ്പെടുത്തിയ ഭീകരവാദത്തെ വളർത്തിയെടുക്കുക എന്നത്.
പണ്ടുമുതലേ ഈ വഴിക്ക് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാന് കൂട്ടായി ഇപ്പോൾ തുർക്കിയും രംഗത്തുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഭീകരവാദ സെല്ലുകൾ സൃഷ്ടിച്ചെടുക്കുന്നതിന് പിന്നിൽ തുർക്കിയുമുണ്ടെന്ന ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കിയത് 'ഇസ്ലാമിക് ആക്സിസി'ന്റെ ഗൂഢപദ്ധതികളെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഈ പദ്ധതികൾ വിജയിക്കാൻ അൽപ്പം ബുദ്ധിമുട്ടാണെന്ന് സൂചിപ്പിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഭീകവാദത്തിന് സാമ്പത്തിക സഹായം നൽകുന്നതിൽ നിന്നും പിന്നോട്ട് പോകാത്ത പാകിസ്ഥാൻ തങ്ങളുടെ 'ഗ്രേ' ലിസ്റ്റിൽ തന്നെ തുടരേണ്ടി വരും എന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സിന്റെ തീരുമാനം അടുത്തിടെയാണുണ്ടായത്. ആഗോളതലത്തിൽ കള്ളപ്പണ വിതരണ ശ്രമങ്ങളെയും ഭീകരവാദ ഫണ്ടിംഗിനെയും നിരീക്ഷിക്കുകയും അത്തരത്തിൽ പ്രവർത്തിക്കുന്ന രാജ്യങ്ങൾക്കുമേൽ കഠിന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്ന എഫ്.എ.ടി.എഫിന്റെ ഈ തീരുമാനം പാകിസ്ഥാന് കനത്ത അടിയാണ് നൽകിയിരിക്കുന്നത്.
കയറ്റുമതി, ഇറക്കുമതി തുടങ്ങി പാകിസ്ഥാന്റെ സകലവിധ സാമ്പത്തിക പ്രവർത്തങ്ങളെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കുകയാണ് ചെയ്യുക. കൊവിഡ് സാഹചര്യത്തിൽ തകർന്നുകിടക്കുന്ന പാക് സമ്പദ്ഘടനയ്ക്കുമേൽ 'കൂനിൻമേൽ കുരു' എന്ന രീതിയിലാകും ഈ നിയന്ത്രണങ്ങൾ വന്നു പതിക്കുക. ഈ സാഹചര്യത്തിൽ തങ്ങളുടെ കൂട്ടാളിയെ സഹായിക്കാനായി തുർക്കി ഓടിയെത്തിയിരുന്നു.
എഫ്.എ.ടി.എഫിന്റെ പ്ലീനറി മീറ്റിംഗിൽ പാകിസ്ഥാന് അനുകൂലമായ നിലപാട് സ്വീകരിച്ചുകൊണ്ടാണ് തുർക്കി രാജ്യത്തെ സഹായിക്കാൻ ശ്രമിച്ചത്. ഇതിനായി തങ്ങളുടെ പ്രതിനിധി സംഘത്തെ ഇസ്ളാമാബാദിലേക്ക് അയക്കാമെന്നും എഫ്.എ.ടി.എഫ് നിർദേശിച്ചിരുന്ന 26 ഇന കർമ്മ പദ്ധതികളിൽ എത്രത്തോളം പാകിസ്ഥാൻ നടപ്പാക്കിയെന്ന് തങ്ങൾ തന്നെ വിലയിരുത്താമെന്നു പോലും തുർക്കി പറഞ്ഞിരുന്നു. പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ നിന്നും രക്ഷപ്പെടുത്തി വൈറ്റ് ലിസ്റ്റിൽ എത്തിക്കാനായിരുന്നു തുർക്കിയുടെ ശ്രമം.
എന്നാൽ തുർക്കിയുടെ ഈ ശ്രമം പാളുകയാണ് ഉണ്ടായത്. പാകിസ്ഥാന് ഗ്രേ ലിസ്റ്റിൽ നിന്നും രക്ഷപ്പെടാനായില്ല എന്ന് മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന 'ബ്ലാക്ക്' ലിസ്റ്റിലേക്ക് പാകിസ്ഥാൻ അധികം താമസിയാതെ തന്നെ എത്തിപ്പെടും എന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. തങ്ങൾ നൽകിയ 26 ഇന കർമ്മപദ്ധതി പൂർത്തീകരിക്കാൻ അടുത്ത വർഷം ഫെബ്രുവരി വരെ മാത്രമാണ് എഫ്.എ.ടി.എഫ് പാകിസ്ഥാന് സമയം അനുവദിച്ചിരിക്കുന്നത്.
എഫ്.എ.ടി.എഫിന്റെ പ്ലീനറി കൂടിക്കാഴ്ചയിൽ പാകിസ്ഥാനെ സഹായിക്കാൻ തുർക്കി മാത്രമാണ് എത്തിയതെന്നത് കൗതുകകരമായ സംഗതിയാണ്. പാകിസ്ഥാന് സാമ്പത്തികമായും വികസനത്തിന്റെ രൂപത്തിലും വൻ സഹായങ്ങൾ നൽകുന്ന ചൈനയോ 'ഇസ്ലാമിക് ആക്സിസി'ന്റെ ഭാഗമാകാൻ നിൽക്കുന്ന മലേഷ്യയോ തങ്ങളുടെ സുഹൃത്തിനെ പിന്തുണയ്ക്കാൻ എത്തിയിരുന്നില്ല. സാമ്പത്തികപരമായി ഇപ്പോൾ തന്നെ ബുദ്ധിമുട്ടിലായിരിക്കുന്ന പാകിസ്ഥാനെ വീണ്ടും ഒറ്റപ്പെടലിലേക്കും ദുരിതത്തിലേക്കും നയിക്കുന്നതാണ് നയതന്ത്ര പിന്തുണയുടെ ഈ അഭാവം എന്നതിൽ സംശയമില്ല.