home-loans

 ആകർഷകമായി പലിശനിരക്കുകൾ

കൊച്ചി: സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം കാണുന്നവർക്ക്, പണത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ വായ്‌പ നേടാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ്. ഭവന വായ്‌പാ പലിശനിരക്ക് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണുള്ളത്; അതും ഏഴ് ശതമാനത്തിന് താഴെ. ബാങ്കിലേക്ക് പായുംമുമ്പ് ഒരു കാര്യം കൂടി കേട്ടോളൂ - മികച്ച ക്രെഡിറ്റ് (സിബിൽ) സ്‌കോറുണ്ടെങ്കിലേ വായ്‌പ കിട്ടൂ.

കൊവിഡ്, ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് റിപ്പോനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നാലു ശതമാനമാക്കി കുറച്ചതാണ് ബാങ്ക് വായ്‌പാ പലിശനിരക്കുകളും താഴാൻ സഹായിച്ചത്. റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്‌പയുടെ പലിശയായ റിപ്പോനിരക്ക് കുറഞ്ഞതോടെ വായ്പാപലിശയും താഴ്ന്നു.

ഉത്സവകാലം പ്രമാണിച്ച് ബാങ്കുകൾ ഒട്ടേറെ ഓഫറുകൾ നൽകുന്നുണ്ടെന്നതും പലിശ തേടുന്നവർക്ക് അനുഗ്രഹമാണ്. യൂണിയൻ ബാങ്കിൽ ഇപ്പോൾ ഭവന വായ്‌പകൾക്ക് പലിശ 6.7 ശതമാനം മുതലാണ്. ബാങ്ക് ഒഫ് ഇന്ത്യയിൽ പലിശ 6.85 ശതമാനം മുതൽ. 6.90 ശതമാനം മുതലാണ് എസ്.ബി.ഐ., എച്ച്.ഡി.എഫ്.സി., ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ വാഗ്‌ദാനം ചെയ്യുന്നത്.

ഉത്സവകാലത്തോട് അനുബന്ധിച്ച് ഭവന വായ്‌പകൾക്ക് 0.25 ശതമാനം വരെ പലിശയിളവ് നേടാവുന്ന ഓഫർ എസ്.ബി.ഐ അവതരിപ്പിച്ചിട്ടുണ്ട്. ക്രെഡിറ്റ് സ്‌കോർ, വായ്‌പാത്തുക തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ളതാണ് ഓഫർ. എച്ച്.ഡി.എഫ്.സിയുടെ 'മൺസൂൺ ബൊണാൻസ"യിലൂടെ 6.90 ശതമാനം മുതൽ പലിശനിരക്കിൽ വാങ്ങുന്ന പ്രോപ്പർട്ടിയുടെ മൂല്യത്തിന്റെ 90 ശതമാനം വരെ വായ്‌പ നേടാം.

പ്രോസസിംഗ് ഫീസിൽ ഇളവും 100 ശതമാനം ടോപ്-അപ്പുമാണ് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വാഗ്‌ദാനം. ബാങ്ക് ഒഫ് ബറോഡ പ്രോസസിംഗ് ഫീസിൽ പൂർണ ഇളവും നൽകുന്നു.

വേണം, നല്ല

ക്രെഡിറ്റ് സ്‌കോർ

 300 മുതൽ 900 വരെയാണ് സിബിൽ സ്‌കോർ. 750ന് മുകളിൽ സ്‌കോറുള്ളവരാണ് സാധാരണ ബാങ്കുകൾ വായ്‌പ നൽകുക. മുൻകാല വായ്‌പകൾ കൃത്യമായ അടച്ചവർക്കാണ് ഉയർന്ന സ്‌കോർ ലഭിക്കുന്നത്.

 സ്ഥിരവരുമാനക്കാർ, ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ (ഉദാഹരണത്തിന് സർക്കാർ ജോലിയുള്ളവർ) എന്നിവർക്കാണ് സ്വയം തൊഴിലുകാരേക്കാൾ വായ്‌പയ്ക്ക് വായ്‌പ ലഭിക്കാൻ സാദ്ധ്യത കൂടുതൽ.

 ഡൗൺ പേമെന്റിനായി കൂടുതൽ തുക വകയിരുത്തുന്നവർക്ക് ഇ.എം.ഐ ഭാരം കുറയും.

 ഫിക്‌സഡ്, ഫ്ളോട്ടിംഗ് റേറ്റുകളുണ്ട്. ഇതിൽ ഫ്ലോട്ടിംഗ് റേറ്റ് തിരഞ്ഞെടുക്കുന്നവർക്ക് പിന്നീട് പലിശഭാരം കുറയാൻ സാദ്ധ്യതയുണ്ട്.

വായ്‌പയും

നിബന്ധനകളും

വായ്‌പ എടുക്കുന്നവർ അതിന്റെ പലിശനിരക്ക്, നിബന്ധനകൾ എന്നിവയെക്കുറിച്ച് ബോധവാന്മാരായിരിക്കണം. വിവിധ ചാർജുകൾ, കുടിശിക ഉണ്ടായാൽ നേരിട്ടേക്കാവുന്ന പിഴ ഉൾപ്പെടെയുള്ള നടപടികൾ എന്നിവയെക്കുറിച്ചും അറിഞ്ഞിരിക്കണം.