
കാസർകോട് : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് 60 കോടി ചെലവിൽ സൗജന്യമായി നിർമ്മിച്ച് നൽകിയ ആശുപത്രി ബുധനാഴ്ച പ്രവർത്തനം ആരംഭിക്കും. നിയമനം നീണ്ടുപോവുകയും ഉപകരണങ്ങൾ വാങ്ങിക്കാൻ മൂന്ന് കോടി രൂപ ചെലവഴിക്കാൻ അനുവദിക്കണമെന്ന കാസർകോട് ജില്ലാ കളക്ടറുടെ അപേക്ഷ ഫയലുകളിൽ കുരുങ്ങുകയും ചെയ്തതിനെ തുടർന്നാണ് ആശുപത്രി പ്രവർത്തന സജ്ജമാകാതിരുന്നത്.
ആശുപത്രിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഒന്നാംഘട്ടമായി 40 ഡോക്ടർമാർ, മെഡിക്കൽ, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലായി 191 പുതിയ തസ്തികകൾ അടുത്തിടെ സൃഷ്ടിച്ചിരുന്നു. മന്ത്രിസഭ അംഗീകാരം നൽകിയിട്ടും ഫയൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ മേശപ്പുറത്ത് കിടക്കുകയായിരുന്നു. കളക്ടറുടെ ദുരന്ത നിവാരണ ഫണ്ടിൽ പണം ഉണ്ടായിട്ടും ചെലവഴിക്കാൻ അനുമതി നൽകിയിരുന്നില്ല. ഇപ്പോൾ കൊവിഡിന്റെ പശ്ചാത്തലത്തിൽ കൊവിഡ് ആശുപത്രിയായി പ്രവർത്തിക്കുമെങ്കിലും കൊവിഡ് നിയന്ത്രണ വിധേയമാകുമ്പോൾ ഇവിടെ മറ്റ് ചികിത്സകൾക്കും സൗകരമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഇതിലൂടെ കാസർകോട് ജില്ലയിലെ ചികിത്സാസൗകര്യം മെച്ചപ്പെടുമെന്നും അവർ വ്യക്തമാക്കി.
കാസർകോട് ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാരിന്റെ സഹായത്തോടുകൂടി തെക്കിൽ വില്ലേജിൽ 553 കിടക്കകളോടു കൂടിയ പുതിയ ആശുപ്രതി നിർമ്മിച്ചത്. കൊവിഡ് ആശുപത്രി നിർമ്മിച്ച ടാറ്റ ഗ്രൂപ്പ് സർക്കാരിന് കൈമാറി മാസങ്ങൾ ആയിട്ടും തുറന്ന് പ്രവർത്തനം ആരംഭിക്കാത്തതിൽ പ്രതിഷേധമുയർന്നിരുന്നു. ആശുപത്രി തുറക്കണമെന്നാവശ്യപ്പെട്ട് നവംബർ ഒന്നിന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി സത്യഗ്രഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.