 
  ചെറുപ്പകാലം മുതൽ കേട്ടുതുടങ്ങിയ ഒരു മുദ്രാവാക്യമാണത്. ഈ വാരിക്കുന്തങ്ങളിൽ ചിലത് ഇന്നും ഇവിടെ ഒരു ഇരുട്ടുമുറിയിൽ കൂട്ടിയിട്ടിരിക്കുന്നു.
അറിഞ്ഞിടത്തോളം അത് ശരിയാവാനും സാദ്ധ്യതയുണ്ട്. ആ ഇരുട്ടുമുറി ചൂണ്ടിക്കാണിക്കുംമുമ്പ് വാരിക്കുന്തം തീർക്കാനുണ്ടായ കാരണം പറയാം.
പുന്നപ്ര-വയലാർ സമരം നടന്നത് അമ്പലപ്പുഴ -ചേർത്തല താലൂക്കുകളിൽ ആണ്. അമ്പലപ്പുഴ താലൂക്കിലെ പേരുകേട്ട പ്രദേശമാണ് തെക്കനാര്യാട് എന്ന എന്റെ ഗ്രാമം. തൊഴിലാളികൾ പോരാളികളായി വാരിക്കുന്തം ൈകയിലെടുത്ത കാലം മുതൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മോസ്കോ എന്നാണ് അറിയപ്പെട്ടുപോന്നത്. കിഴക്കേ അറ്റത്തുള്ള ചാരംപറമ്പ് ശിവക്ഷേത്രത്തിന്റെ മുറ്റത്ത് ശ്രീനാരായണഗുരുദേവൻ തപസിരുന്നിട്ടുണ്ട്. ഇവിടെ കാളാത്ത് 298-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാമന്ദിരാങ്കണത്തിൽ മഹാകവി കുമാരനാശാൻ പ്രസംഗിച്ചിട്ടുണ്ട്. സംഘടനകൊണ്ട് ശക്തരാവുക എന്ന ഗുരുദേവന്റെ സാരോപദേശവും മാറ്റുവിൻ ചട്ടങ്ങളെ എന്നും, മുഷ്കിനു കീഴടങ്ങാതെ മരിപ്പോളം തടുക്കുവിൻ എന്നും മറ്റുമുളള കുമാരനാശാന്റെ ധീരമായ മുദ്രാവാക്യങ്ങളും നെഞ്ചിലേറ്റി നടന്ന ഒരു ജനതയുടെ ഇടയിലേക്കാണ് ഈ രണ്ടു മഹാപുരുഷന്മാരും അക്കാലത്ത് കടന്നു വന്നത്. ആര്യാട്ടുകാർ പോരാട്ട വീര്യമുളളവരായി മാറുന്നത് അവിടം മുതല്ക്കാണെന്നു പറയാം. അക്കാലത്ത് ഇവിടത്തെ പുരുഷന്മാരിലധികംപേരും ആലപ്പുഴ പട്ടണത്തിൽ ബ്രിട്ടീഷുകാരായ സായിപ്പന്മാർ അന്നു നടത്തിയിരുന്ന ഡയറാസ്മയിൽ, വില്യം ഗുഡേക്കർ, ആസ്പിൻവാൾ തുടങ്ങിയ വൻകിട കയർഫാക്ടറികളിലെ തൊഴിലാളികളായിരുന്നു. വിവിധ കമ്പനികളിലായി അന്ന് പതിനോരായിരത്തിലധികം പേർ പണിയെടുത്തിരുന്നെങ്കിലും, അവർ തികച്ചും അസംഘടിതരും, അശരണരുമായിരുന്നു. അവരെ സംഘടനാ ശക്തിയുടെ മാർഗത്തിലേക്ക് ആദ്യമായി കൈപിടിച്ച് കൊണ്ടുവന്നത് പി.കെ.ബാവ വാടപ്പുറം എന്ന ഗുരുദേവഭക്തനാണ്. അദ്ദേഹം ആലപ്പുഴയ്ക്ക് വടക്ക് പൂങ്കാവിൽ താമസിച്ചിരുന്നു.
വിദ്യാഭ്യാസം ചെയ്ത് സ്വതന്ത്രമാനസനായിരുന്ന ബാവ മുംബയ് മാർവാടിയായ അബുസേഠ് നടത്തിയിരുന്ന എംബയാർ ക്വയർ വർക്സ് (ഇന്നത്തെ ശക്തി ഓഡിറ്റോറിയവും പരിസരവും) തൊഴിലാളികളുടെ മൂപ്പനായിരുന്നു.
കുമാരനാശാൻ ആലപ്പുഴയിൽ എത്തുമ്പോഴെല്ലാം ബാവയുമായി ആശയവിനിമയം നടത്തിയിരുന്നു. തുടർന്നാണ് ബാവ തൊഴിലാളികളുടെ വേലക്കൂലി പണമായി അവരവരുടെ കൈകളിൽ കിട്ടണമെന്ന് സായിപ്പന്മാരായ കമ്പനി ഉടമകളോട് ആദ്യമായി വാദിച്ചത്. വിസമ്മതിച്ച സായിപ്പന്മാരുടെ നേർക്കുനേർ നിന്ന് ബാവ ഇംഗ്ലീഷിൽ വാക്കുതർക്കങ്ങളിൽ ഏർപ്പെട്ടിരുന്നത് അന്നത്തെ തൊഴിലാളികൾക്കിടയിൽ പ്രത്യാശ ഉണർത്തിയ സംസാരവിഷയമായിരുന്നു. ഇത്തരം വാർത്തകൾ ആ കമ്പനിയിലെ ഒരു തൊഴിലാളിയായിരുന്ന എന്റെ അച്ഛൻ ജി.പത്മനാഭൻ, എന്റെ ചെറുപ്പ കാലത്ത് പങ്കുവച്ചിരുന്നത് ഇപ്പോഴും ഓർമയുണ്ട്. ഒരിക്കൽ സായിപ്പ് ചോദിച്ചു- മിസ്റ്റർ ബാവാ! ഞാൻ എത്രായിരം റുപ്പീസിന്റെ അധിപനാണെന്ന് നിങ്ങൾക്കറിയുമോ? ഞാൻ എത്രായിരം തൊഴിലാളികളുടെ തലവനാണെന്ന കാര്യം താങ്കൾ മറക്കരുത് എന്ന് തിരിച്ചടിച്ച ധീരനായിരുന്നു വാടപ്പുറം ബാവ. അദ്ദേഹമാണ് ട്രാവൻകൂർ ലേബർ അസോസിയേഷൻ എന്ന ആദ്യത്തെ തൊഴിലാളി സംഘടനയ്ക്ക് രൂപം കൊടുത്തത്.
അന്ന് അദ്ദേഹം അച്ചടിച്ച് വിതരണം ചെയ്ത നോട്ടീസുകളിൽ ഒന്ന് ആലുവാ അദ്വൈതാശ്രമത്തിനുമുന്നിലെ റോഡിലൂടെ നടന്നുപോയ ഒരു വഴിപോക്കന്റെ പക്കൽ നിന്നും ഗുരുദേവന്റെ കൈവശം കിട്ടിയിരുന്നു. സ്വാമി റോഡുമുറിച്ച് കടക്കവേ കൈനീട്ടി വാങ്ങിയതാണത്. അന്ന് പത്രങ്ങളും, നോട്ടീസും അപൂർവ കാഴ്ചവസ്തുക്കളായിരുന്നല്ലോ? വർക്കല യാത്രയ്ക്കിടയിൽ സ്വാമി ആലപ്പുഴ കളപ്പുരയ്ക്കൽ ക്ഷേത്രമുറ്റത്തെത്തി. അവിടെ കൂടിയവരോട് സ്വാമി വാടപ്പുറം ബാവയെ കാണാനുളള ആഗ്രഹം പ്രകടിപ്പിച്ചു. പാന്റ്സും കോട്ടും ധരിച്ച് സായിപ്പിനെപ്പോലെ വന്നിറങ്ങിയ ബാവ തൊഴുകൈകളോടെ വന്ന് നമസ്കരിച്ചു.
സ്വാമി ചോദിച്ചു: നിങ്ങളാണോ വാടപ്പുറം ബാവ?
അതേ സ്വാമി ഞാനാണ് ബാവ.ബാവാ നിങ്ങളെപ്പോലുളളവരെയാണ് നമുക്കാവശ്യം. അന്ന് ധാരാളം ആളുകൾ ആ കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു. കൂട്ടത്തിൽ മഹാകവി കുമാരനാശാനും.
വാടപ്പുറം ബാവ രൂപംകൊടുത്ത തൊഴിലാളി സംഘടനയ്ക്ക് ശേഷമാണ്, ആലപ്പുഴയുടെ മറ്റൊരു പ്രിയപുത്രനായിരുന്ന ടി.വി. തോമസ് ചെയർമാനും കെ.കെ. കുഞ്ഞൻ സെക്രട്ടറിയുമായി ആലപ്പുഴയിൽ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ രൂപം കൊള്ളുന്നത്. ആസ്പിൻവാൾ കമ്പനിയുടെ ബ്രാഞ്ച് കേന്ദ്രീകരിച്ചായിരുന്നു സംഘടനാപ്രവർത്തനം. സംഘടനയും പണിമുടക്കവും മുദ്രാവാക്യം വിളികളും ശക്തിപ്പെട്ടതോടെ പൊലീസ് ഇടപെടലുകളും കർക്കശമായി. ഇക്കാലത്താണ് പി.കൃഷ്ണപിള്ളയും നായനാരും പാർട്ടി ക്ലാസെടുക്കാൻ രഹസ്യമായി ഗ്രാമത്തിലെത്തുന്നത്. അവർ പടർന്നു പന്തലിച്ച പറങ്കിമാവിനു താഴെ മുനിഞ്ഞുകത്തുന്ന തകരവിളക്കിനരികിലിരുന്ന് ക്ലാസ് നയിച്ചു. തൊഴിലാളികൾ ദിവാൻ ഭരണത്തിനും, രാജവാഴ്ചയ്ക്കുമെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് പരസ്യമായി രംഗത്തുവന്നതോടെ നാട്ടിൽ പട്ടാളമിറങ്ങി. തുടർന്ന് കൈയിൽ കിട്ടിയവരുടെ നേരേ ഭീകരമായ മർദ്ദനങ്ങളരങ്ങേറി. ഒടുവിൽ ജീവിക്കുക, അല്ലെങ്കിൽ മരിക്കുക എന്ന നിലവന്നു.
സ്വാതന്ത്ര്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്ക്, മൃതിയെക്കാൾ ഭയാനകം എന്ന കുമാരനാശാന്റെ ഉജ്ജ്വലമായ ഉദ്ബോധനം ഉൾക്കൊണ്ട് കെ.കെ. കൊച്ചുനാരായണൻ, എൻ.കെ.പ്രഭാകരൻ, ഭഗവാൻചക്രപാണി, വൈസ്രോയ് ദിവാകരൻ, മണ്ണഞ്ചേരി ദാമോദരൻ, എൻ.കെ.രാഘവൻ, ഇ.വി.രാഘവൻ, കണ്ണിയേക്കക്കരുണാകരൻ, അച്ചൻവാവ തുടങ്ങിയവരുടെ നേതൃത്വത്തിൽ പോരാടാൻ തന്നെ തീരുമാനിച്ചു. അവർ തോക്കിനും ലാത്തിക്കുമെതിരേ വാരിക്കുന്തം കൈയിലെടുക്കുന്നതങ്ങനെയാണ്. അതിനുമുമ്പുതന്നെ വയലാറിലും പുന്നപ്രയിലും വാരിക്കുന്തങ്ങളൊരുങ്ങിക്കഴിഞ്ഞിരുന്നു.
തെക്കനാര്യാട് കോമളപുരത്തിനു കിഴക്ക് ചാക്കാമ്പള്ളിക്കുഞ്ഞച്ചൻ നല്ല മൂപ്പെത്തിയ നാല് അടയ്ക്കാമരങ്ങൾ സംഭാവന ചെയ്തു. പപ്പുവാശാരിയും കേശവനാശാരിയും വാരിക്കുന്തങ്ങളൊരുക്കി. പട്ടാളത്തിന്റെ വരവു തടയാൻ അവർ കോമളപുരം പാലം പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും  വിജയിച്ചില്ല. കാരണം പാലം ബ്രിട്ടീഷ് നിർമ്മിതമായിരുന്നു. ഒടുവിൽ റോഡ് വെട്ടിപ്പൊളിച്ച് അവർ മാർഗ്ഗം മുടക്കി.
വിധ്വംസക പ്രവർത്തനത്തിലേർപ്പെട്ടവരെ നാട്ടുകാരിൽ ചിലർ ഒറ്റിക്കൊടുത്തു. പിടിക്കപ്പെട്ടവരിൽ കെ.കെ.കൊച്ചുനാരായണൻ, അച്ചൻവാവ, കണ്ണിയേക്കക്കരുണാകരൻ തുടങ്ങിയവർ ഇടികൊണ്ട് ക്ഷയരോഗബാധിതരായി അന്ത്യ നാളുകൾ തള്ളിനീക്കുന്നതു നേരിൽ കണ്ടിട്ടുണ്ട്. എന്നാൽ പൊലീസിന്റെ നാളത്തെ നീക്കം ഇന്നേ ചോർത്തിക്കൊടുക്കാൻ ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിലും ഒരു ഹെഡ് കോൺസ്റ്റബിൾ ഉണ്ടായിരുന്നു. അദ്ദേഹമാണ് മഹാത്മ അയ്യങ്കാളിയുടെ നേർപിൻഗാമിയായിരുന്ന തെക്കനാര്യാട്ടെ കുഞ്ഞൻ പൊലീസ്. ഡ്യൂട്ടി കഴിഞ്ഞ് രാത്രിയിൽ പതിവായി വരാറുള്ള ഷാപ്പിൽ വച്ച് ഒപ്പം ബഞ്ചിലിരിക്കാറുള്ള സത്യപാലനോട് എല്ലാ പൊലീസ് രഹസ്യങ്ങളും കൈമാറും. തലപോകുന്ന പണിയാണെങ്കിലും വരുന്നിടത്തുവച്ചു കാണാം എന്നമട്ടിലദ്ദേഹം ആ ദൗത്യം നിർവഹിക്കുക തന്നെ ചെയ്തു.
1946 ഒക്ടോബർ 23-ാം തീയതി ഉച്ചതിരിഞ്ഞ് വാരിക്കുന്തങ്ങളുടെ അറ്റത്ത് ചെങ്കൊടികെട്ടി അമ്പതുപേർ കോമളപുരത്തുനിന്നും ആലപ്പുഴപ്പട്ടണം ലക്ഷ്യമാക്കി നീങ്ങി.
കിടങ്ങാംപറമ്പ്  ജംഗ്ഷനിൽ എത്തിയതും സൈക്കിൾ ചവിട്ടി കിതച്ചെത്തിയ ഒരു പയ്യൻ ജാഥാക്യാപ്ടൻ സത്യപാലന് ഒരു കുറിപ്പു കൈമാറി. അതിൽ പുന്നപ്രയിൽ വെടിവയ്പു നടന്നു, ക്യാമ്പ് പിരിച്ചുവിടുക, എല്ലാവരും രക്ഷപ്പെടുക. ബാക്കിക്കാര്യം പിന്നീടറിയിക്കും എന്നെഴുതിയിരുന്നു. അവർ വാരിക്കുന്തങ്ങൾ വഴിയിലുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ആ ജാഥ സായുധരായിവരുന്ന വിവരം അന്ന് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിൽ ഒരു വയലാറോ, പുന്നപ്രയോ കിടങ്ങാംപറമ്പിലരങ്ങേറിയേനെ. പുന്നപ്ര വെടിവയ്പിൽ പതിനെട്ടു പേരാണ് മരിച്ചു വീണത്. അന്ന് കോമളപുരത്തുനിന്നും പുറപ്പെട്ട ജാഥയിൽ പങ്കെടുത്ത അമ്പതുപേരിൽ 49 പേരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയി. ജാഥാക്യാപ്്ടൻ സ്റ്റാലിൻ സത്യപാലൻ മാത്രം ഈ 96 -ാം വയസിലും അരോഗദൃഢഗാത്രനായി ജീവിച്ചിരിക്കുന്നു.
ആരാണ് ഈ സ്റ്റാലിൻ സത്യപാലൻ? വിപ്ളവകാരികൾക്കു വാരിക്കുന്തം തീർക്കാൻ അടയ്ക്കാമരങ്ങൾ സമ്മാനിച്ച ആ കുഞ്ഞച്ചന്റെ മകനാണ് ചാക്കാമ്പളളി സ്റ്റാലിൻ സത്യപാലൻ. തെക്കനാര്യാട്ടുണ്ടായിരുന്ന ആസ്പിൻവാൾ കമ്പനിയിൽ ഒരു മേശപ്പുറത്ത് മുഖാമുഖം നോക്കിയിരുന്ന് കയറ്റുപായുടെ വിളുമ്പുപിടിച്ച് തയ്യൽ ജോലിയിൽ ഏർപ്പെട്ടിരുന്നവരാണ് വി.എസ്.അച്ച്യുതാനന്ദനും, സത്യപാലനും. ഇന്നും വി.എസ്സിനെ കണ്ടാൽ പരസ്പരം സല്യൂട്ട് അടിക്കുന്നതിനപ്പുറത്തേക്ക് യാതൊന്നുമില്ല.
ഞാൻ ചോദിച്ചു: അന്നത്തെ വാരിക്കുന്തങ്ങളിലൊരെണ്ണമെങ്കിലും എവിടെങ്കിലും അവശേഷിക്കുന്നതായി അറിയാമോ? ഇല്ല ഒന്നും അവശേഷിക്കുന്നതായറിയില്ല. വയലാറിൽ പട്ടാളമിറങ്ങി വെടിവയ്പു നടത്തിയതോടെ എല്ലാം നശിപ്പിച്ചുകളഞ്ഞില്ലേ.
എന്റെ അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ എനിക്കറിവുകിട്ടി, വെടിവയ്പിനു ശേഷം വിറങ്ങലിച്ചുനിന്ന ആ വയലാർ ഗ്രാമത്തിൽ നിന്നും കണ്ടെടുത്ത വാരിക്കുന്തങ്ങളത്രയും അവർ പട്ടാളവണ്ടിയിൽ എടുത്തിട്ട് ആലപ്പുഴയിൽ കൊണ്ടുവന്നു. ദീർഘകാലത്തെ വിസ്താരത്തിനും, വിചാരണയ്ക്കും ശേഷം ആലപ്പുഴ ജില്ലാ കോടതിയിലെ തൊണ്ടി സൂക്ഷിപ്പുമുറിയിൽ ആരുമറിയാതെ അന്ത്യവിശ്രമം കൊള്ളുകയാണാവാരിക്കുന്തങ്ങൾ.
(ലേഖകന്റെ ഫോൺ :9495269297)