
ഫ്രാൻസിസ് മാർപ്പാപ്പ പുറത്തിറക്കിയ ഇടയലേഖനത്തിൽ സംപൂജ്യ വിശ്വസാഹോദര്യത്തിന്റെ സന്ദേശം ഉയർത്തിക്കാട്ടിയിരിക്കുന്നു. കൊവിഡാനന്തരകാലത്ത് ലോകരാജ്യങ്ങൾ നിലവിലെ രാഷ്ട്രീയ-സാമ്പത്തിക സ്ഥാപനങ്ങൾ പരിഷ്കരിക്കേണ്ടതുണ്ടെന്നും തറപ്പിച്ചുപറയുന്നു. എല്ലാറ്റിനും ഉപരിയായി 'എല്ലാവരും സോദരർ" എന്ന മൂല്യസങ്കൽപ്പനത്തിനാണ് ലേഖനത്തിൽ കൂടുതൽ പ്രധാന്യം കൊടുത്തിരിക്കുന്നത്. കൊവിഡ് കാലത്തിന് മുൻപ് തന്നെ തന്റെ ഉള്ളിലുണ്ടായിരുന്ന വിശ്വാസം മഹാമാരി കൂടുതൽ ബലപ്പെടുത്തുകയായിരുന്നു എന്നും അദ്ദേഹം സമ്മതിക്കുന്നു.
ലോകമതങ്ങളും ഗുരുദർശനവും
ഇടയലേഖനത്തിൽ മാർപ്പാപ്പ സൂചിപ്പിക്കുന്നു. 'വിവിധ മതങ്ങളിൽ സത്യമായും വിശുദ്ധമായും ഉള്ളതൊന്നും നിഷേധിക്കുന്നില്ല". ഗുരുവിന്റെ അദ്വൈതദർശനത്തിന്റെ ഋതുഭേദങ്ങളിൽ ഒന്നായ 'ഏകമതം" തന്നെയാണ് ഇവിടെ സൂചിതം. എല്ലാവരും അന്വേഷിക്കുന്നത് ശാന്തിയും സമാധാനവും ആത്മസുഖവുമാണ്.എല്ലാമനുഷ്യപ്രയത്നങ്ങളുടെയും പ്രേരകശക്തി ആത്മസുഖം തന്നെയാണ്. അതുകൊണ്ടാണ് ഗുരു പറഞ്ഞത്.
'അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമർത്തിടേണം"
ഈ സത്യം എല്ലാവർക്കും ശരിയായ തലത്തിൽ ബോദ്ധ്യമായിക്കഴിഞ്ഞാൽ ലോകത്തിന്റെ ഏത് ഭാഗത്തും ഒരു പോലെ സ്വീകാര്യമായ ഒരേ ഒരു മൂല്യത്തിൽ നമുക്ക് എത്തിച്ചേരാൻ സാധിക്കും. ഓരോ മനുഷ്യനും ഈ മനോഗതി സ്വീകരിക്കണമെന്നും ഗുരു നിർദ്ദേശിക്കുന്നു. അപ്പോൾ മനുഷ്യരാശിയുടെ 'ഏകമതം" നിലവിൽ വരും.
മനുഷ്യരെല്ലാം ദൈവത്തിന്റെ മക്കളാണെന്നും, അതിനാൽ സഹോദരർ ആണെന്നുമുള്ള ക്രിസ്തീയ സങ്കല്പത്തിലെയും പൊരുൾ ഇതുതന്നെയാണ്. 'എല്ലാവരുമാത്മസഹോ
ദരരെന്നല്ലേ പറയേണ്ടതിതോർക്കുകിൽ നാം" എന്ന ഗുരുവാക്യം തത്വപരമായി നാമെല്ലാവരും സഹോദരരാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നു. ഈ നൈതികത പ്രയോഗത്തിൽ വരുമ്പോൾ മാത്രമേ, കാലത്തിനു ചേരുന്ന ദൈവത്തെ നമുക്ക് വീണ്ടെടുക്കാനാകൂ.
മാനവികതയുടെ സാമ്പത്തിക ദർശനം
സാമ്പത്തിക മേഖലയിലെ തിരുത്തലുകളും ഇടയലേഖനം ആവശ്യപ്പെടുന്നുണ്ട്. മനുഷ്യനന്മയെ ലക്ഷ്യമാക്കിയുള്ള ലാഭേച്ഛമാത്രം മുന്നിൽക്കണ്ടുകൊണ്ടുള്ള മുതലാളിത്തവ്യവസ്ഥിതിക്ക് കൊവിഡാനന്തരകാലത്ത് പ്രസക്തിനഷ്ടപ്പെട്ടിരിക്കുകയാണെന്ന് 'ഏവരും സഹോദരർ" എന്ന ചാക്രിക ലേഖനം വിലയിരുത്തുന്നു. സാമ്പത്തികദർശനം എങ്ങനെയായിരിക്കണമെന്ന് ഒരു പ്രത്യേക കൃതിയിൽ നാരായണഗുരു എഴുതിയിട്ടില്ലെങ്കിലും ജനങ്ങൾക്ക് സുഖവും സംതൃപ്തിയും ആനന്ദവും പ്രദാനം ചെയ്യുന്ന സമ്പദ് വ്യവസ്ഥ എങ്ങനെയായിരിക്കണമെന്ന വ്യക്തമായ കാഴ്ചപ്പാട് ഗുരുവിനുണ്ടായിരുന്നു. പലപ്പോഴും പ്രിയശിഷ്യരോടും ഭക്തന്മാരായ വ്യവസായ പ്രമുഖരോടും ഇക്കാര്യം ഗുരു വാക്കുകളിലൂടെ വ്യക്തമാക്കിയിരുന്നു.
സാമ്പത്തികശാസ്ത്രം, നീതിശാസ്ത്രം, സൗന്ദര്യശാസ്ത്രം, സമത്വം ഇവ ഒത്തുചേർന്നു പോകുന്ന സാമ്പത്തിക ശാസ്ത്രമാണ് ഗുരു എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നത്. കാളിദാസന്റെ കൃതികൾ പരിശോധിച്ചാലും ഇത്തരത്തിലുള്ള സംയോജിത പ്രതിപാദനം കാണാൻ കഴിയും.
സാങ്കേതികവിദ്യ ഭരിക്കുന്ന ഈ യന്ത്രയുഗത്തിലുമുണ്ട് മനുഷ്യന് രണ്ടു തരം ആവശ്യങ്ങൾ:
ആന്തരികവും ബാഹ്യവും. ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിന് നിലവിലുള്ള സാഹചര്യങ്ങൾക്കു നടുവിൽ സാമ്പത്തികശാസ്ത്രരംഗത്ത് പ്രയോഗിക്കേണ്ട അറിവിനെ പ്രതിഷ്ഠിക്കേണ്ടതുണ്ട്.
ചാതുര്യത്തോടുകൂടി അത് നിർവഹിക്കപ്പെടുന്നതിന്റെ ആകെത്തുകയെയാണ് അവ്യക്തമായൊരർത്ഥത്തിൽ 'നല്ല സാമ്പത്തിക നയം" എന്നു വിളിച്ചുപോരുന്നത്. ഈ നയം പിൻതുടരുന്ന രാജ്യത്തിലെ പൗരന്മാർ ജീവിതസംതൃപ്തി അനുഭവിക്കുന്നവരായിരിക്കും. ആന്തരികവും ബാഹ്യവുമായ ഈ ആവശ്യങ്ങൾ ചേർന്നാണ് മനുഷ്യന്റെ യോഗക്ഷേമം അഥവാ ആനന്ദം ഉറപ്പുവരുത്തുന്നത്. ഈ ആനന്ദമാണ് അന്തിമമായി നോക്കിയാൽ സാമ്പത്തിക ഭദ്രതയുടെ പ്രയോജനവും.
അമ്പലങ്ങൾ സ്ഥാപിച്ചതിനുശേഷം അതിനോട് ബന്ധപ്പെട്ട് സ്കൂളുകളും വ്യവസായശാലകളും സ്ഥാപിക്കാനാണ് ഗുരു ഉപദേശിച്ചത്. വിദ്യാഭ്യാസം കഴിഞ്ഞാൽ പിന്നെ കൃഷിക്കും വ്യവസായത്തിനുമാണ് ഗുരു പ്രാധാന്യം നൽകിയിരുന്നത്.
എല്ലാ അമ്പലങ്ങളോടു ചേർന്നും വ്യവസായ സംരംഭങ്ങൾ ആരംഭിക്കണമെന്നും അതിന് അമ്പലങ്ങൾക്ക് കഴിയാത്തപക്ഷം ആ നാട്ടിലെ സമ്പന്നരെ സമീപിക്കണമെന്നും അല്ലാത്തപക്ഷം അഞ്ചാറുപേർ ചേർന്ന് സഹകരണാടിസ്ഥാനത്തിൽ വ്യവസായം തുടങ്ങണമെന്നും ഗുരു നിഷ്കർഷിച്ചു. സമ്പന്നരുടെ കൈവശമുള്ള പണം അവർക്കും മറ്റ് സാധാരണക്കാർക്കും പ്രയോജനപ്രദമായ രീതിയിൽ എങ്ങനെ ഉപയോഗിക്കാമെന്ന് ഈ വാക്കുകൾ വ്യക്തമാക്കുന്നു.
മനുഷ്യന്റെ ഏറ്റവും അത്യാവശ്യമായ പ്രാഥമിക ആവശ്യമാണ് അന്നവും വസ്ത്രവും. ഇത് രണ്ടിനും കൃഷി ആവശ്യമാണ്. കൃഷി എപ്പോഴും പ്രകൃതിയോട് ചേർന്ന് നിൽക്കുന്നതും മനുഷ്യന്റെ ആവശ്യത്തെ നിറവേറ്റുന്നതുമാണ്. നന്മയുടെ അംശമാണ് ഇതിലുണ്ടാകേണ്ടത്. സമ്പത്തിന്റേതായ രണ്ട് വ്യത്യസ്ത ലോകമുണ്ട്. ഒന്ന് വിഭവസമൃദ്ധിയുടേത് മറ്റേത് പണസമൃദ്ധിയുടേത് . വിഭവസമൃദ്ധിയുടെ ലോകത്തിനാണ് നല്ല സാമ്പത്തിക വ്യവസ്ഥ മുൻതൂക്കം നൽകുന്നത്. ഗുരുവിന്റെ ഏകത്വദർശനം വച്ചുകൊണ്ട് സാമ്പത്തികരംഗത്തെ വിചിന്തനം ചെയ്യുകയാണെങ്കിൽ, അതായിരിക്കും മനുഷ്യന് സമാധാനവും സംതൃപ്തിയും നൽകുന്ന സാമ്പത്തികശാസ്ത്രം.
(ലേഖിക ശ്രീനാരായണഗുരു അന്തർദ്ദേശീയ
പഠന ഗവേഷണ കേന്ദ്രം ഡയറക്ടറാണ് )