
ന്യൂഡൽഹി: കോൺഗ്രസ് മതമൗലിക സംഘടനകളുമായി കൈകോർക്കുകയാണെന്ന് കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി. ബിഹാർ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു നഖ്‌വിയുടെ വിമർശനം. ജമാഅത്തെ ഇസ്‌ലാമി, പോപ്പുലർ ഫ്രണ്ട് എന്നീ മതമൗലികവാദ സംഘടനകളുമായും അവയുടെ കീഴിൽ പ്രവർത്തിക്കുന്ന വെൽഫെയർ പാർട്ടി പോലുള്ള രാഷ്ട്രീയ പാർട്ടികളുമായും കോൺഗ്രസ് സഖ്യം രൂപീകരിക്കുകയും ധാരണകൾ ഉണ്ടാക്കുകയും ചെയ്യുകയാണെന്നും രാജ്യത്ത് തീവ്രവാദം വളർത്താൻ പാർട്ടി കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അധികാരക്കൊതി മൂലമാണ് പാർട്ടി ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും സംഘടനകളുമായി ധാരണകൾ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും കോൺഗ്രസും വ്യക്തമാക്കണമെന്നും നഖ്‌വി പറയുന്നു. ഇക്കാര്യം രാഷ്ട്രീയമല്ലെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു.
കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി തന്റെ മണ്ഡലമായ വയനാട്ടിൽ നടത്തിയ റാലിയിൽ കോൺഗ്രസ് പതാകളെക്കാൾ കൂടുതലായി കണ്ടത് ജമാഅത്തെ ഇസ്ലാമിയുടെ കൊടികളാണെന്നും ഇത് കണ്ട് രാജ്യമാകെ ഞെട്ടിയിരുന്നു എന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമിയുടെ യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗ് ധാരണയുണ്ടാക്കി എന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു.