
കൊച്ചി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച അനിശ്ചിതത്വങ്ങൾക്ക് വിരാമമിടുക ലക്ഷ്യമിട്ട് ഉപഭോക്താക്കൾക്കായി പുതിയ ടൂർ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി. ഏറെ ജനപ്രിയമായ 'ഭാരത് ദർശൻ ടൂറിസ്‌റ്റ് ട്രെയിൻ" പാക്കേജ് വീണ്ടും ട്രാക്കിലെത്തിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ.
മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങളും ചരിത്ര പ്രസിദ്ധമായ കേന്ദ്രങ്ങളും സന്ദർശിക്കാൻ അവസരമേകുന്നതാണ് പുതിയ ഭാരത് ദർശൻ പാക്കേജ്. 10 ദിവസത്തെ പാക്കേജിന് ഫീസ് ഒരാൾക്ക് 10,200 രൂപ. ഡിസംബർ 20ന് കേരളത്തിൽ നിന്ന് ട്രെയിൻ പുറപ്പെടും. ഗ്വാളിയോർ, പ്രശസ്ത ഹിന്ദു-ജൈന ക്ഷേത്ര സമുച്ചയമായ ഖജുരാഹോ, റാണി ലക്ഷ്‌മിഭായ് ഭരിച്ചിരുന്ന ഝാൻസി, പുരാതന ബുദ്ധസ്മാരകമായ സാഞ്ചി, വിദിഷ, ഭോപാൽ തുടങ്ങിയവ പാക്കേജിന്റെ ഭാഗമാണ്.
സസ്യാഹാരം, ഡോർമിറ്ററി താമസം, വാഹനം, ടൂർ എസ്‌കോർട്ട്, സെക്യൂരിറ്റി തുടങ്ങിയവയും പാക്കേജിലുണ്ട്. കേരളത്തിന്റെ ജൈവവൈവിദ്ധ്യവും ഹരിതഭംഗിയും ആസ്വദിക്കാവുന്ന പാക്കേജുകൾ കെ.ടി.ഡി.സിയുമായി ചേർന്നും ഐ.ആർ.സി.ടി.സി ഒരുക്കുന്നുണ്ട്.
അണുമുവിമുക്തമാക്കിയ, സുരക്ഷിതവാഹനങ്ങളിൽ യാത്രികരുടെ വീടുകളിൽ വന്ന് സ്വീകരിക്കും. കെ.ടി.ഡി.സി ഹോട്ടലുകളിൽ താമസം. യാത്രയ്ക്ക് ശേഷം തിരികെ വീട്ടിലെത്തിക്കും. തിരുവനന്തപുരം, കൊച്ചി നിവാസികൾക്ക് അതത് നഗരങ്ങളിൽ നിന്നാരംഭിക്കുന്ന ടൂർ പാക്കേജുകൾക്കാണ് ഈ ഓഫർ.
മൂന്നാർ, തേക്കടി, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ടൂറിസ്‌റ്റ് കേന്ദ്രങ്ങളാണ് പാക്കേജിലുൾപ്പെടുന്നത്. നിരക്ക് 5,030 രൂപ മുതൽ. വിവരങ്ങൾക്ക് : 8287932095, 8287932082, 8287932114