
തിരുവനന്തപുരം:സി.എൻ.ജി, ഇലക്ട്രിക് ബസുകളുടെ നടത്തിപ്പിന് പുതിയ ട്രാൻസ്പോർട്ട് കോർപ്പറേഷൻ അടുത്തമാസം നിലവിൽ വരും. സി.എൻ.ജി, ഇലക്ട്രിക് ബസുകളുടെ വാങ്ങൽ, സർവീസുകൾ ക്രമീകരിക്കൽ, ജീവനക്കാരെ നിയോഗിക്കൽ തുടങ്ങിയവയായിരിക്കും കെ.എസ്.ആർ.ടി.സിയുടെ ഈ ഉപകോർപ്പറേഷന്റെ ചുമതല. ബിജു പ്രഭാകർ തന്നെയാകും എം. ഡി. തിരുവനന്തപുരത്ത് ആനയറയിലോ ഈഞ്ചയ്‌ക്കലിലോ ആയിരിക്കും ആസ്ഥാനം. സംസ്ഥാനത്ത് റോഡ് ഗതാഗതത്തിനുള്ള മൂന്നാമത്തെ കോർപ്പറേഷനാകും ഇത്. ജൻറം ബസുകൾക്കായി കെ.യു.ആർ.ടി.സി നിലവിലുണ്ട്. അതേ മാതൃകയിൽ കോർപ്പറേഷൻ രൂപീകരിക്കാൻ ധനവകുപ്പാണ് ഗതാഗത വകുപ്പിനോട് നിർദ്ദേശിച്ചത്. 310 സി.എൻ.ജി ബസുകളും 50 ഇലക്ട്രിക് ബസുകളും വാങ്ങാൻ 286 കോടി രൂപ കിഫ്ബി നൽകും. പണം കെ.എസ്.ആർ.ടി.സിക്കു നൽകിയിൽ തിരിച്ചടവ് ബുദ്ധിമുട്ടാകുമെന്ന കണക്കുകൂട്ടലിലാണ് ഉപകമ്പനി. കമ്പനിയുടെ വരുമാനത്തിൽ നിന്ന് ഇന്ധനം, ശമ്പളം തുടങ്ങിയ ചെലവ് കഴിഞ്ഞുള്ള മുഴുവൻ തുകയും കിഫ്ബിയിൽ തിരിച്ചടയ്‌ക്കണം. നാല് ശതമാനമാണ് പലിശ. കേന്ദ്ര സർക്കാർ ജൻറം ബസുകൾ സൗജന്യമായി നൽകിയപ്പോഴാണ് കെ.യു.ആർ.ടി.സി 2014 നവംബറിൽ രൂപീകരിച്ചത്. 420 ബസുകളാണ് ഈ കോർപ്പറേഷനിലുള്ളത്. എറണാകുളത്ത് തേവരയിലാണ് ആസ്ഥാനം.
ബസൊന്നിന് കേന്ദ്രം 55 ലക്ഷം നൽകും.
ഇലക്‌ട്രിക് ബസ് ഒന്നിന് 55 ലക്ഷം രൂപ കേന്ദ്രസർക്കാർ സബ്‌സിഡി നൽകും. ഇ-ബസ് വാടകയ്ക്കെടുക്കാനും കിലോമീറ്ററിന് 8 രൂപ സബ്സിഡി നൽകാമെന്നുമായിരുന്നു നിർദേശം. അത് വലിയ നഷ്ടമുണ്ടാക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചതോടെയാണ് പുതിയ തീരുമാനം. 50 ബസുകൾക്ക് 27.5 കോടി രൂപ സബ്സിഡി ലഭിക്കും. ഒന്നിച്ച് വാങ്ങുന്നതിനാൽ ഒരു ബസ് ഒന്നരക്കോടിക്ക് ലഭിക്കും.സി.എൻ.ജി ബസുകൾ പെട്രോൾ / ഡീസൽ ബസുകളെക്കാൾ 20 % ലാഭകരമാണ്. ഒരു കിലോ സി.എൻ.ജി 44 രൂപയ്ക്കു ലഭിക്കുമ്പോൾ ഡീസൽ ലിറ്ററിന് 69 രൂപയാണ്.
സീറ്റുകൾ
ഇലക്ട്രിക് ബസ്- 48
സി.എൻ.ജി- 52