maha-gauri

വദുർഗമാരിൽ ഏട്ടാമത്തെ ദേവിയാണ് മഹാഗൗരി. അന്നപൂർണേശ്വരിയായ പാർവതിയുടെ മഹാഗൗരി ഭാവത്തിനാണ് നവരാത്രിയുടെ എട്ടാം നാളിലെ ആരാധന. മഹാദുർഗാഷ്ടമി എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. പ്രശാന്തതയുടേയും വിജ്ഞാനത്തിന്റെയും പ്രതീകമാണ് മഹാഗൗരി. ശ്വേതവർണയായ ദേവി എന്നാണ് മഹാഗൗരി എന്ന വാക്കിന്റെ അർത്ഥം. രാഹുവിന്റെ ദേവതയാണ് മഹാഗൗരി. ദേവിയുടെ സാത്വിക ഭാവമാണിത്. ശരീരവും ആടയാഭരണങ്ങളും വെണ്മയാർന്നത്. വാഹനം,​ വെള്ള നിറമാർന്ന കാള.

ഒരിക്കൽ പാർവതീദേവി ഭഗവാൻ ശിവനെ ഭർത്താവായി ലഭിക്കുന്നതിനു വേണ്ടി കഠിന തപസ്സനുഷ്ഠിച്ചു. കാലം കടന്നതോടെ പാർവതിയുടെ ശരീരം മണ്ണും പൊടിയുമേറ്റ് കറുത്ത നിറമായി. സംപ്രീതനായ ശിവൻ പാർവതിയെ പത്നിയായി സ്വീകരിക്കാമെന്ന് വരം നൽകുകയും,​ ദേവിയെ ഗംഗാജലംകൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്തു. അതോടെ കറുത്ത നിറം മാറി,​ ദേവിയുടെ നിറം വെൺമ പൂണ്ടു.

മഹാഗൗരിയെ പ്രാർത്ഥിക്കുന്ന ഭക്തന്റെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും നശിക്കുമെന്നാണ് വിശ്വാസം. ദുർഗാ ദേവിയുടെ ഏറ്റവും പാവനമായ രൂപങ്ങളാണ് നവദുർഗ്ഗ എന്നാണ് സങ്കല്പം. ദുർഗാദേവി പ്രധാനമായും മൂന്നു രൂപങ്ങളിലാണ് ആവിഷ്‌കരിക്കപ്പെടുന്നത്- മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി. ഈ മൂന്നു ദേവതകളും മൂന്നു വീതം രൂപങ്ങളിൽ ആവിഷ്‌കരിക്കപ്പെടുന്നതാണ് നവദുർഗാ സങ്കല്പം. നവദുർഗയിലെ ഓരോ ദേവിയും ദുർഗയുടെ ഓരോ വിശിഷ്ടഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്നു. നവരാത്രിക്കു ശേഷം വന്നെത്തുന്നതാണ് വിദ്യാരംഭ ദിനമായ വിജയദശമി.

നവരാത്രി പൂർണതയായി

സിദ്ധിധാത്രി

വരാത്രിയിൽ അവസാനദിവസം ആരാധിക്കപ്പെടുന്നത് ദേവിയുടെ ഒൻപതാം ഭാവമായ സിദ്ധിധാത്രിയാണ്. സർവഥാ ആനന്ദകാരിയായ സിദ്ധിധാത്രി തന്റെ ഭക്തർക്ക് സർവസിദ്ധികളും പ്രദാനം ചെയ്യുന്നു. മഹാദേവന് തന്റെ പാതി ശരീരം ഈ ഭാവത്തിൽ നല്കി അർദ്ധനാരീശ്വര ശക്തിയായി മാറുകയും ചെയ്തു. സകലരെയും അനുഗ്രഹിച്ചു വിളങ്ങുന്ന സിദ്ധിധാത്രി രൂപത്തിൽ ദുർഗ്ഗാ ദേവി ഒൻപതാം ദിവസം ആരാധിക്കപ്പെടുന്നു.

സിദ്ധിയുടെ എല്ലാ ഭാവങ്ങളോടും കൂടിയ സിദ്ധിധാത്രിക്ക് നാലു കരങ്ങളുണ്ട്. ശംഖ്, ചക്രം, ഗദ, താമര എന്നിവയേന്തിയ ദേവിയുടെ വസ്ത്രം ചുവന്ന ഉടയാടയും പ്രിയവാഹനം സിംഹവുമാണ്. ഭക്തർക്ക് പതിനെട്ടു തരത്തിലുള്ള സിദ്ധിയും ബുദ്ധിയും നവരാത്രി പൂജയുടെ സമാപനത്തോടെ കൈവരുമെന്നാണ് വിശ്വാസം. പരമശിവന് സർവ സിദ്ധികളും ലഭിച്ചത് സിദ്ധിധാത്രിയുടെ അനുഗ്രഹത്താലാണെന്ന് വേദഗ്രന്ഥങ്ങൾ പറയുന്നു. അങ്ങനെയാണ് തന്റെ പകുതി ദേവിക്കു നല്കി,​ ശിവൻ അർദ്ധനാരീശ്വരനായത്.

ദുരാഗ്രഹം, ലോഭം, അത്യാർത്തി, ധനത്തോടും ലൗകിക ജീവിതത്തോടുമുള്ള ആസക്തി എന്നിവയിൽ നിന്നുള്ള മുക്തിയാണ് സിദ്ധിധാത്രിയിൽ നിന്ന് കരസ്ഥമാകുന്നത്. സവിശേഷമായ സ്ത്രീശക്തിയുടെ പ്രതിഫലനമാണ് നവരാത്രിയിലെ ഓരോ ദേവീഭാവവും. ഇതിൽ നിന്ന് ആശയവും പ്രചോദനവും ഉൾക്കൊണ്ടാണ് നവദുർഗാ സങ്കല്പത്തിന് ആയോധനമുറകളുടെ പശ്ചാത്തലമുപയോഗിച്ച് കളരി പരിശീലന പദ്ധതിയായ 'അഗസ്ത്യം' ചിത്ര ഭാഷ്യമൊരുക്കിയത്. സാക്ഷാത്കാരം നിർവഹിച്ചിരിക്കുന്നത്,​ കളരി ഗുരുക്കളും പ്രശസ്ത മാധ്യമ പ്രവർത്തകനുമായ ഡോ. മഹേഷ്.