ipl

അബുദാബി; നിർണായകഘട്ടത്തിൽ കത്തിജ്വലിച്ച ബെൻസ്റ്റോക്സിന്റെയും തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി പിന്തുണ നൽകിയ സഞ്ജു സാംസണിന്റെയും കരുത്തിൽ ഐപിഎല്ലിൽ മുംബയ് ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് വിജയം. മുംബയ് ഉയർത്തിയ 196 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ എട്ടു വിക്കറ്റിനാണ് വിജയം നേടിയത്.

ഐപിഎലിൽ തന്റെ രണ്ടാം സെഞ്ചുറി കുറിച്ച സ്റ്റോക്‌സ്, 60 പന്തിൽ 107 റൺസുമായി പുറത്താകാതെ നിന്നു. 14 ഫോറുകളും മൂന്ന് സിക്‌സും നിറഞ്ഞതായിരുന്നു സ്റ്റോക്സിന്റെ ഇന്നിംഗ്സ്. ഫോമിലേക്ക് മടങ്ങിവന്ന സഞ്ജു സാംസൺ, 31 പന്തിൽ നാലു ഫോറു മൂന്നു സിക്‌സും സഹിതം 54 റൺസോടെ പുറത്താകാതെ നിന്നു. 44 റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ ശേഷം ക്രീസിൽ ഒന്നിച്ച സ്റ്റോക്‌സ് – സഞ്ജു സഖ്യം, പിരിയാത്ത രണ്ടാം വിക്കറ്റിൽ 152 റൺസ് അടിച്ചുകൂട്ടിയാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്.

രാജസ്ഥാന് നഷ്ടമായ രണ്ടു വിക്കറ്റുകളും ജയിംസ് പാറ്റിൻസാണ്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബയ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 195 റണ്‍സെടുത്തത്.

വെറും 21 പന്തില്‍ നിന്ന് ഏഴു സിക്സും രണ്ടു ഫോറുമടക്കം 60 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് മുംബയ് സ്‌കോര്‍ 195-ല്‍ എത്തിച്ചത്.