
ലോക്ക് ഡൗൺ കാലത്ത് സ്പാകളും ബുട്ടീക്കും ബ്യൂട്ടിപാർലറുമൊക്കെ അടച്ചിട്ടപ്പോൾ 'നാട്ടിലെ പെണ്ണുങ്ങളെല്ലാം മുഖം പുറത്ത് കാണിക്കാൻ കഴിയാത്തവണ്ണം കഷ്ടപ്പെടുന്നതായുള്ള"ചില സ്ത്രീ വിരുദ്ധ ട്രോളുകളായിരുന്നു സാമൂഹിക മാദ്ധ്യമങ്ങളിൽനിറയെ. ഇപ്പോഴെല്ലാം കെട്ടുകാഴ്ചകളാണെന്നും പണ്ടൊക്കെ എല്ലാം 'നാച്യുറൽ"ആയിരുന്നുവെന്ന് മേനി പറയുന്നവരാണ് ഏറെയും. എന്നാൽ ഈ ചമങ്ങൾക്കെല്ലാം മനുഷ്യന്റെ പിറവി മുതലുള്ള ചരിത്രമുണ്ടെന്ന് ഇക്കൂട്ടർക്ക് അറിയില്ലല്ലോ. ഇത്തവണ അൽപ്പം ചരിത്രമാണ്! ചമയങ്ങളുടെ അല്ലെങ്കിൽ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ചരിത്രം.
പുരാതന ഈജിപ്തിൽ തുടക്കം
സൗന്ദര്യവർദ്ധക വസ്തുക്കളുടെ ചരിത്രം ചികഞ്ഞ് പോകുമ്പോൾ ആ യാത്ര അവസാനിക്കുക 6,000 വർഷങ്ങൾക്ക് മുമ്പ് പുരാതന ഈജിപ്തിലാണ്. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിലുപരി  ഈ  ഉത്പന്നങ്ങൾ ഉപയോഗിച്ചിരുന്നത് പ്രാണികളിൽ നിന്നും സൂര്യതാപത്തിൽ നിന്ന് രക്ഷ നേടുന്നതിനായും ചർമ സംരക്ഷണത്തിനുമാണ്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഇവ ഉപയോഗിച്ചിരുന്നു. യുവത്വം കാത്തുസൂക്ഷിക്കാനും ജരാനരകളിൽ നിന്ന് രക്ഷ നേടാനും എള്ള്, ആവണക്ക്, മുരിങ്ങ എന്നിവയുടെ തൈലം ഇവർ ശരീരത്തിൽ പൂശിയിരുന്നു. ഒലിവ് എണ്ണയും കളിമണ്ണും പ്രത്യേക രീതിയിൽ കൂട്ടിക്കുഴച്ചുണ്ടാക്കുന്ന സോപ്പാണ് ഇവർ ചർമ വൃത്തിയാക്കാൻ ഉപയോഗിച്ചിരുന്നത്. തേനും പാലും ചില പച്ചിലകളും ചേർത്ത ഫേസ് മാസ്ക്കുകളാണ് ഫേഷ്യലിനായി ഇവർ ഉപയോഗിച്ചിരുന്നു. എന്തിനേറെ ശരീരത്തിന് കാന്തി നൽകാൻ പാലിൽ കുളിയും ഇവരുടെ സൗന്ദര്യ രഹസ്യങ്ങളിലുണ്ടായിരുന്നു. വിശേഷാവസരങ്ങളിൽ സ്വയം അലങ്കരിക്കാനും അല്ലാത്തപ്പോൾ ദൈവങ്ങളെ അലങ്കരിക്കാനും അവർ മേക്കപ്പ് ഉപയോഗിച്ചിരുന്നു.

സൗന്ദര്യസംരക്ഷണത്തിൽ  മുന്നിൽ ഗ്രീക്ക്
സൗന്ദര്യ സംരക്ഷണത്തിന് ഒരു പടി മുന്നിൽ നിന്നത് പുരാതന ഗ്രീക്കുകാരാണ്. സുഗന്ധ തൈലങ്ങൾ, അമൂല്യമായ എണ്ണകൾ, സൗന്ദര്യ വർദ്ധക പൗഡറുകൾ, ഐ ഷാഡോ, സ്കിൻ ഗ്ലോസസ്, പെയ്ന്റുകൾ, ഹെയർ ഡൈ തുടങ്ങി ഇന്ന് വിപണിയിലുള്ള എല്ലാ സൗന്ദര്യ വസ്തുക്കളുടെയും ആദ്യ രൂപം പ്രാചീന ഗ്രീക്കിൽ സുലഭമായിരുന്നു. പ്രകൃതിയിൽ നിന്ന് ലഭിക്കുന്നത് അതേപടി ഉപയോഗിച്ചിരുന്നതായിരുന്നു ഈജിപ്തുകാരുടെ പതിവെങ്കിൽ സൗന്ദര്യ സംരക്ഷണത്തിന് തങ്ങളുടെതായ ശൈലയിൽ പ്രത്യേക കൂട്ടുകളുണ്ടാക്കി അവ സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കുന്നതായിരുന്നു ഗ്രീക്കുകാരുടെ ശൈലി. പാലും ചില പഴങ്ങളും ചേർത്തുണ്ടാക്കിയ പ്രത്യേക മിശ്രിതം പാക്കായി ഉപയോഗിക്കുന്നതായിരുന്നു പൊതുവേയുള്ള രീതി. ഒലിവും ഒലിവ് എണ്ണയുമായിരുന്നു എല്ലാ വസ്തുക്കളുടെ മൂലഘടകം. പാലും തൈരും തേനുമായിരുന്നു യുവത്വം നിലനിർത്താൻ ഉപയോഗിച്ചിരുന്നത്.
യൂറോപ്പിന് പറയാനുള്ളത്
12-ാം നൂറ്റാണ്ട് മുതൽ സൗന്ദര്യവർദ്ധക വസ്തുക്കൾ യൂറോപ്യൻ ജനതയുടെ ഭാഗമാണ്. മൃഗകൊഴുപ്പ് മൂലഘടകമായ ഓയിൽമെന്റുകളാണ് മോയിച്റൈസറായി അവർ ഉപയോഗിച്ചിരുന്നത്. വെളുത്ത തൊലിയോടായിരുന്നു പൊതുഭ്രമം. തൊലി വെളുപ്പിക്കാനും മുഖക്കുരുവിന്റെ അടക്കം പാടുകൾ മാറ്റാനും യൂറോപ്പിലെ നല്ലൊരു ശതമാനം പേരും പരീക്ഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. കറ്റാർവാഴ, റോസ്മേരി, വെള്ളരിക്ക എന്നിവയാണ് ക്ലെൻസറായി ഇവർ ഉപയോഗിച്ചിരുന്നത്. വിവിധ തരം വിത്തുകൾ, ഇലകൾ, പൂക്കൾ എന്നിവ അരച്ച് തേനിൽ ചേർക്ക് ഫേസ് മാസ്ക്കായി ഉപയോഗിച്ചു. ചർമസംരക്ഷണത്തിനായി വിനാഗിരിയും ഉപയോഗിച്ചിരുന്നത്രേ.
ചമയങ്ങളിൽ വന്ന നവോത്ഥാനം
നവോത്ഥാന കാലഘട്ടത്തിൽ സിൽവർ, മെർക്കുറി, ലെഡ് തുടങ്ങിയവ സൗന്ദര്യ വർദ്ധക വസ്തുക്കൾക്ക് നിറം നൽകാനെത്തി. തേനും പാലും ഒലിവ് ഓയിലുമൊക്കെ പതുക്കെ മേശയിൽ നിന്ന് ഒഴിവാക്കി പകരം ചർമം വൃത്തിയാക്കാൻ ബ്യൂം സ്റ്റാൽക്കും, മുഖക്കുരു പ്രശ്നം പരിഹരിക്കാൻ വിനാഗിരിയിൽ വേവിച്ച ഓട്സും കണ്ണുതടങ്ങളിലെ കറുപ്പിന് പരിഹാരമായ റോസ് വാട്ടറിൽ മുക്കിയ ബ്രഡുമൊക്കെ കളം പിടിച്ചടക്കി.
ബെറോക്ക് യുഗം
17 നൂറ്റാണ്ട് അഥവാ ബെറോക്ക് യുഗത്തിൽ ബാഷ്പസ്നാനം അല്ലെങ്കിൽ സ്റ്റീം ബാത്ത്, വിയർപ്പിലൂടെ ശരീരം വൃത്തിയാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങൾ ഏർപ്പെട്ടു. പ്രാചീനകാലത്തെ പാലിൽ കുളിയും പാരമ്പര്യമെന്ന നിലയിൽ 17ാം നൂറ്റാണ്ടിലുമെത്തി. ഹെവി മേക്കപ്പിലാണ് അന്നത്തെ കാലത്തെ ജനങ്ങൾ വിശ്വസിച്ചിരുന്നത്. മേക്കപ്പ് ആഢ്യത്വത്തിന്റെയും ആദരവിന്റെയും ലക്ഷണമായിരുന്നതിനാൽ സ്ത്രീകളും പുരുഷന്മാരും മേക്കപ്പിടുമായിരുന്നു. റൂഷ് (മിനുക്ക്പൊടി) 1780കളിൽ വളരെ പ്രസിദ്ധമായിരുന്നു. രണ്ട് മില്യൻ പാത്രം (പോട്ട്) റൂഷ്  ഒരു വർഷം ഉപയോഗിക്കുമായിരുന്നുവത്രേ. വിനാഗിരിയും മദ്യവും ചുണ്ടു ചുവപ്പിക്കാനും ഉപയോഗിച്ചു.
വെളുപ്പിക്കാൻ ശ്രമിച്ച വിപ്ലവം
കൃത്രിമമായ സൗന്ദര്യവർദ്ധകവസ്തുക്കളോളം വിപണി കീഴടക്കുന്ന മറ്റൊരു ഉത്പന്നമില്ല. ലോകമെമ്പാടുമുള്ള വിപണികളിൽ വിവിധ കമ്പനികളുടെ സോപ്പും ക്രീമും ലോഷനുമൊക്കെ വൻ തോതിൽ വിറ്റഴിയുന്നതിന് കാരണം ഇവ ഉപയോഗിച്ചാൽ സൗന്ദര്യം വർദ്ധിക്കുമെന്ന തെറ്റിദ്ധാരണയല്ലാതെ മറ്റൊന്നുമല്ല. കോളനിവൽക്കരണമാണ് സൗന്ദര്യവർദ്ധക ഭ്രമത്തിന് കാരണമെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. കറുത്തതോ ഇരുണ്ടതോ ആയ ചർമ്മപ്രകൃതിയുള്ള ആളുകളുടെ പ്രദേശത്തേക്ക് വെളുത്തനിറക്കാർ അധിനിവേശം നടത്തിയതോടെയാണ് സൗന്ദര്യസമവാക്യങ്ങൾ മാറിത്തുടങ്ങിയത്. പ്രാദേശികമായതിനെ തുടച്ചുനീക്കി തങ്ങൾക്കനുകൂലമായതിനെ വേരുറപ്പിക്കാനുള്ള കൊളോണിയൽ തന്ത്രങ്ങളുടെ ഒരു ഭാഗം മാത്രമായിരുന്നു ഇതും. വംശീയമായ തനതുകളിൽ വിശ്വാസമർപ്പിക്കുക

യും അതിന്റെ വൈവിദ്ധ്യതയിൽ അഭിമാനം പുലർത്തുകയും ചെയ്തുപോന്ന ജനതയിൽ നിങ്ങൾ കറുത്തവരോ ഇരുണ്ടവരോ ആണെന്നും വെളുപ്പിനാണ് അപ്രമാദിത്തം എന്ന പൊതുബോധം നിർമ്മിച്ചും കോളനിവാഴ്ച്ചയ്ക്കെത്തിയവർ വിജയം കണ്ടു. വർണരാഷ്ട്രീയത്തിന്റെ തുടക്കം അവിടെനിന്നായിരുന്നു. പിന്നീടിങ്ങോട്ട് സൗന്ദര്യവർദ്ധക വസ്തുക്കൾ വിറ്റഴിക്കാൻ എളുപ്പമുള്ള ഒന്നായതും ഈ നിറത്തിന്റെ പേരിലുള്ള അപകർഷത നിലനിന്നതുകൊണ്ടു തന്നെ!
സൗന്ദര്യം വ്യായാമത്തിലൂടെ
വ്യായാമം സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമാകുന്നത് 1800 കളിലാണ്. ഒപ്പം വെളുപ്പ് സുന്ദരിയും സുന്ദരനുമൊക്കെയാകാനുള്ള അളവു കോലായി. അക്കാലത്ത് ചർമം വെളുപ്പിനായി ഉപയോഗിച്ച് സിങ്ക് ഓക്സൈഡിന്റെ പരീക്ഷണങ്ങൾ ചില്ലറ അലർജിക്കൊന്നുമല്ല വഴിവച്ചത്. സ്വാഭാവിക ബ്ലീച്ചായി നാരാങ്ങാനീരും ഉപയോഗിച്ചിരുന്നു. അപ്പോഴും മുട്ടയുടെ വെള്ളയും തേനും ഓട്സുമൊക്കെയും വിപണിയിൽ സുലഭമായിരുന്നു. ലിപ്സ്റ്റിക്കിന്റെയും ബേബി പൗഡറിന്റെയും വാസ്ലിന്റെയുമൊക്കെ കണ്ടുപിടിത്തം സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് പുതിയ വിപണി തുറന്നു.
വിപണി, ബ്രാൻഡുകൾക്ക് സ്വന്തം
കൃത്രിമ സൗന്ദര്യവസ്തുക്കളുടെ ലോകത്ത് ഒരു വിസ്ഫോടനം തന്നെ 1900കളിലുണ്ടായി. ഇന്ന് കാണുന്ന തരത്തിലേക്ക് വിപണി വളർന്ന് പന്തലിച്ചു തുടങ്ങുന്നതും അക്കാലത്താണ്. ആധുനിക മേക്കപ്പ് എന്ന പിതാവിനെ പലപ്പോഴും മാക്സ് ഫാക്ടർ വിശേഷിപ്പിക്കുന്നു.
ഇന്ത്യയ്ക്കുമുണ്ടൊരു ചമയ ചരിത്രം
സിന്ധുനദിതട സംസ്കാര കാലം മുതൽ ഇന്ത്യയിൽ സ്ത്രീകളും പുരുഷന്മാരും അഴക് വർദ്ധിപ്പിക്കാൻ ചമയങ്ങൾ ഉപയോഗിച്ചിരുന്നുവെന്നതിന് തെളിവുണ്ട്. പുറംമോടിക്കായി മാത്രമായിരുന്നില്ല, പ്രാചീന ഇന്ത്യയിൽ സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിച്ചിരുന്നത്. ആരോഗ്യത്തിനായും ആയുസിനായും ആനന്ദത്തിനായുമൊക്കെയായിരുന്നു അത്. ഋതുക്കൾക്ക് അനുസരിച്ചും ദിനചര്യകൾക്ക് അനുസരിച്ചും അവ വ്യത്യാസപ്പെട്ടു. ആയുർവേദമായിരുന്നു സർവതിനും മൂലഘടകം. പാർശ്വഫലങ്ങൾ ഇല്ലാത്തതായിരുന്നു ഇതിന്റെ ചികിത്സകൾ. ഉദാഹരണത്തിന്, കടലപ്പൊടി, കറിവേപ്പില, തൈര് എന്നിവ ഉപയോഗിച്ച് ഒരു ഹെയർ മാസ്ക് . മഞ്ഞൾ, ത്രിഫല, നെല്ലിക്ക, താന്നി, കടുക്ക, നാഗകേസരം, തിപ്പലി, ചുക്ക് തുടങ്ങിയ ആയുർവേദ സൗന്ദര്യ ചികിത്സയിൽ ഉപയോഗിക്കുന്ന സസ്യങ്ങൾ, മുൾട്ടാനി മിട്ടി എന്നിങ്ങനെ നാനാതരത്തിലുള്ള സാധനങ്ങൾ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിച്ചിരുന്നു. ചർമ്മത്തിന്റെ തിളക്കത്തിനായി വ്യത്യസ്തകഷായങ്ങളും ഉപയോഗിച്ചു.

300 ബി.സി മുതൽ നെയിൽ പോളിഷ്
300 ബി.സിയിൽ നെയിൽ പോളിഷിന്റെ ആവിർഭാവം കാണാം. ചിലർ പശയും മുട്ടയുടെ വെള്ളയും ഉപയോഗിച്ചിരുന്നു. നഖങ്ങളുടെ നിറം പലപ്പോഴും സാമൂഹ്യ സ്ഥിതിയെ പ്രതിനിധീകരിക്കുന്നു. ചൗ രാജവംശക്കാലത്ത് (ഏകദേശം 600 ബിസി) സ്വർണവും വെള്ളിയുമായിരുന്നു നഖങ്ങളിൽ ഇടംപിടിച്ച നിറങ്ങൾ. പിന്നീട്, റോയൽറ്റി ബ്ലാക്ക് അല്ലെങ്കിൽ റെഡ് നിറം ധരിച്ച് തുടങ്ങി. താഴ്ന്ന റാങ്കിലുള്ള സ്ത്രീകൾക്ക് ഇളം നിറങ്ങൾ ധരിക്കാൻ അനുവദിച്ചിരുന്നു. എന്നാൽ, ഇതിനേക്കാളൊക്കെ കൗതുകമുണർത്തുന്ന മറ്റൊരു കാര്യം ആധുനിക നെയിൽ പോളിഷ് യഥാർത്ഥത്തിൽ കാർ പെയിന്റെ വ്യതിയാനമാണ് എന്നതാണ്.