karat

തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വർണക്കടത്തുകേസിൽ തനിക്കെതിരായി കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായരുടെ ഭാര്യ നൽകിയ മൊഴി കാരാട്ട് റസാഖ് എം എൽ എ നിഷേധിച്ചു. തന്റെ പേര് പരാമർശിക്കപ്പെട്ടത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.

'റമീസിനെയോ മറ്റ് പ്രതികളെയോ അറിയില്ല. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ഒരു ബന്ധവുമില്ല. സന്ദീപിന്റെ ഭാര്യയുട‌െ മൊഴിക്ക് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാകാം. മൊഴി വിശ്വസനീയമല്ല. പ്രത്യേക അജണ്ട വച്ചുളള അന്വേഷണം ശരിയല്ല. അന്വേഷണ ഏജൻസികൾ എന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല'- അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ കാരാട്ട് റസാഖ് എം എൽ എയ്ക്കും കാരാട്ട് ഫൈസലിനും പങ്കുള്ളതായി പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ നൽകിയി മൊഴി ഇന്നാണ് പുറത്തുവന്നത്. റമീസ് സ്വർണം കടത്തിയത് റസാഖിനും ഫൈസലിനും വേണ്ടിയാണെന്നാണ് സൗമ്യ മൊഴി നൽകിയത്. ജൂലായ് എട്ടിനാണ് കസ്റ്റംസ് സൗമ്യയെ വിളിച്ച് മൊഴിയെടുത്തത്.സ്വർണക്കടത്ത് സ്വപ്‌നയുടെ ഒത്താശയോടുകൂടിയാണെന്നും മൊഴിയിൽ പറയുന്നു.

സ്വർണക്കടത്തിനെ താൻ എതിർത്തപ്പോൾ സന്ദീപ് ഉപദ്രവിച്ചെന്നും സൗമ്യ മൊഴി നൽകിയിട്ടുണ്ട്. സ്വപ്ന സുരേഷിനെ പുറത്ത് വിട്ടാൽ രാജ്യത്തിന് സാമ്പത്തിക ഭീഷണിയാണെന്ന് ചൂണ്ടികാട്ടി കേന്ദ്ര ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയ്ക്ക് കസ്റ്റംസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൗമ്യയുൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയത്. കാരാട്ട് ഫൈസലിനെ മുമ്പ് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.