
മിഷിഗൺ: ലോട്ടറിയിൽ സമ്മാനം കിട്ടണമെങ്കിൽ ചില്ലറ ഭാഗ്യമൊന്നും പോര. കടാക്ഷിക്കണമെന്ന് തോന്നിയാൽ ഭാഗ്യദേവത എങ്ങനെയും അത് നടത്തിയിരിക്കും. അങ്ങനെ ഭാഗ്യദേവതുടെ ഇരട്ട കടാക്ഷം കിട്ടിയതിന്റെ ഞെട്ടലിലാണ് മിഷിഗൺ സ്വദേശിയായ സമീർ മസാഹെം. ഒറ്റയടിക്ക് ഇരട്ട ജാക്പോട്ടാണ് കക്ഷിക്ക് കിട്ടിയത്. ഇതിലൂടെ പോക്കറ്റിലെത്തിയത് പതിനഞ്ച് കോടിയിലേറെ രൂപയാണ്.
ഒരു അബദ്ധമാണ് സമീർ മസാഹെയെ ഞൊടിയിടകൊണ്ട് കോടീശ്വരനാക്കിയത്. ജാക്പോട്ടിന്റെ ടിക്കറ്റായതിനാൽ വില അല്പം കൂടുതലായിരുന്നു. അതിനാൽ ഒരു ടിക്കറ്റെടുക്കാനായിരുന്നു സമീർ തീരുമാനിച്ചത്. പക്ഷേ, ഓൺലൈൻവഴി ടിക്കറ്റ് വാങ്ങിയപ്പോൾ രണ്ടെണ്ണമായിപ്പോയി. പറ്റിയ അബദ്ധം തിരിച്ചറിയാൻ അല്പം വൈകി. ഒരുടിക്കറ്റിന്റെ പൈസ വെറുതേ പോയി എന്ന് വേവലാതിപ്പെട്ടിരിക്കുമ്പോഴാണ് ജാക്പോട്ടിന്റെ ഫലം വന്നത്. സമ്മാനം കിട്ടുമെന്ന് ഒരു പ്രതീക്ഷയും ഇല്ലാത്തതിനാൽ ആദ്യമൊന്നും ഫലം നോക്കിയില്ല. ഒടുവിൽ ആരാണ് ഭാഗ്യവാൻ എന്നറിയാനായി ഫലം നോക്കി.
താനെടുത്ത ടിക്കറ്റിന് ജാക്ക്പോട്ടുണ്ടെന്ന് കണ്ടെങ്കിലും വിശ്വാസമായില്ല. വീണ്ടും വീണ്ടും നോക്കി. ഒടുവിൽ ഉറപ്പിച്ചു. അപ്പോഴാണ് രണ്ടാമത്തെ ടിക്കറ്റിനെക്കുറിച്ച് ഓർമ്മവന്നത്. അതും നോക്കി. ശരിക്കും ബോധം കെട്ടുപോകുമോ എന്ന് തോന്നിപ്പോയി. ആ ടിക്കറ്റിനും ജാക്പോട്ട് അടിച്ചിരിക്കുന്നു. ഞെട്ടൽ മാറാൻ കുറേയെറെ സമയം വേണ്ടിവന്നു. പക്ഷേ, സമ്മാനങ്ങൾ രണ്ടും തനിക്കാണെന്ന് വിശ്വസിക്കാൻ സമീറിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
സമ്മാനത്തുക എന്തുചെയ്യണമെന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് സമീർ പറയുന്നത്.കുറച്ചുപണം കൊണ്ട് അത്യാവശ്യ സൗകര്യമുളള വീട് വാങ്ങണം. ബാക്കിത്തുക സുരക്ഷിതമായി നിക്ഷേപിക്കണം. അതുമാത്രമാണ് ഇപ്പോഴത്തെ ആഗ്രഹം.