tn-seema-bjp

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ മുന്നണികളിൽ ചർച്ചകൾ സജീവം. ഭൂരിഭാഗം വാർഡുകളിലും സ്ഥാനാർത്ഥികളുടെ സാദ്ധ്യത ലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞു. പലതും ജില്ലാഘടകങ്ങളുടെ മുന്നിലാണ്. ഭൂരിപക്ഷം നേടിയാൽ മേയറാകാൻ പ്രാപ്തിയുള്ളവരെ കണ്ടെത്തി ഉറപ്പുള്ള സീറ്രുകളിലേക്ക് നിയോഗിക്കുന്ന അണിയറ നീക്കങ്ങളും പുരോഗമിക്കുകയാണ്. മേയർ സ്ഥാനം വനിതാസംവരണമായതിനാൽ ആലോചനകളും പുനരാലോചനകളും തകൃതിയായി നടക്കുന്നു. ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷയോടെ സി.പി.എമ്മാണ് ഇക്കാര്യത്തിൽ ഒരുപടി മുന്നിൽ. പലപേരുകളും മേയർ സ്ഥാനാർത്ഥിയെന്ന നിലയിൽ ഉയർന്നിട്ടുണ്ടെങ്കിലും സംസ്ഥാന കമ്മിറ്റി അംഗം ടി.എൻ. സീമയുടെ പേരിനാണ് നിലവിൽ മുൻതൂക്കം.

ഹരിതകേരളം മിഷൻ ചെയർപേഴ്സണാണ് ടി.എൻ. സീമ. രാജ്യസഭാ അംഗമെന്ന നിലയിൽ ഉൾപ്പെടെ പ്രവർത്തിച്ച പരിചയം സീമയ്ക്ക് തുണയാണ്. സീമ താമസിക്കുന്ന മുട്ടത്തറ വാർഡ് ഇക്കുറി ജനറൽ വാർഡാണ്. സി.പി.എമ്മിന് ശക്തമായ അടിത്തറയുള്ള മുട്ടത്തറയിൽ നിന്ന് സീമയെ കോർപറേഷനിലെത്തിക്കാനാണ് ആലോചന. സുരക്ഷിതമായ മറ്റുവാർഡുകളും പരിഗണനയിലുണ്ട്. നിലവിൽ കോർപറേഷനിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയായ പുഷ്പലതയും മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗം എം.ജി. മീനാംബികയും സാദ്ധ്യതാ പട്ടികയിലുണ്ട്. മേയർ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ബി.ജെ.പിയിൽ സജീവചർച്ചകൾ ഉയർന്നിട്ടില്ല. ഇക്കാര്യത്തിൽ ഇരുകൂട്ടരുടെയും നീക്കം മനസിലാക്കി ചുവടുവയ്ക്കാമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ.


സ്ഥാനാർത്ഥികളാകാൻ തിരക്ക്
അധികാരത്തിലുള്ള ഇടതുമുന്നണി സ്ഥാനർത്ഥികളെ ആദ്യം പ്രഖ്യാപിക്കാനാണ് സാദ്ധ്യത. ചർച്ചകൾ പൂർത്തിയായി, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കും. ബി.ജെ.പി മണ്ഡലാടിസ്ഥാനത്തിൽ ലിസ്റ്റുകൾ ജില്ലാകമ്മിറ്റിയിലേക്ക് നൽകി തുടങ്ങി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാൽ മതിയെന്നാണ് ബി.ജെ.പി നിലപാട്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ഭരണം പിടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. യു.ഡി.എഫിലെ ചർച്ചകൾ ഇന്നു മുതൽ സജീവമാകും. യു.ഡി.എഫ് ചെയർമാൻ, കൺവീനർ, ഡി.സി.സി പ്രസിഡന്റ് എന്നിവർ ഇന്ന് ഉച്ചയ്ക്ക് പ്രാഥമിക യോഗം ചേരും. സ്ഥാനാർത്ഥി നിർണയത്തിൽ കഴിഞ്ഞ തവണയുണ്ടായ പാളിച്ച പാഠമാക്കി ശ്രദ്ധയോടെ നീങ്ങാനാണ് യു.ഡി.എഫ് ശ്രമം.