ബീജിംഗ്: നമ്മള്‍ പാറ്റകളെ വീടുകളില്‍ നിന്ന് തുരത്താന്‍ നോക്കുമ്പോള്‍, ചൈനയില്‍ ആളുകള്‍ അവയെ വളര്‍ത്തുകയാണ്. ചൈനയിലെ ഏറ്റവും വലിയ പാറ്റ ഫാമില്‍ 6000 കോടി പാറ്റകളെയാണ് വളര്‍ത്തുന്നതെന്നാണ് പറയുന്നത്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചാങ് നഗരത്തിലാണ് ഗുഡ്ഡോക്ടര്‍ എന്ന ആ ഫാം സ്ഥിതിചെയ്യുന്നത്. അവിടെ ഇടുങ്ങിയ വഴികളുടെ ഇരുവശത്തുമുള്ള അലമാരകളില്‍ പാറ്റകള്‍ നിറഞ്ഞിരിക്കുകയാണ്. രണ്ട് സ്‌പോര്‍ട്സ് മൈതാനത്തിന്റെ വലിപ്പത്തിലുള്ള ഒരു ബഹുനില കെട്ടിടമാണ് അത്.
ഈ ജീവികള്‍ നമുക്ക് അറപ്പുളവാക്കുന്ന ഒന്നാണെങ്കിലും, ചൈനയില്‍ ഇവ നല്ല വരുമാനം കൊണ്ടുവരുന്ന ഒരു പ്രധാന ബിസിനസാണ്. പാറ്റകളെ വളര്‍ത്തുന്ന ഫാമുകള്‍ ചൈനയില്‍ കുതിച്ചുയരുന്ന ഒരു വ്യവസായമായി മാറിയിരിക്കുന്നു. ചൈനയില്‍ പാറ്റ വളര്‍ത്തല്‍ ഫാമുകളുടെ വിവരങ്ങള്‍ ആദ്യമായി പുറത്തുവന്നത് 2013 ല്‍ ലോസ് ഏഞ്ചല്‍സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ്. അക്കാലത്ത് രാജ്യത്ത് 100 പാറ്റ ഫാമുകള്‍ ഉണ്ടായിരുന്നു. ഇന്നത് ഇരട്ടിയാണ്.

ചൈനീസ് നഗരങ്ങളില്‍ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഭക്ഷ്യമാലിന്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍, പാറ്റകള്‍ ഇവ കഴിക്കുന്നതിലൂടെ മാലിന്യങ്ങളെ ഇല്ലാതാക്കാനും സാധിക്കും. കിഴക്കന്‍ ഷാന്‍ഡോംഗ് പ്രവിശ്യയുടെ തലസ്ഥാനമായ ജിനാന്റെ പ്രാന്തപ്രദേശത്ത്, ഒരു ബില്യണ്‍ പാറ്റകള്‍ ഒരുദിവസം 50 ടണ്‍ അടുക്കള മാലിന്യങ്ങള്‍ കഴിക്കുന്നുണ്ടെന്നാണ് പറയുന്നത്. വെളുപ്പാന്‍ കാലമാവുമ്പോള്‍ ഭക്ഷ്യമാലിന്യം ഫാമുകളില്‍ എത്തുന്നു. അവിടെയുള്ള പൈപ്പുകളിലൂടെ പാറ്റകളുടെ ആഹാരമായി അവ മാറുന്നു. ഒടുവില്‍ ചാവുമ്പോള്‍ കന്നുകാലികള്‍ക്ക് പോഷകം നിറഞ്ഞ ആഹാരമായും ഈ പാറ്റകള്‍ മാറുന്നു. അതേസമയം ഗുഡ്‌ഡോക്ടര്‍ ഫാമില്‍, ഇതിനെ മരുന്നിനായി ഉപയോഗിക്കുന്നു. പാറ്റകള്‍ക്ക് ആറുമാസമാകുമ്പോള്‍ അവയെ ആവി കൊള്ളിച്ച് കഴുകി ഉണക്കുന്നു. തുടര്‍ന്ന് പോഷകങ്ങള്‍ വേര്‍തിരിച്ചെടുക്കാനായി ഒരു വലിയ ടാങ്കില്‍ അവയെ നിക്ഷേപിക്കുന്നു.
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ പാറ്റ ഫാം നടത്തിപ്പുകാരനായ ലി ബിങ്കായ് പാറ്റകളെ വളര്‍ത്തുന്നത് മനുഷ്യര്‍ക്ക് കഴിക്കാനായിട്ടാണ്. ഫാമിനടുത്തുള്ള ഒരു റെസ്റ്റോറന്റില്‍ ഷെഷ്വാന്‍ സോസില്‍ മുക്കി പാറ്റകളെ വറുക്കും എന്നും റിപ്പോര്‍ട്ട്. പാറ്റയെ കഴിക്കുന്നതുവരെ ഇത് ഇത്ര സ്വാദുള്ള ഒന്നാണെന്ന് പലരും തിരിച്ചറിയുന്നില്ല. അമേരിക്കന്‍ കോക്രോച്ച് എന്നറിയപ്പെടുന്ന ഒരിനമാണ് അദ്ദേഹം വളര്‍ത്തുന്നത്. ആമാശയത്തിലെ അള്‍സര്‍, ശ്വാസകോശ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പുറമെ ടോണിക്കായി പോലും പല ആളുകളും ഇതിനെ കഴിക്കുന്നു. ബ്യൂട്ടി മാസ്‌കുകള്‍, ഡയറ്റ് ഗുളികകള്‍, മുടി കൊഴിച്ചില്‍ തടയുന്നതിനുള്ള മരുന്നുകള്‍ എന്നിവയില്‍ പാറ്റയെ ഉപയോഗിക്കുന്നതിനെ കുറിച്ചും ഗവേഷണം നടത്തി വരികയാണ്.
കഴിഞ്ഞ വര്‍ഷം അദ്ദേഹം ഒരു ടണ്‍ ഉണങ്ങിയ പാറ്റകളെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിക്ക് വിറ്റത് ഒമ്പത് ലക്ഷത്തിനാണ്. കൂടാതെ അതിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞതിനുശേഷം റെസ്റ്റോറന്റുകളില്‍ ഇപ്പോള്‍ പാറ്റ പൊരിച്ചതിന് വന്‍ ഡിമാന്‍ഡാണ് എന്നും അവിടെ ഉള്ളവര്‍ പറയുന്നു'ഒരുപാട് ഗുണങ്ങള്‍ ഈ പ്രാണിക്കുണ്ട്. അവ സ്വര്‍ണ്ണം പോലെ വിലപിടിപ്പുള്ളതാണ്. അവ എനിക്ക് എന്റെ മക്കളെപ്പോലെയാണ് എന്നും പറയുന്നു.