
ലക്നൗ: ചൈനയ്ക്കും പാകിസ്ഥാനുമെതിരെ ഇന്ത്യ യുദ്ധം ചെയ്യുന്ന തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിട്ടുണ്ട്- ഉത്തർപ്രദേശിലെ ബി ജെ പി അദ്ധ്യക്ഷൻ സ്വതന്ത്രദേവ് സിംഗാണ് അല്പം കടന്ന പരാമർശം നടത്തിയത്. പാർട്ടി എം എൽ എ സഞ്ജയ് യാദവിന്റെ വീട്ടിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു വിവാദ പരാമർശം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ജമ്മുകാശ്മീരിനുളള പ്രത്യേക അവകാശങ്ങൾ റദ്ദാക്കിയത്, രാമക്ഷേത്ര നിർമ്മാണം എന്നിവയെക്കുറിച്ച് പരാമർശിക്കവെയായിരുന്നു സ്വതന്ത്രദേവ് യുദ്ധംതീരുമാനിച്ച കാര്യവും വെളിപ്പെടുത്തിയിത്. 'രാമക്ഷേത്ര നിർമ്മാണം, ആർട്ടിക്കിൾ 370 തുടങ്ങിയവയിലെ തീരുമാനങ്ങൾ പോലെ പാകിസ്ഥാനും ചൈനയുമായും എപ്പോൾ യുദ്ധം നടത്തണമെന്ന കാര്യത്തിലും പ്രധാനമന്ത്രി നരേന്ദ്രേമാേദി തീരുമാനിച്ചിട്ടുണ്ട് '-അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പ്രഖ്യാപിത നയങ്ങൾക്ക് എതിരാണ് സ്വതന്ത്രദേവ് സിംഗിന്റെ പരാമർശങ്ങൾ. 'ചൈനയുമായുളള അതിർത്തി സംഘർഷം അവസാനിപ്പിക്കാനും ഇന്ത്യ ആഗ്രഹിക്കുന്നു. ഇതാണ് ഞങ്ങളുടെ ലക്ഷ്യം. പക്ഷേ, ചില സമയങ്ങളിൽ ചില അനിഷ്ട സംഭവങ്ങൾ ഉണ്ടാവുന്നു'എന്നാണ് ഇന്നലെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടത്.
പാർട്ടിപ്രവർത്തകരുടെ മനോവീര്യം വർദ്ധിപ്പിക്കാൻവേണ്ടിയാണ് സ്വതന്ത്രദേവ് യുദ്ധപ്രഖ്യാപന പ്രസ്താവന നടത്തിയതെന്നാണ് ചില പാർട്ടി നേതാക്കൾ പറയുന്നത്. പ്രസ്താവന ഇതികം വിവാദമായെങ്കിലും മുതിർന്ന നേതാക്കളാരും പ്രതികരിച്ചിട്ടില്ല.